ഓട്ടോ ഓടിക്കാനും ഇനി വളയിട്ട കൈകള്‍ 

0

ചുളമടിച്ചാല്‍ ഓടിയെത്താന്‍ ഇനി ഓട്ടോ ചേച്ചിമാരും. കൂടുതല്‍ സ്ത്രീകളെ ഓട്ടോ ഡ്രൈവിംഗ് രംഗത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീടാക്‌സി പദ്ധതിക്ക് പിന്നാലെ വനിതകള്‍ക്കായി അംഗനശ്രീയും എത്തുന്നത്. സ്ത്രീ സുരക്ഷയും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വനിതാ സംരംഭകരെയും സ്വയംതൊഴില്‍ കണ്ടത്തൊന്‍ താല്‍പ്പര്യപ്പെടുന്ന വനിതകളെയും പോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ആദ്യഘട്ടമെന്ന നിലയില്‍ വനിതകള്‍ക്കായി ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ഓട്ടോറിക്ഷ എങ്കിലും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന്റെ പത്ത് ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതികള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് നിര്‍ദേശം. ഇതിലേക്ക് ആവശ്യമായ പ്രൊജക്ട് തയ്യാറാക്കാന്‍ കുടുംബശ്രീയുടെ പ്ലാന്‍ മിത്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അംഗനശ്രീ പദ്ധതിപ്രകാരം ഓട്ടോറിക്ഷ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 40,000 രൂപയും എസ് സി, എസ് ടി വിഭാഗം വനിതകള്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ബാക്കി തുക പത്തു ശതമാനത്തില്‍ അധികരിക്കാത്ത പലിശ നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ ലഭ്യമാക്കും.

ഷീടാക്‌സി മാതൃകയില്‍ പിങ്ക് നിറത്തിലായിരിക്കും വിതരണം ചെയ്യുന്ന മുഴുവന്‍ ഓട്ടോറിക്ഷകളും. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വനിതകള്‍ക്കുള്ള ഡ്രൈവിങ് പരിശീലനം, ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭിക്കുന്നതിനുള്ള നടപടകള്‍ എന്നിവയെല്ലാം കുടുംബശ്രീ തന്നെയാവും ചെയ്യുക. ഇതുകൂടാതെ വാഹനത്തിന് ഒരു വര്‍ഷത്തെ സൗജന്യ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ്, ഒരു വര്‍ഷത്തേക്ക് സൗജന്യ സര്‍വിസ്, കസ്റ്റമര്‍ കെയര്‍ സര്‍വിസ് സംബന്ധിച്ച സൗജന്യ മെഡിക്കല്‍ കിറ്റുകള്‍, അംഗത്തിനും കുടുംബത്തിനും സൗജന്യ മെഡിക്കല്‍ ക്ലയിം ഇന്‍ഷ്വറന്‍സ് എന്നിവയും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

201516 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ ഇതിനകം തന്നെ 300 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. തദ്ദേശ സ്ഥാപന വാര്‍ഷിക പദ്ധതി ഭേദഗതി സമര്‍പ്പിക്കുന്നതിന് ദീര്‍ഘിപ്പിച്ച കാലാവധി ഫെബ്രുവരി 24ന് അവസാനിക്കുമെന്നിരിക്കെ ഇതിന്റെ മുമ്പ് തന്നെ അപേക്ഷ ക്ഷണിച്ച് തുക വകയിരുത്താന്‍ ശ്രമം തുടങ്ങിയതായി കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ടി ഷാഹുല്‍ ഹമീദ് പറഞ്ഞു.