ജയില്‍ അന്തേവാസികള്‍ക്കൊപ്പം അവാര്‍ഡ് മധുരം നുണഞ്ഞ് ദുല്‍ഖര്‍

0


സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ ദുല്‍ഖര്‍ പൂജപ്പൂര സെന്‍ട്രല്‍ ജയില്‍ എത്തി. ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും തന്റെ പുതിയ ചിത്രമായ കമ്മട്ടിപാടത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ദുല്‍ഖര്‍ ഇവിടെ എത്തിയത്. ആഘോഷപരിപാടികള്‍ക്ക് ഒപ്പം ദുല്‍ഖറിന് ജയില്‍ അധികാരികളുടെ വക സ്വീകരണവും നല്‍കി. മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ സ്വീകരണ ചടങ്ങായിരുന്നു തലസ്ഥാനത്ത് നടന്നത്.

രാവിലെ മുതല്‍ ജയിലിനുള്ളില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു ദുല്‍ഖര്‍. സംസ്ഥാന പുരസ്‌കാരജേതാവിനെ കാണാന്‍ ജയില്‍ ജീവനക്കാരും പോലീസുകാരും ഇരച്ച് എത്തി. ഉച്ചക്ക് പന്ത്രണ്ടരയോടെ പറഞ്ഞിരുന്ന ആഘോഷ ചടങ്ങ് പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഉദ്ഘാടകനായ മന്ത്രി രമേശ് ചെന്നിത്തല വൈകിയതോടെയാണ് ചടങ്ങും നീണ്ട് പോയത്.

രാവിലെ മുതല്‍ തന്നെ ജയിലെ അന്തേവാസികളും ദുല്‍ഖറിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് മണിയോടെയാണ് ദുല്‍ഖര്‍ എത്തിയത്. ചുവന്ന ടീഷര്‍ട്ടും ലൈറ്റ് നീല ജീന്‍സും അണിഞ്ഞാണ് സംസ്ഥാനത്തെ മികച്ച നടനെത്തിയത്. എത്തിയ ഉടന്‍ തന്നെ ആഭ്യന്തര മന്ത്രിയെ ആശ്ലേഷിച്ച് സന്തോഷം പങ്കുവെച്ചു.

തുടര്‍ന്ന് ചടങ്ങ് നടക്കുന്ന വേദിയിലേക്ക്. ദുല്‍ഖറിനെക്കണ്ട് അന്തേവാസികളില്‍ പലരും മുന്നിലേക്കെത്തി ഷേക് ഹാന്‍ഡ് നല്‍കി. സംസ്ഥാനത്തെ മികച്ച നടനെ ക്യാമറയിലും മൊബൈലിലും പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തിക്കി തിരക്കി. ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അച്ഛനെക്കാള്‍ വലിയ നടനായി മാറാന്‍ ദുല്‍ഖറിന് കഴിയട്ടേയെന്ന് മന്ത്രി ആശംസിച്ചു. ദേശീയ പുരസ്‌കാരവും അകലയല്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ദുല്‍ഖറിനെ ഉപഹാരം നല്‍കി ആദരിച്ചു. സ്വീകരണത്തിനും സ്‌നേഹത്തിനും നന്ദിപറഞ്ഞ ദുല്‍ഖര്‍, കുട്ടിക്കാലത്ത് സിനിമകളില്‍ മാത്രം കണ്ട് ശീലിച്ച പൂജപ്പുര ജയില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. ജയില്‍ക്ഷേമ ദിനാഘോഷത്തിന്റെ ഭാഗമായി 215 തടവുകാരെ വിട്ടയക്കുന്ന കാര്യം പ്രഖ്യാപിക്കുന്ന ദിവസം ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. സിനിമക്കായി ജയില്‍ വളപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് വിട്ട് തന്ന് എല്ലാ സഹായങ്ങളും നല്‍കുകയാണ് ജയില്‍ അധികാരികളെന്നും ദുല്‍ഖര്‍ പറഞ്ഞു.