നാട്ടുകാര്‍ക്ക് അഭിമാനമായി ഈ സര്‍ക്കാര്‍ പള്ളിക്കൂടം

നാട്ടുകാര്‍ക്ക് അഭിമാനമായി ഈ സര്‍ക്കാര്‍ പള്ളിക്കൂടം

Tuesday December 08, 2015,

2 min Read

ഇരിക്കാന്‍ സീബ്ര കസേരകള്‍. കളിക്കാന്‍ ഒന്നാന്തരം പാര്‍ക്ക്, വ്യായാമത്തിന് ജിംജോയ്ഡ് പാര്‍ക്ക്, പാട്ടുകേള്‍ക്കാന്‍ മ്യൂസിക്ക് റൂം, കാര്‍ട്ടൂണുകളും പാട്ടുകളും കവിതകളുമൊക്കെ കാണാന്‍ തിയേറ്റന്‍, വായിക്കാന്‍ ഒരു ലൈബ്രറി നിറയെ പുസ്തകങ്ങള്‍, ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ഹെല്‍ത്ത് റൂം. ഇതുകൊണ്ടൊന്നും തീരുന്നില്ല പ്രത്യേകതകള്‍. മണക്കാട് ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ട്രയിനിംഗ് സ്‌കൂളിലേക്ക് ആദ്യമായി എത്തുന്ന കുട്ടികളുടെ കണ്ണുകളില്‍ നിറയുന്നത് കൗതുകമാണ്. അമ്മയുടെ കയ്യും പിടിച്ച് ചിണുങ്ങിയെത്തുന്ന കുട്ടികള്‍ക്ക് പിന്നെ സ്‌കൂളും പരിസരവും ഓടി നടന്നു കാണാനുള്ള ആവേശമാണ്.

image


സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവശ്യത്തിന് കുട്ടികളില്ലാതെ അധ്യാപകര്‍ നെട്ടോട്ടമോടുമ്പാള്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ തന്നെ അഡ്മിഷന്‍ അവസാനിച്ചു കഴിഞ്ഞ സ്‌കൂളാണിത്. സ്‌കൂളിലേക്കു കുട്ടികളെ സ്വാഗതം ചെയ്യുന്നതു തന്നെ ഒരു വശത്ത് പെന്‍സിലുമായി നില്‍ക്കുന്ന പാവക്കുട്ടനാണ്. അകത്തു കയറിയാല്‍ വിശാലമായ പൂന്തോട്ടം. പൂന്തോട്ടത്തിന്റെ ഒരു ഭാഗത്ത് ജീവനില്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്ന ജിറാഫെങ്കില്‍ മറു ഭാഗത്ത് സാക്ഷാല്‍ ജീവനുള്ള മുയല്‍ക്കുട്ടന്മാരും. ഇവര്‍ക്കായി പ്രത്യേക മണ്‍വീടുകളും തയ്യാര്‍.

image


റോസ്,ജാസ്മിന്‍,ലോട്ടസ് എന്നിങ്ങനെയാണ് എല്‍ കെ ജി ക്ലാസുകളെങ്കില്‍ യു കെ ജി ക്ലാസുകള്‍ ആപ്പിള്‍,ഓറഞ്ച്,മാംഗോ എന്നിവയാണ്. മേശയും കൂടി ഉള്‍പ്പെടുത്തിയുള്ള അണ്ണാറക്കണ്ണന്‍ കസേരകളാണ് യു കെ ജി കുട്ടികള്‍ക്കുള്ളത്. ക്ലാസുകളെ തമ്മില്‍ വേര്‍തിരിക്കുന്നത് വര്‍ണ്ണ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന നീളന്‍ അക്വേറിയം. ആഹാരം കഴിക്കാന്‍ ഡൈനിംഗ് റൂം. അസംബ്ലിക്ക് പ്രത്യേക അസംബ്ലി ഹാള്‍. ചുമരുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പക്ഷികളുടേയും മൃഗങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍.

image


ഒന്നാം ക്ലാസില്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചതിന് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ പത്തു ലക്ഷം രൂപയുടെ പുരസ്‌ക്കാരവും ഈ മാതൃകാ വിദ്യാലയം സ്വന്തമാക്കിയിട്ടുണ്ട്. മാനസികവും ശാരീരിക വൈകല്യമുള്ളതുമായ കുട്ടികള്‍ക്കായി തൂവല്‍ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. സംഗീതം, നാടകം തുടങ്ങിയ കലകളില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ പരിശീലനം നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് സൈക്ലിംഗിലും പരിശീലനം നല്‍കും. റോഡ് നിയമങ്ങളിലുള്ള അവബോധത്തിനായി ചെറിയൊരു റോഡും സിഗ്‌നല്‍ സംവിധാനങ്ങളും വരെ തയ്യാര്‍. ക്ലാസ് മുറികളുടെ മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനുള്ള പെട്ടി വരെ ഇവിടത്തെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. കൃഷിയില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ടെറസില്‍ പച്ചക്കറിത്തോട്ടവും ഒരുക്കും. ഇതിനുള്ള സാമ്പത്തിക സഹായം കാര്‍ഷിക വകുപ്പ് അനുവദിക്കും.

image


എല്‍ കെ ജി മുതല്‍ നാലാം ക്ലാസുവരെയായി 970 കുട്ടികളാണ് പുതിയ അധ്യയന വര്‍ഷം ഇവിടെയെത്തുന്നത്. പടിയിറങ്ങുന്നവര്‍ക്കും തുടക്കം കുറിക്കുന്നവര്‍ക്കും മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ഈ വിദ്യാലയം ഒരുങ്ങിക്കഴിഞ്ഞു.

ഈ അധ്യയന വര്‍ഷത്തില്‍ ഇവിടെ ഒന്നാം ക്ലാസിലേക്ക് എത്തിയത് 258 കുട്ടികളാണ്. എല്‍ കെ ജി ക്ലാസിലുള്ളത് 110 പേരും യു കെ ജിയിലുള്ളത് 105 പേരും. എല്‍ കെ ജിയും യു കെ ജിയും ഉള്‍പ്പെടെ നാലാം ക്ലാസ് വരെയായി 1200ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.