ട്രാവല്‍ പ്ലാനേഴ്‌സിന് സംസ്ഥാന ടൂറിസം അവാര്‍ഡ്  

0

ടൂറിസത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സമര്‍ഥമായ ഉപയോഗത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ് ടൂര്‍ ഓപ്പറേറ്ററായ ദ് ട്രാവല്‍ പ്ലാനേഴ്‌സിനു ലഭിച്ചു. വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറി.

ഉപഭോക്തൃ സൗഹൃദപരമായ സംവിധാനങ്ങള്‍ക്കും കേരള ടൂറിസത്തിന്റെ പ്രചാരണത്തിനും ആഗോള ഉപഭോക്താക്കളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിനും ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും സമയോചിതവും അര്‍ഥവത്തുമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണ് ട്രാവല്‍ പ്ലാനേഴ്‌സിനു ലഭിച്ചത്. കേരള ടൂറിസം പ്രമേയമാക്കി ട്രാവല്‍ പ്ലാനേഴ്‌സ് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഹ്രസ്വവിഡിയോ മൂന്നുലക്ഷത്തോളം പേരാണു കണ്ടത്.

ഉല്ലാസയാത്രകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം സമീപകാലത്ത് ഏറെ കൂടിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളും ഇന്റര്‍നെറ്റും വഴിയുള്ള പ്രചാരത്തിലൂടെ ഡിജിറ്റല്‍ ലോകത്ത് പരമാവധി സാന്നിധ്യമുറപ്പിക്കാന്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണെന്നും മുന്‍പ് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ട്രാവല്‍ പ്ലാനേഴ്‌സിന്റെ സിഇഒ അനീഷ് കുമാര്‍ പറഞ്ഞു. കേരളത്തിലും ഇന്ത്യയിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സംസ്‌കാരം, ജീവിതശൈലി, സുസ്ഥിരത, ഉത്തരവാദിത്ത ടൂറിസം എന്നിവയെപ്പറ്റി യഥേഷ്ടം വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ ഈ മാധ്യമങ്ങളിലൂടെ തന്നെ ആള്‍ക്കാരെ പ്രേരിപ്പിക്കുകയാണ് തങ്ങളെന്നും അനീഷ് പറഞ്ഞു. ചിത്രങ്ങളും കൗതുകകരങ്ങളായ വസ്തുതകളും വിജ്ഞാനപ്രദമായ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതു വഴിയാണ് ഇതു സാധ്യമാക്കുന്നതെന്നും അനീഷ് വ്യക്തമാക്കി.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രാവല്‍ പ്ലാനേഴ്‌സ് ദക്ഷിണേന്ത്യന്‍ യാത്രകള്‍ക്കായി ഒട്ടേറെ റെഡിമെയ്ഡ് ടൂര്‍ പാക്കേജുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള യാത്രകള്‍ക്കായി വ്യത്യസ്ത വെബ്‌സൈറ്റുകള്‍ വഴിയാണ് സൗകര്യമൊരുക്കുന്നത്. കുടുംബവുമൊത്തുള്ള ഉല്ലാസയാത്രകള്‍ക്കായി keralatourpackages.com, മധുവിധു യാത്രകള്‍ക്കായി www.keralahoneymoon.com, സുഖചികില്‍സാ യാത്രകള്‍ക്കായി www.india-ayurveda.com എന്നീ വെബ്‌സൈറ്റുകള്‍ വഴി സേവനം നല്‍കുന്നു.സ്ഥിരമായി പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ട്രാവല്‍ പ്ലാനേഴ്‌സിന്റെ സമൂഹമാധ്യമ താളുകള്‍ രാജ്യാന്തര സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. https:www.facebook.com/thetravelplanners എന്ന ഫെയ്‌സ്ബുക്ക് പേജിന് 6800 ഫോളോവേഴ്‌സാണുള്ളത്. ട്വീറ്ററില്‍ ഒന്‍പതിനായിരത്തിലേറെയും ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരത്തിലേറെയും ലിങ്ക്ഡ്ഇന്നില്‍ അയ്യായിരത്തിലേറെയും ഫോളോവേഴ്‌സുണ്ട്. ഏറ്റവും നൂതനമായ ടൂറിസം ഉല്‍പ്പന്നത്തിനുള്ള സംസ്ഥാന ടൂറിസം അവാര്‍ഡും നേരത്തെ ദ് ട്രാവല്‍ പ്ലാനേഴ്‌സ് നേടിയിട്ടുണ്ട്.