ഓര്‍മ്മകളുണര്‍ത്തി മേളയുടെ സ്മരണിക

0

ഇരുപത് വര്‍ഷത്തെ ചലച്ചിത്രമേളയുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന സ്മരണിക ചലച്ചിത്ര അക്കാദമി പുറത്തിറക്കി. യൗവ്വനത്തിലേക്കുളള തിരിച്ചുപോക്കിന് സ്മരണിക വഴിയൊരുക്കിയെന്ന് ഫിലിം എഡിറ്റര്‍ ബീനാ പോള്‍ അഭിപ്രായപ്പെട്ടു.

ആദ്യകാലങ്ങളില്‍ എങ്ങിനെയാണ് ചലച്ചിത്രമേളയ്ക്ക് ക്യൂറേറ്റര്‍മാരെ കണ്ടെത്തിയതെന്ന് അവര്‍ അനുസ്മരിച്ചു. ഏതോ സിനിമാലേഖനത്തില്‍ വായിച്ച പേരുകേട്ടാണ ഗയാന സ്വദേശിയായ ജൂണ്‍ ജുവാനിയ്ക്ക് താന്‍ കത്തയക്കുന്നത്. അങ്ങിനെ തൊട്ടടുത്ത വര്‍ഷംമുതല്‍ അവര്‍ ചലച്ചിത്രമേളയുടെ ഭാഗമായെന്നും ബീന പോള്‍ ഓര്‍മ്മിച്ചു. കണ്ടുമുട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്തവരില്‍കൂടി അങ്ങിനെ ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കാന്‍ ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനുമായ സി.എസ് വെങ്കിടേശ്വരനാണ് സ്മരണികയുടെ എഡിറ്റര്‍. ചലച്ചിത്രോത്സവത്തിന്റെ 20 വര്‍ഷത്തെ കഥ പറയുന്ന 242 പേജുളള സ്മരണികയില്‍ നിരവധി മുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

പേര് അന്വര്‍ത്ഥമാക്കുന്നതു പോലെ ഒരു ഓര്‍മ്മപ്പെടുത്തലാണിതെന്ന് സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ ഒരിക്കല്‍ കൂടിഓര്‍ക്കാന്‍ ചലച്ചിത്രപ്രേമികള്‍ക്ക് അവസരമാെരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചലച്ചിത്രമേളയുടെ ചരിത്രം വിളിച്ചോതുന്ന സ്മരണികയിലേക്ക് പ്രശസ്തരായ നിരവധി സംവിധായകരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

Stories by Team YS Malayalam