വാള്‍മാര്‍ട്ടില്‍ നിന്ന് മണ്ണിലിറങ്ങിയ വിജയഗാഥ

0

വാള്‍മാര്‍ട്ടിലെ ബിസിനസ് ഇടനാഴികളില്‍നിന്ന് കാര്‍ഷിക മോഹവുമായി മണ്ണിലേക്കിറങ്ങിയ പ്രതീഷ് തിവാരിക്ക് ഇത് നൂറുമേനി വിജയത്തിന്റെ കഥ. ജയ്പൂര്‍ നഗരത്തില്‍ വാള്‍മാര്‍ട്ടില്‍ ഏറെ സുരക്ഷിതമായ ജോലിയില്‍ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും പ്രതീഷിന്റെ മനസില്‍ കൃഷിയും മണ്ണുമായിരുന്നു സ്വപ്‌നങ്ങള്‍. ഒടുവില്‍ പ്രതീഷ് തന്നെ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. തനിക്ക് കരുതിവെച്ചിരിക്കുന്ന മേഖല കൃഷിയാണ്. അതിലേക്കിറങ്ങുക തന്നെ. ഒരു ചെറുപ്പക്കാരനുണ്ടാകേണ്ട വീറും വാശിയും നിശ്ചയദാര്‍ഢ്യവും പ്രതീഷിന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി.

ജയ്പൂര്‍ നഗരത്തിന് മുകളിലൂടെ പറന്നുപോകുന്ന ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്ന ചിത്രങ്ങളാണ് പ്രതീഷിന്റെ മനസില്‍ ആദ്യം തെളിഞ്ഞത്. ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും കൊട്ടാരങ്ങളും അങ്ങിങ്ങായി ജലാശങ്ങളുമൊക്കെയാകും ചിത്രത്തില്‍. ഈ ചിത്രത്തിന് അല്‍പം പച്ചപ്പ് കൂടി നല്‍കാമെന്നായി പ്രതീഷിന്റെ ചിന്ത. ഇതില്‍നിന്നാണ് ലിവിംഗ് ഗ്രീന്‍സ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ഇന്ന് ലിവിംഗ് ഗ്രീന്‍സിന് ഡലഹിയിലും ഇന്‍ഡോറിലും ജോധ്പൂരിലും വരെ ഫ്രാഞ്ചൈസികള്‍ ഉണ്ടെന്ന് പറയുമ്പോള്‍ പ്രതീഷിന്റെ കണ്ണുകളില്‍ ആത്മാഭിമാനത്തിന്റെ തിളക്കം.

അവരവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കള്‍ സ്വയം ഉത്പാദിപ്പിച്ചെടുക്കാന്‍ സന്നദ്ധതയുള്ളവരാണ് ജയ്പൂര്‍ നഗരവാസികള്‍. പച്ചക്കറി ഉത്പാദനത്തില്‍ ഉണ്ടാകേണ്ട സ്വയം പര്യാപ്തതയെക്കുറിച്ച് നിരവധി സംഘടനകള്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണവും നല്‍കിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ കൃഷിക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതായി പ്രതീഷിന്റെ ചിന്ത. ഇതിന്റെ ഫലമാണ് ലിവിംഗ് ഗ്രീന്‍സ്. എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകാവുന്നതും എവിടെ വേണമെങ്കിലും സ്ഥാപിക്കാവുന്നതുമായി ഗ്രീന്‍ ഹൗസുകളാണ് ലിവിംഗ് ഗ്രീന്‍സ് എത്തിച്ച് നല്‍കുന്നത്. മണ്ണിന്റെ അളവ് കുറച്ച് ഏത് കൃഷിയും പരീക്ഷിക്കാവുന്ന തരത്തില്‍ പ്രത്യേക മിശ്രിതമാണ് കൃഷിക്ക് തയ്യാറാക്കിയിരിക്കുന്നത്. മട്ടുപ്പാവില്‍ സ്ഥലമുള്ളവര്‍ക്ക് ഗ്രീന്‍ ഹൗസുകള്‍ അവിടെ സ്ഥാപിക്കാം.

അല്ലാത്തവര്‍ക്കായി വീടിന്റെയോ കെട്ടിടങ്ങളുടെയോ ചുമരുകളില്‍ വളര്‍ത്താവുന്ന തരത്തില്‍ വെര്‍ട്ടിക്കല്‍ കൃഷിരീതിയും ലിവിംഗ് ഗ്രീന്‍സ് വികസിപ്പിച്ചെടുത്തു. പച്ചക്കറി ഉല്‍പാദനത്തില്‍ ഇത്രയും വിജയത്തിലെത്തിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന അവകാശം ലിവിംഗ് ഗ്രീന്‍സിന് മാത്രമാണെന്ന് അവകാശപ്പെടാം.

വാള്‍മാര്‍ട്ടില്‍ ജോലിയിലിരിക്കെ 2002ല്‍ ജയ്പൂരിലുള്ള ഒരു ജൈവപച്ചക്കറി സംരംഭം കാണാനും അവിടത്തെ കര്‍ഷകരോടൊപ്പം പണിയെടുക്കാനും കൃഷിരീതി മനസിലാക്കാനുമുള്ള അവസരം പ്രതീഷിനുണ്ടായി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ശേഷം ഇവ പൂര്‍ണമായും ജൈവപച്ചക്കറികളല്ലെന്ന് പ്രതീഷ് തിരിച്ചറിഞ്ഞു. കാരണം ഈ കൃഷി സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളില്‍ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷി നടത്തിവരുന്നുണ്ടെന്നും ഇത് ജൈവപച്ചക്കറി കൃഷി നടത്തുന്ന സ്ഥലത്തെ മണ്ണിന്റെ ഘടനയെ ബാധിക്കുമെന്നും പ്രതീഷ് മനസിലാക്കി. മാത്രമല്ല ഇങ്ങനെ കൃഷി ചെയ്യുന്ന പച്ചക്കറികളുടെ വിപണനത്തിന് അനുയോജ്യമായ സംവിധാനവും അവിടെ ഉണ്ടായിരുന്നില്ല. അതോടെ ഇവര്‍ക്കൊപ്പമുള്ള ജൈവപച്ചക്കറി കൃഷി പ്രതീഷ് അവസാനിപ്പിച്ചു.

ഇതിനുശേഷമുള്ള കാലയളവിലാണ് ചില അടുത്ത ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിയോഗവാര്‍ത്ത പ്രതീഷിനെ തേടിയെത്തിയത്. തെറ്റായ ഭക്ഷണക്രമം മൂലമുള്ള ക്യാന്‍സര്‍ ബാധയായിരുന്നു ഇവരുടെ അകാല മരണത്തിന് കാരണം. ഇവരുടെ വിയോഗം കാര്‍ഷിക സ്വപ്‌നത്തിലേക്ക് തന്നെ വീണ്ടും പ്രതീഷിന്റെ ശ്രദ്ധ തിരിച്ചു. ഒന്നുകില്‍ വാള്‍മാര്‍ട്ടിലെ സുരക്ഷിത ജോലിയില്‍ തുടരുക, അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ച് തന്നെക്കൊണ്ട് കഴിയുന്ന സംഭാവനകള്‍ കാര്‍ഷിക മേഖലക്ക് നല്‍കുക എന്നിങ്ങനെ രണ്ട് വഴികളാണ് പ്രതീഷിന് മുന്നിലുണ്ടായിരുന്നത്. തന്നെ എല്ലായ്‌പ്പോഴും പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കൃഷിയിലേക്ക് തന്നെ ഇറങ്ങാന്‍ പ്രതീഷ് ഉറപ്പിച്ചു. തുടര്‍ന്നാണ് മട്ടുപ്പാവിലും ഭിത്തിയിലും കൃഷി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

വളരെയധികം ആലോചിച്ചും ഗവേഷണങ്ങള്‍ നടത്തിയുമാണ് കൃഷി ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് പ്രതീഷ് പറയുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് ആ സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് കസ്റ്റമേഴ്‌സിനോട് ചോദിക്കാറുണ്ട്. കാലാവസ്ഥക്ക് അനുസൃതമായ കൃഷിരീതികളെക്കുറിച്ച് ആവശ്യമായ നിര്‍ദേശങ്ങളും ഇവര്‍ക്ക് നല്‍കാറുണ്ട്. ഗ്രീന്‍ ഹൗസിന് നിരവധി പേരാണ് ആവശ്യക്കാരായി എത്തുന്നത്. ഗ്രീന്‍ ഹൗസ് മെയിന്റനന്‍സിനുവരെ പലരും തുക വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രാദേശിക കച്ചവടക്കാരുമായി ചേര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷം പത്ത് നഗരങ്ങളില്‍കൂടി ഫ്രാഞ്ചൈസി തുടങ്ങുന്ന കാര്യം ലിവിംഗ് ഗ്രീന്‍സിന്റെ പരിഗണനയിലുണ്ട്. 19 പേരാണ് ഇപ്പോള്‍ ലിവിംഗ് ഗ്രീന്‍സിന്റെ ടീമിലുള്ളത്.

മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും മാതൃക പിന്തുടരാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ച് നിരവധി ചെറുപ്പക്കാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ തനിക്ക് ലഭിക്കാറുണ്ടെന്ന് പ്രതീഷ് പറയുന്നു. അടുത്തഘട്ടം എന്ന നിലയില്‍ ഇവരെ കൂടി ചേര്‍ത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള ആസൂത്രണവും നടക്കുന്നുണ്ടെന്നും പ്രതീഷ് കൂട്ടിച്ചേര്‍ത്തു.