ആളില്ലാ റെയില്‍വെ ക്രോസിങുകളിലെ അപകടങ്ങള്‍ തടയാന്‍ കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍

0

ആളില്ലാ റെയില്‍വെ ക്രോസിങുകളിലെ അപകടങ്ങള്‍ തടയാനായി നൂതനമായ സാങ്കേതികവിദ്യയുമായി കാണ്‍പൂര്‍ ഐ.ഐ.ടിയിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫ്രീക്വന്‍സി ആന്റ് വയല്‍ലെസ് ബേസ്ഡ് വാണിങ് സിസ്റ്റം എന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. വിദ്യര്‍ത്ഥികള്‍ തയ്യാറാക്കിയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ശബ്ദം പുറപ്പെടുവിപ്പിച്ച് ജനങ്ങളെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നുണ്ടെന്നും അവിടെ നിന്നും മാറി നില്‍ക്കണമെന്നും അറിയിക്കുന്നു. ട്രെയിന്‍ ഡ്രൈവറിനും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നു.

ജി.പി.എസും ആര്‍.എഫ്.ഐ.ഡി ടെക്‌നോളജിയുമാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. ക്രോസിങിന്റെ 1500 മീറ്റര്‍ ദൂരത്ത് ട്രെയിന്‍ എത്തുമ്പോള്‍ തന്നെ ഇവ മുന്നറിയിപ്പ് നല്‍കി തുടങ്ങും. ട്രെയിന്‍ 800 മീറ്റര്‍ ദൂരത്തായിരിക്കുമ്പോള്‍ രണ്ടാമത്തെ അപായ സൂചന നല്‍കും. ക്രോസിങിനോട് അന്‍പത് മീറ്റര്‍ അടുത്തെത്തുമ്പോള്‍ വലിയ ശബ്ദത്തില്‍ സയറന്‍ മുഴങ്ങുകയും ലൈറ്റുകള്‍ മിന്നിത്തെളിയുകയും ചെയ്യും.

വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഈ സംവിധാനത്തിന് ഒരേ സമയം 16ട്രെയിനുകള്‍ വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവ ഉന്നാവോ-സോനിക് റെയില്‍വേ സ്‌റ്റേഷനുകളിലും ലക്‌നൗ-സുല്‍ത്താന്‍പൂര്‍ സെക്ഷനുകളിലും പരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമായിരുന്നെന്നാണ് കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രിന്‍സിപ്പാള്‍ ബി.എം ശുക്ല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഈ സാങ്കേതികവിദ്യ ഡിസംബര്‍ 16ന് റെയില്‍വേ ബോര്‍ഡിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു