വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷനൂടെ ശ്രദ്ധേയനായി മുഹമ്മദ് സഹല്‍

വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷനൂടെ ശ്രദ്ധേയനായി മുഹമ്മദ് സഹല്‍

Wednesday March 23, 2016,

2 min Read


പഠിത്തത്തിനിടയില്‍ നേരമ്പോക്കിനായി വികസിപ്പിച്ചെടുത്ത ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ശ്രദ്ധേയനാകുകയാണ് മുഹമ്മദ് സഹല്‍ എന്ന കൊച്ചുമിടുക്കന്‍. പഠിത്തവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് അകന്ന് താമസിക്കുമ്പോള്‍ ഭക്ഷണ കാര്യത്തിലും മറ്റും ഏതൊരു വിദ്യാര്‍ഥിക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഹലിനെ വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് നയിച്ചത്.

image


ഇന്ന് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന കണ്ടുപിടിത്തവുമായി ചര്‍ച്ചയാകുകയാണ് ഈ 20 വയസ്സുകാരനും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സഹല്‍. മംഗലാപുരം പി എ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ് മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് സഹല്‍. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഉപകരണത്തിന്‍മേലാണ് ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍. സ്വന്തമായി രൂപ കല്‍കല്‍പ്പന ചെയ്തുണ്ടാക്കിയ ഈ ഉപകരണത്തിന് വെറും 578 രൂപ മാത്രമാണ് ചെലവ്.

ഇതുവരെ വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിച്ച് മാത്രമേ പാചകം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ സഹല്‍ നിര്‍മിച്ച ഉപകരണത്തിന്‍ മേല്‍ മണ്‍പാത്രം മുതല്‍ ഇരുമ്പ് വരെ ഉപയോഗിച്ച് പാചകം ചെയ്യാം. മാത്രമല്ല മൊബൈല്‍ ഫോണ്‍ ഈ ഉപകരണത്തിന് മീതെ വെച്ചാല്‍ തനിയെ ചാര്‍ജ്ജാകുകയും ചെയ്യും. കൂടാതെ ഇസ്തിരി ഇടാനും സാധിക്കും. പാല്‍ തിളച്ചാല്‍ പതഞ്ഞ് പുറത്ത് പോകുന്നതിന് മുമ്പേ ഓട്ടോമാറ്റിക് സംവിധാനത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓഫാകും. മാത്രമല്ല പാചകം ചെയ്യുമ്പോള്‍ എത്ര യൂനിറ്റ് വൈദ്യുതിയായി എന്നതും സ്‌ക്രീനില്‍ തെളിയും. ഇങ്ങനെ 29 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഉപകരണം വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

image


ചെറുപ്പം മുതലേ ഇലക്‌ട്രോണിക്‌സ് വസ്തുക്കളില്‍ തത്പരനായ സഹലിന്റെ ഈ പുതിയ മാതൃകക്ക് മംഗലാപുരംത്ത് നടന്ന ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് പ്രസന്റേഷന്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേറ്റേഴ്‌സ് ആന്‍ഡ് എന്റര്‍പ്രൈസസില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത് കര്‍ണാടകയിലെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

image


സഹലിന്റെ ഈ പ്രതിഭ തിരിച്ചറിഞ്ഞ ഇന്ത്യയിലെ പ്രധാന രണ്ട് കമ്പനികളുടെ പ്രതിനിധികള്‍ വന്‍ ശമ്പളത്തോടെ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സ്വന്തമായി പേറ്റന്റ് നേടി വ്യാവസായികാടിസ്ഥാനത്തില്‍ ഇത് വിപണിയിലെത്തിക്കാനും സഹലിന് പദ്ധതിയുണ്ടെങ്കിലും ഇപ്പോള്‍ പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇതിന്റെ പുതിയ മാതൃക നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സഹല്‍. വൈറ്റമിന്‍ സി എന്ന മൊബൈല്‍ ആപ്ലിക്കേഷന് ഇതിനോടകം പേറ്റന്റ് ലഭിച്ച് കഴിഞ്ഞു. കൂടാതെ വൈറ്റമിന്‍- സി ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൂക്കളൊത്തൂര്‍ സ്വദേശികളായ റിട്ടയേര്‍ഡ് പി ഡബ്ല്‌യു ഡി ഓവര്‍സിയറായ മുഹമ്മദ് ഹുസൈന്റെയും തോട്ടക്കാട് എ യു പി സ്‌കൂള്‍ അധ്യാപികയായ ജമീലയുടെയും മകനാണ് മുഹമ്മദ് സഹല്‍.