അനേകം പേര്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജിലെ പ്രമേഹ നിര്‍ണയ ക്യാമ്പ്  

0

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജിലെ ന്യൂട്രീഷ്യന്‍ വിഭാഗവും മെഡിസിന്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ നിര്‍ണയ ക്യാമ്പ് അനേകം പേര്‍ക്ക് ആശ്വാസമായി. ഒ.പി. ബ്ലോക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. ഇതില്‍ 50 പേര്‍ പ്രമേഹ രോഗികളായിരുന്നു. ബാക്കി 50 പേരില്‍ 13 പേര്‍ക്ക് പ്രമേഹമുള്ളതായി കണ്ടെത്തി.

ഇവര്‍ക്ക് ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ആഹാര ക്രമീകരണങ്ങള്‍, ചിട്ടയായ വ്യായാമം എന്നിവ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു കൊടുത്തു. ചിലര്‍ക്ക് ചികിത്സാ വിധിയും നിര്‍ദേശിച്ചു. ഇതോടൊപ്പം പ്രമേഹരോഗ ബോധവത്ക്കരണ ക്ലാസും ഡയറ്റ് ചാര്‍ട്ട്, കലോറി എക്‌സേഞ്ച് എന്നിവയെപ്പറ്റിയുള്ള പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.

മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗത്തിലെ അസോ. പ്രൊഫസറും ഡയബറ്റോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണന്‍ ആര്‍., ന്യൂട്രീഷ്യന്‍ വിഭാഗത്തിലെ ചീഫ് ഡയറ്റീഷ്യന്‍ സുഹാന എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഗവ. നഴ്‌സിംഗ് കോളേജിലും പ്രത്യേക പരിപാടി സംഘടിപ്പിച്ചു. നൂറോളം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രമേഹ രോഗത്തിന്റെ തീവ്രത മനസിലാക്കിപ്പിക്കുന്ന ഡിസ്‌പ്ലേ അവതരിപ്പിച്ചു.

നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ വൈ. പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ കണ്ണുകളും പ്രമേഹത്തിലേക്ക് എന്ന ഈ വര്‍ഷത്തെ ആശയത്തെ ആസ്പദമാക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സംസാരിച്ചു. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍ നിര്‍മ്മല അധ്യക്ഷയായ ചടങ്ങില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ജോസ്, അസോ. പ്രൊഫ. പ്രസന്ന എസ്, ബിനി ജി. എഡ്‌വിന്‍ എന്നിവര്‍ പങ്കെടുത്തു.

രോഗികളുമായി ഏറ്റവുമധികം സമയം ചെലവഴിക്കുന്ന നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രമേഹ രോഗത്തെപ്പറ്റി അവബോധ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ അസോ. പ്രൊഫസറും ഡയബറ്റോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണന്‍ ആര്‍, നഴ്‌സിംഗ് കോളേജ് അസി. പ്രൊഫസര്‍മാരായ സുജ ജെ.എസ്., ബീന കോശി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിച്ചു.