യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഒഡീഷ

0

രാജ്യങ്ങമെങ്ങും പ്രൗഢഗംഭീരമായാണ് 67–മാത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഒഡീഷയിലും വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നു. കട്ടക്കിലെ ബറാബതി സ്റ്റേഡിയല്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ത്രിവര്‍ണ പതാക ഉയര്‍ത്തി.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കിടയിലെ വ്യവസായകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികളും സ്റ്റാര്‍ട്ടപ് നയങ്ങളും അധികം വൈകാതെ തന്നെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് (എന്‍എഫ്എസ്എ) പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും അര്‍പ്പണ മനോഭാവത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടാന്‍ ഒഡീഷയ്ക്ക് കഴിയും. വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നീ രംഗങ്ങളില്‍ ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഒഡീഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും, കര്‍ഷകരുടെ അഭിവൃദ്ധിക്കും, സ്ത്രീകളുടെ ഉന്നമനത്തിനും, എസ്!സി, എസ്!ടി തുടങ്ങി പിന്നോക്കവിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ വളര്‍ച്ചയ്ക്കുമായി ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയുടെ മുന്‍ മുഖ്യമന്ത്രിയായ ബിജു പട്‌നായിക്കിന്റെ ജന്മ വാര്‍ഷികം സംസ്ഥാനമൊട്ടാകെ വളരെ ഗംഭീരമായി ആഘോഷിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

തലസ്ഥാനത്തുള്ള മഹാത്മ ഗാന്ധി റോഡില്‍ ഗവര്‍ണര്‍ എസ്.സി. ജാമിര്‍ ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക തനിമയെ വിളിച്ചോതുന്ന വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

മാവോയിസ്റ്റുകളുടെ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോകളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായി ഡിജിപി കെ.ബി. സിങ് പറഞ്ഞു.

മാവോയിസ്റ്റ് ശക്തി പ്രദേശങ്ങളായ മാല്‍കന്‍ഗിരി, റായഗാഡ, കോരപുട്, കന്തമാല്‍, ഗജപതി എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തെ കറുത്ത ദിനമായി ആചരിക്കാനും ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ട് ചില പ്രദേശങ്ങളില്‍ നക്‌സലുകള്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇവയൊക്കെ മറികടന്ന് സമാധാനപരമായി തന്നെ സംസ്ഥാനം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.