ഇന്ത്യ ഇന്‍ഫോടെക്; ഹാക്കിംഗ് മാറ്റിമറിച്ച ഒരു ചെറുപ്പക്കാരന്റെ കഥ

ഇന്ത്യ ഇന്‍ഫോടെക്; ഹാക്കിംഗ് മാറ്റിമറിച്ച ഒരു ചെറുപ്പക്കാരന്റെ കഥ

Wednesday October 21, 2015,

3 min Read

ജീവിതത്തിലെ ചില കാര്യങ്ങള്‍ നാം നേരംപോക്കിനായി ചെയ്തു തുടങ്ങുന്നവയാകും. എന്നാല്‍ പിന്നീടവ ജീവിതത്തിന്റെ ഭാഗം തന്നെയായി മാറിയേക്കാം. പൊതുവേ നിമയവിരുദ്ധമെന്ന് കണക്കാക്കുന്ന ഹാക്കിംഗ് ഒരു ചെറുപ്പക്കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണിത്. ഇത് ശശാങ്ക് ചൗരെ എന്ന ചെറുപ്പക്കാരന്റെ കഥയാണ്. ഇന്‍ഡോറിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് ശശാങ്ക് ചൗരെ ജനിച്ചത്. പതിമൂന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതലാണ് ശശാങ്കിന് കംപ്യൂട്ടറില്‍ താല്‍പര്യം ആരംഭിച്ചത്. രാത്രി മുഴുവനുമിരുന്ന് ഗെയിം കളിക്കാന്‍ ഇഷ്ടപ്പെട്ട ശശാങ്ക് സ്‌കൂളിലെ പരീക്ഷയ്ക്ക് പോലും പോകാതെ കമ്പ്യൂട്ടറിന് മുന്നിലായിരുന്നു. അത് അവന് ലഹരി പോലെയായിരുന്നു.

image


ഇന്റര്‍നെറ്റിലെ ചാറ്റ് റൂമുകളിലെ പല സുഹൃത്തുക്കളുടേയും അക്കൗണ്ടുകള്‍ അവന് ഹായ്ക്ക് ചെയ്യാനായി. തന്റെ ഈ കഴിവ് ഉപയോഗിച്ച് ഒരു വരുമാനം ഉണ്ടാക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അങ്ങനെ crackpal.com എന്ന വെബ്സൈറ്റില്‍ അവന് ജോലി ലഭിച്ചു. ഒരു ഇമെയില്‍ അക്കൗണ്ട് ഹായ്ക്ക് ചെയ്യാന്‍ 50 ഡോളറായരുന്നു ശമ്പളം.

പിന്നീട് എഞ്ചിനീയറിംഗിന് ചേര്‍ന്ന ശശാങ്ക് തന്റെ ഹായ്ക്കിംഗ് ബിസിനസ് നിര്‍ത്തിയില്ല. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാല്‍പതോളം വെബ്‌സൈറ്റുകളും നൂറോളം വന്‍കിട കോര്‍പ്പറേറ്റ് വെബ്‌സൈറ്റുകളും വെറും 18 മിനിറ്റ് കൊണ്ട് അവന്‍ ഹായ്ക്ക് ചെയ്തു. ഇതില്‍ എന്‍.ടി.പി.സി ടെന്‍ഡറുകള്‍, ഡല്‍ഹി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയും ഉണ്ടായിരുന്നു. ഈ സൈറ്റുകളുടെ സൈബര്‍ സുരക്ഷാ പാളിച്ചകളെപ്പറ്റി താന്‍ സി.ഇ.ആര്‍.ടിയ്ക്കും എന്‍.ഐ.സിയ്ക്കും കത്തുകള്‍ എഴുതിയിരുന്നെങ്കിലും അവര്‍ക്ക് അക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിച്ചില്ലെന്ന് ശശാങ്ക് വ്യക്തമാക്കി.

വൈറസുകളെ കണ്ടെത്തുക, ഒന്നിന് പിറകെ മറ്റൊന്നായി അല്‍ഗോരിതം (കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍) എഴുതുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതോടൊപ്പം ശശാങ്ക് ഇന്‍ഡോര്‍ പൊലീസിന്റെ ഔദ്യോഗിക സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്റായും രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു.

എന്നാള്‍ വളരെ താമസിയാതെ ശശാങ്കിന് ഈ ജോലി തനിക്ക് പറ്റിയതല്ലെന്ന് മനസിലാക്കി. കോളേജില്‍ പഠനം തുടരാനും അവന് താല്‍പര്യമില്ലായിരുന്നു. ഇതോടെ കോളേജിലെ രണ്ടാം വര്‍ഷം അവന്‍ പഠനം നിര്‍ത്തി.

ആപ്പിളിന്റെ നിര്‍മാണത്തിനായി സ്റ്റീവ് ജോബ്‌സ് റീഡ് കോളേജിലെ തന്റെ പഠനം ഉപേക്ഷിച്ചിരുന്നു. അതേ പോലെ മൈക്രോസോഫ്റ്റ് സ്ഥാപിക്കാന്‍ ബില്‍ഗേറ്റ്‌സ് ഹാര്‍വാര്‍ഡിലേയും ഫേസ്ബുക്ക് സ്ഥാപിക്കാന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് തന്റെ കോളേജിലേയും പഠനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്വപ്‌നം നടത്താനായി ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥി അങ്ങനെ ചെയ്താലോ. അവന്റെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞില്ലെങ്കില്‍ പോലും കുറ്റപ്പെടുത്താനുള്ള അവസരം അയല്‍വാസികള്‍ നഷ്ടമാക്കില്ലെന്ന് ശശാങ്ക് പറയുന്നു.

തുടര്‍ന്ന് ഏതെങ്കിലും കമ്പനിയില്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനായിരുന്നു ശശാങ്ക് ആഗ്രഹിച്ചത്. ഇന്‍ഡോറിലെ മികച്ച ഒരു കമ്പനിയില്‍ത്തന്നെ ജോലിക്ക് പ്രവേശിച്ച ശശാങ്ക് അവരുടെ ഉപഭോക്താക്കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുകയും അത് ഒഴിവാക്കാനുള്ള ബിസിനസ് ഐഡിയകള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് മൂന്ന് തവണ പ്രൊമോഷനും ലഭിച്ചു. മറ്റൊരു കമ്പനി കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്തപ്പോള്‍ ശശാങ്ക് അവിടേയ്ക്ക് മാറിയെങ്കിലും അവര്‍ വാക്ക് പാലിച്ചില്ല. അവിടെ നിന്നും വെറും അയ്യായിരം രൂപയുമായാണ് അദ്ദേഹം പുറത്തിറങ്ങിയത്.

തുടര്‍ന്ന് കുറച്ച് പണം സംഘടിപ്പിക്കാനായി ഓണ്‍ലൈനായി ജോലി ചെയ്യാന്‍ തീരുമാനിച്ച ശശാങ്ക് രാപകലില്ലാതെ വീട്ടിലെ കമ്പ്യൂട്ടറില്‍ ജോലികള്‍ ചെയ്ത് ഒരു ചെറിയ സംരംഭം ആരംഭിക്കാനുള്ള പണം ഉണ്ടാക്കി. ഒരു കമ്പ്യൂട്ടര്‍ കൂടി വാങ്ങിയ ശേഷം ചെറിയൊരു ടീമിനൊപ്പം ഇന്ത്യ ഇന്‍ഫോടെക് എന്നൊരു സ്ഥാപനം ആരംഭിച്ചു.

ലോകത്താകമാനമുള്ള ക്ലൈറ്റുന്റുകള്‍ക്കും വളരെ ന്യായമായ നിരക്കില്‍ എസ്.ഇ.ഒ സേവനങ്ങള്‍ ഇവര്‍ ഒരുക്കി നല്‍കി. ഒരു വര്‍ഷത്തോളം ശശാങ്ക് തന്റെ വീട്ടില്‍ പോലും പോകാതെ ഓഫീസില്‍ തന്നെ താമസിച്ച് ഏറെ സമയം ജോലി ചെയ്തു. പതിനെട്ട് മണിക്കൂറോളമാണ് അദ്ദേഹം ആദ്യകാലത്ത് ജോലി ചെയ്തിരുന്നത്.

2014 ഫെബ്രവരിയായപ്പോഴേയ്ക്കും ശശാങ്കിന്റെ പ്രതിവര്‍ഷ വരുമാനം അഞ്ച് കോടിയായി. ഇതുവരെ പതിനായിരത്തോളം എസ്.ഇ.ഒ പ്രോജക്ടുകളാണ് കമ്പനി ചെയ്ത് കൊടുത്തിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഇന്ത്യ ഇന്‍ഫോടെക്കിന് നാലായിരത്തോളം ക്ലൈന്റുകളാണുള്ളത്. ഇന്ത്യ ഇന്‍ഫോടെക്കിന്റെ ബിസിനസുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും യു.എസില്‍ നിന്നാണ് എത്തുന്നത്.

തന്റെ സ്ഥാപനത്തിലേക്ക് പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് ശശാങ്ക് പറയുന്നത്. ശശാങ്ക് എല്ലാവരേയും കണ്ണും പൂട്ടി വിശ്വസിക്കുന്ന വ്യക്തിയാണ്. വിശ്വാസമില്ലാതെ ആരുടേയും കൂടെ പ്രവര്‍ത്തിക്കാനാകില്ല. ഇതിന് മുമ്പ് ശശാങ്കിന്റെ കൂടെ പ്രവര്‍ത്തിച്ച ചിലര്‍ തന്റെ ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ അവരെ പിരിച്ചു വിട്ടിരുന്നു. എന്നാല്‍ ഇതേ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. താന്‍ തന്റെ ടീമംഗങ്ങളെ അന്ധമായി വിശ്വസിക്കുന്നതിനാലാണിതെല്ലാം എന്ന് ശശാങ്കിന് അറിയാം. തനിക്കുണ്ടായ അനുഭവങ്ങളില്‍ നിന്നൊന്നും താന്‍ പാഠം പഠിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും കൃത്യത വേണമെന്ന് വാശിയുള്ള വ്യക്തിയാണ് ശശാങ്ക്. വിശ്വസനീയത, ഊര്‍ജ്ജം, അച്ചടക്കം, വിശ്വാസം എന്നീ ഗുണങ്ങളാണ് തന്റെ കൂടെ ജോലി ചെയ്യുന്നവരില്‍ നിന്നും അദ്ദേഹം ആഗ്രഹിക്കുന്നത്. അത്തരം ജനങ്ങളോടൊപ്പമേ അദ്ദേഹം പ്രവര്‍ത്തിക്കൂ. തന്റെ കമ്പനിക്ക് ചേരാത്ത ഒരാളോടൊപ്പം ഒരു ദിവസം പോലും പ്രവര്‍ത്തിക്കില്ലെന്നും ശശാങ്ക് പറഞ്ഞു. ഇപ്പോള്‍ തന്റെ ഓഫീസില്‍ പത്ത് മണിക്കൂറോളം ജോലി ചെയ്യുന്ന ശശാങ്കിന് തന്റെ ഹായ്ക്കിങിലുള്ള കഴിവിന് പ്രയോജനപ്പെടുത്തണമെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്നുമാണ് ആഗ്രഹം.