സ്‌നേഹത്തിന്റെ ഇളം ചൂടുള്ള കൈകളില്‍ നിന്ന് ഈന്തപ്പഴ പാക്കറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞു മുഖങ്ങളില്‍ മധുരമുള്ള പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരി അവിടെ കൂടിയിരുന്നവരുടെ മനസ് നിറച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്തെ യു. എ. ഇ കോണ്‍സുലേറ്റ് ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ചേര്‍ന്ന് ശ്രീ ചിത്രാ ഹോമിലെയും പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലെയും കുട്ടികള്‍ക്കാണ് ഈന്തപ്പഴം വിതരണം ചെയ്തത്.
ഇന്ത്യാ യു. എ. ഇ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 18 ടണ്‍ ഉന്നത നിലവാരത്തിലുള്ള ഈന്തപ്പഴം യു. എ. ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതില്‍ 10 ടണ്‍ കേരളത്തിന് ലഭിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഹോമുകള്‍, ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങള്‍, ബഡ്‌സ് സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിന്റെ തുടക്കമാണ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും യു. എ. ഇ കോണ്‍സുലേറ്റും ചേര്‍ന്ന് നിര്‍വഹിച്ചത്. 15 കുട്ടികളാണ് ഇന്നലെ ഈന്തപ്പഴം ഏറ്റുവാങ്ങിയത്. പൂജപ്പുഴ ചില്‍ഡ്രന്‍സ് ഹോമിലെ ആറാം ക്ലാസുകാരന്‍ സതീഷാണ് ആദ്യ പാക്കറ്റ് സ്വീകരിച്ചത്. കേരളത്തില്‍ 40,000 കുട്ടികള്‍ക്ക് 250 ഗ്രാം വീതം ഈന്തപ്പഴമാണ് വിതരണം ചെയ്യുക. കേരളവും യു. എ. ഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റംസാന്‍ വ്രതം ആരംഭിക്കുന്ന വേളയിലാണിതെന്ന പ്രത്യേകതയുമുണ്ട്. മലയാളികളുടെ നിറഞ്ഞ സാന്നിധ്യമാണ് യു. എ. ഇയില്‍. ഏറെ സ്‌നേഹവായ്‌പോടെയും ഹൃദയവിശാലതയോടെയും മറ്റു രാജ്യക്കാരെ സ്വീകരിച്ചു എന്ന വലിയ പ്രത്യേകത യു. എ. ഇയ്ക്കുണ്ട്. ഈ സമ്മാനം കേരളത്തിന് നല്‍കിയതിലൂടെ കേരളത്തോടും ഇവിടത്തെ ജനങ്ങളോടുമുള്ള യു. എ. ഇയുടെയും അവിടത്തെ ഭരണത്തലവന്റെയും കരുതലാണ് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം 2788 , കൊല്ലം 2284, പത്തനംതിട്ട 960, ആലപ്പുഴ 936, കോട്ടയം 3272, ഇടുക്കി 2363, എറണാകുളം 4242, തൃശൂര്‍ 5029, പാലക്കാട് 4051, മലപ്പുറം 4780, കോഴിക്കോട് 3024, വയനാട് 2345, കണ്ണൂര്‍ 2043, കാസര്‍കോട് 1777 കുട്ടികള്‍ക്കാണ് ഈന്തപ്പഴം നല്‍കുന്നത്.
Related Stories
Stories by TEAM YS MALAYALAM