ഈ കലക്ടറെ ഞങ്ങള്‍ക്ക് തരുമോ?

0

കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ കാണുമ്പോള്‍, പ്രശാന്തിനെക്കുറിച്ചറിയുമ്പോള്‍ ഏതൊരു മലയാളിയും ചോദിക്കുന്ന ചോദ്യമാണിത്. ഈ കലക്ടറെ ഞങ്ങള്‍ക്ക് തരുമോ? നിലപാടുകളിലൂടെയും, പ്രവൃത്തിയിലൂടെയും അത്രയും ജനകീയനായൊരു കലക്ടറെ കേരളം ഇതുവരെ വേറെ കണ്ടുകാണില്ല. മലയാളികള്‍ ഒന്നടങ്കം ഇദ്ദേഹത്തെ വിളിക്കുന്നത് കലക്ടര്‍ ബ്രോ എന്നാണ്. സോഷ്യല്‍ മീഡിയയിലെ സജീവതയെക്കാളുപരി ചെയ്യുന്ന പ്രവൃത്തികളാണ് നാട്ടുകാര്‍ ഇങ്ങനെ വിളിക്കുന്നതിനു പിന്നില്‍.

കോഴിക്കോടിന് ചേരുന്നൊരു കലക്ടര്‍ അതാണ് പ്രശാന്ത്. സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും ഏറെ പേരുകേട്ടതാണല്ലോ മധുരങ്ങളുടെ ഈ നഗരം. കോഴിക്കോടിന്റെ മധുരം ഇരട്ടിയാക്കാന്‍ കലക്ടര്‍ നിരവധി പദ്ധതികള്‍ നടപ്പലാക്കി.ഓപ്പറേഷന്‍ സുലൈമാനി കോഴിക്കോടിന്റെ വിശപ്പടക്കാന്‍ കലക്ടര്‍ തയാറാക്കിയ പദ്ധതിയാണ്. ജില്ലയിലെ ഹോട്ടല്‍ വ്യവസായികളുടെ സംഘടകളുടെ സഹായത്തോടെ വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പെന്‍ഡിംഗ് കോഫി സമ്പ്രദായത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

വിദേശരാജ്യങ്ങളില്‍ കോഫി ഷോപ്പുകളിലും മറ്റും ചായ കുടിക്കാന്‍ എത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ ചായ ഓര്‍ഡര്‍ ചെയ്യുന്നു. ഈ ചായ ദരിദ്രരായ ആളുകള്‍ വരുമ്പോള്‍ നല്‍കുന്നു.കോഴിക്കോട്ടുകാരുടെ മനസില്‍ ഇടം നേടാനാണ് പദ്ധതിയ്ക്ക് ഓപ്പറേഷന്‍ സുലൈമാനി എന്നു പേരിട്ടിരിക്കുന്നത്. പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേക കൂപ്പണുകളാണ് ജില്ലാ ഭരണകൂടം വിതരണം ചെയ്യുന്നത്.അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതിക്ക് ഓപ്പറേഷന്‍ സുലൈമാനി എന്ന് പേരിട്ടിരിക്കുന്ന്.

ഓട്ടോ യാത്രക്കാരെ സഹായിക്കാനായി ഏയ് ഓട്ടോ എന്ന പദ്ധതിയും കലക്ടര്‍ പ്രശാന്ത് നടപ്പിലാക്കി. ഏയ് ഓട്ടോ എന്ന മൊബൈല്‍ ആപ്പിലൂടെ ഓട്ടോറിഷ നിങ്ങളുടെ വിരള്‍ തുമ്പിലെത്തിക്കുന്നതാണ് പദ്ധതി. കുട്ടികളുടെ യാത്ര സുഗമമാക്കാന്‍ സവാരിഗിരിഗിരി എന്ന പദ്ധതിയും പ്രശാന്ത് നടപ്പിലാക്കി.

കോഴിക്കോട് ജില്ലയുടെ 38ാമത്തെ കലക്ടറാണ് എന്‍. പ്രശാന്ത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് ലഭിച്ച പ്രശാന്ത് 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശാന്ത് ഐഎഎസ് പരിശീലനം പൂര്‍ത്തിയാക്കിയത് കോഴിക്കോടാണ്. ഐഎസ്ആര്‍ഒ റിട്ട. എന്‍ജിനിയര്‍ പി വി ബാലകൃഷ്ണന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റിട്ട. പ്രൊഫ. രാധയുടെയും മകനാണ്. തിരുവനന്തപുരം ലയോള സ്‌കൂളിലെ പഠനത്തിനു ശേഷം മാര്‍ ഇവാനിയോസില്‍നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍നിന്ന് എല്‍എല്‍ബിയും സ്വന്തമാക്കി, ഐടി പ്രൊഫഷണലായ ലക്ഷ്മിയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്.

നല്ലോളം കുളം കോരിയാല്‍ ബിരിയാണിവാങ്ങിത്തരാം എന്നു കലക്ടര്‍ തന്റെ ഫെയ്‌സ്ബുക്കിലൊരു പോസ്റ്റിറ്റട്ടപ്പോള്‍ സംഗതി വയറലായി. ഫലമോ കോഴിക്കോടുള്ള കുളങ്ങളും ചിറകളും വൃത്തിയായി. സ്വത്തു തട്ടിയെടുത്തശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച മകന്റെ ആധാരം കലക്ടര്‍ റദ്ദുചെയ്യിച്ചു. രാഷ്ട്രീയക്കാരെ നിലയ്ക്കുനിര്‍ത്താനും കലക്ടര്‍ ബ്രോയ്ക്ക് നന്നായിട്ടറിയാം, അത് നാട്ടുകാര്‍ കണ്ടതുമാണ്. ഈ കലക്ടര്‍ തന്റെ ജോലിയ്ക്ക് പുതിയ നിര്‍വ്വചനം നല്‍കുകയാണ് ഉദ്ഘാടനങ്ങള്‍ക്ക് വിളിച്ചാല്‍ കലക്ടര്‍ ബ്രോ പോകാറില്ല, അതല്ല തന്റെ ജോലിയെന്നാണ് കലക്ടര്‍ വിനയത്തോടെ പറയുന്നത്. കലക്ടര്‍ നടപ്പിലാക്കുന്ന ഓരോ പദ്ധതികളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ നാട്ടുകാര്‍ ഞങ്ങള്‍ക്ക് ഈ കലക്ടറെ തരുമോ എന്നു ചോദിക്കുന്നതില്‍ അത്ഭുതമില്ല ആരും കൊതിച്ചു പോകില്ലെ ഇങ്ങനെ ഒരു കലക്ടറെ.