പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് മാധ്യമ ശില്‍പശാല

0


കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് പുകയില വിമുക്തമാക്കുമെന്ന പ്രഖ്യാപനവുമായി മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വകുപ്പ് വിദ്യാര്‍ഥികള്‍. 'പുകയില നിയന്ത്രണത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ശില്‍പശാലയുടെ സമാപനത്തിലായിരുന്നു പ്രഖ്യാപനം. ടുബോക്കോ ഫ്രീ കേരളയുടേയും എം സി ജെ ഡിപ്പാര്‍മെന്റിന്റെ കമ്മ്യൂണിക്കേഷന്‍ ക്ലബ്ബിന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രമുഖര്‍ പങ്കെടുത്തു. പുകയില നിരോധനത്തിന്റെ ആവശ്യകതയും മാധ്യമ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചു.

കേരളത്തിലെ ജനസംഖ്യയില്‍ 14 ശതമാനവും പുകവലിക്കാരാണെന്നും ഇവര്‍ പണം കൊടുത്ത് ആപത്ത് കൈക്കലാക്കുകയാണെന്നും പൊതുജനാരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറും പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നോഡല്‍ ഓഫീസറുമായ ഡോ. എ എസ് പ്രദീപ് കുമാര്‍ പറഞ്ഞു. ഇക്കൂട്ടര്‍ സ്വന്തം ആരോഗ്യത്തിനു പുറമേ ബാക്കിയുള്ള 86 ശതമാനം ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

പുകയിലയുടെ നിരോധനത്തിനു മറുചോദ്യമായി വരുമാനം ചൂണ്ടിക്കാട്ടുന്നവര്‍ ഉണ്ട്. എന്നാല്‍ പുകയിലയുടെ നികുതി ഇനത്തില്‍ രാജ്യത്ത് 17,765 കോടിരൂപ വരുമാനമായി ലഭിക്കുമ്പോള്‍ പുകയിലയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ ചികിത്സാ ചെലവ് ഉള്‍പ്പെടെ ഒരുലക്ഷം കോടി രൂപയാണ് നഷ്ടം. ഇരുപതാം നൂറ്റാണ്ടില്‍ പത്തുകോടി ജനങ്ങളാണ് പുകയിലയുടെ ഉപഭോഗം മൂലം ലോകത്തിലാകമാനം മരിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് തികയുമ്പോള്‍ നൂറുകോടി ആകുമെന്നാണ് പ്രവചനമെന്നും അദ്ദേഹം വ്യക്തമാക്കി.

പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ദി ഹിന്ദു സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ എസ് അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സിഗരറ്റുവാങ്ങുന്ന കാഴ്ചയും വിരളമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പൊതുവേ വയസായവര്‍ അസുഖം നേരിടുമ്പോള്‍ പുകവലി ഉപേക്ഷിക്കാറുണ്ടെന്നും എന്നാല്‍ യുവാക്കള്‍ ഇതില്‍ നിന്നു പിന്‍മാറാത്ത പ്രവണതയാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ എസ് രാധാകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരിയം രവി, വകുപ്പ് മേധാവി പ്രൊഫ. സുഭാഷ് കുട്ടന്‍ ടുബാക്കോ ഫ്രീ കേരള സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എസ് ജയരാജ്, കമ്മ്യൂണിക്കേഷന്‍ ക്ലബ്ബ് സെക്രട്ടറി അശ്വജിത് എന്നിവര്‍ സംസാരിച്ചു.