ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക് സൈക്കിള്‍ അമേരിക്കയില്‍ നിന്ന്‌

ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക് സൈക്കിള്‍ അമേരിക്കയില്‍ നിന്ന്‌

Thursday October 29, 2015,

2 min Read

മറ്റുള്ളവരുടെ മനസ് കാണാന്‍ ഭാഷയോ സംസ്‌കാരമോ പ്രായമോ ഒരു തടസമാകില്ല, ഹൃദയത്തില്‍ നന്‍മയുണ്ടെങ്കില്‍. അമേരിക്കയിലെ ഫിലഡല്‍ഫിയയിലെ തോമസ് ഹിര്‍കോക്ക് എന്ന 12കാരന്റെ മനസ് ഇന്ന് ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്കൊപ്പമാണ്. കുട്ടികളുടെ സംരക്ഷണത്തിനായുള്ള ബച്പന്‍ ബചാവോ ആന്ദോളനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പിതാവ് ഡേവിഡിനൊപ്പമാണ് തോമസ് ഇന്ത്യയിലേക്കെത്തിയത്. 

image


ഝാര്‍ഖണ്ഡിലെത്തിയ തോമസിനെ അവിടെ തന്റെ സമപ്രായക്കാരായ കുട്ടികളുടെ അവസ്ഥ വേദനിപ്പിച്ചു. വനമേഖലയിലും ഖനിമേഖലകളിലും കുട്ടികളുടെ വിദ്യാഭ്യാസമെന്നത് ഗ്രാമവാസികള്‍ക്ക് വിദൂരസ്വപ്നമായിരുന്നു. സമീപത്ത് സ്‌കൂളുകളില്ലാത്തത് ഈ മേഖലകളില്‍ ബാലവേല വര്‍ധിക്കുന്നതിനും കാരണമാക്കി. സ്‌കൂള്‍ പോയിട്ട് പെണ്‍കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു ശൗചാലയം പോലും അവിടെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്താണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഗ്രാമങ്ങളിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും മിഡില്‍ ക്ലാസുകളില്‍ പോലും പഠിച്ചിട്ടില്ല. ആരും തന്നെ ഹൈസ്‌കൂളില്‍ എത്തിയിട്ടില്ല. 

image


സ്‌കൂളില്‍ എത്തിപ്പെടുക എന്നതു തന്നെ പ്രായോഗികമായി വലിയ കടമ്പകള്‍ കടക്കേണ്ടുന്ന സമസ്യായിരുന്നു. ദൂരവും നടവഴികളില്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്ന ഇഴജന്തുക്കളുമെല്ലാം കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നകറ്റി. ഈ അവസ്ഥ കണ്ട് കുട്ടികളോട് തോമസ് അവരുടെ കാര്യങ്ങള്‍ ആരാഞ്ഞു. പഠനം മുന്നോട്ട് പോകണമെങ്കില്‍ തങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘടകം എന്താണെന്ന് തോമസ് അവരോട് ചോദിച്ചു. സൈക്കിള്‍ എന്നതായിരുന്നു അവരുടെ ഉത്തരം. താമസസ്ഥലത്തു നിന്നും സ്‌കൂളിലേക്ക് മാത്രം 10 കിലോമീറ്റര്‍ ദൈര്‍ഘ്യം താണ്ടേണ്ട അവര്‍ സൈക്കിള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നും തോമസും കണ്ടില്ല. എന്നാല്‍ ചെറിയ കുട്ടിയായ തനിക്ക് അവരെ എനിക്ക് എങ്ങനെ സഹായിക്കാനാകുമെന്നായിരുന്നു തോമസിന്റെ അടുത്ത ചിന്ത. 

അവന്‍ അച്ഛനോടൊപ്പം അമേരിക്കയിലേക്ക് പറന്നത് മനസില്‍ ഈ ചിന്തയും പേറിയായിരുന്നു. ഫിലഡല്‍ഫിയയില്‍ തന്റെ സ്‌കൂളിലെത്തി അവന്‍ കൂട്ടുകാരോട് വിവരങ്ങള്‍ പങ്കു വെച്ചു. സ്റ്റാറ്റ്‌ഫോര്‍ഡ് ഫ്രണ്ട്‌സ് സ്‌കൂളില്‍ നിന്നും 2008ല്‍ അവന്‍ 800 ഡോളര്‍ ഇതിനായി സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് അവന്‍ ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്കായി 10 സൈക്കിളുകള്‍ വാങ്ങി നല്‍കി. 2011ല്‍ കൂട്ടായ്മയിലൂടെ ലഭിച്ച പണം 900 ഡോളറായി ഉയര്‍ന്നു. ലാഭേച്ഛയില്ലാത്ത തന്റെ ഈ ഉദ്യമത്തിനായി അവന്‍ ബൈക്ക് ക്ലബ് എന്ന കൂട്ടായ്മയും അമേരിക്കയില്‍ ആരംഭിച്ചു. ഇതുവരെ 400 സൈക്കിളുകളാണ് തോമസ് ഇങ്ങനെ ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്കായി വാങ്ങി നല്‍കിയത്. 

image


കാട്ടിലും ദുര്‍ഘടമായ വഴികളിലും സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച സൈക്കിളുകളാണ് തോമസ് കുട്ടികള്‍ക്ക് വാങ്ങി നല്‍കിയത്. സൈക്കിളിനൊപ്പം ഒരു റിപ്പയറിംഗ് കിറ്റും നല്‍കുന്നുണ്ട്. തോമസിന്റെ സേവനങ്ങള്‍ ബി ബി സിയക്കമുളള മാധ്യമങ്ങള്‍ വാര്‍ത്തയുമാക്കി. സൈക്കിള്‍ ലഭിക്കുന്ന പലര്‍ക്കും അത് ചവിട്ടാനറിയാത്ത സാഹചര്യമുള്ളതിനാല്‍ അവരെ സൈക്കിള്‍ സവാരി പഠിപ്പിക്കുന്നതിനും തോമസ് മുന്നിലുണ്ട്. മനസുകൊണ്ടും ശരീരം കൊണ്ടും കുട്ടികളെ ദൂരങ്ങള്‍ താണ്ടാന്‍ പ്രാപ്തരാക്കുക എന്നതാണ് ആത്യന്തികമായി തന്റെ ലക്ഷ്യമെന്ന് തോമസ് പറയുന്നു. ഇന്നും പിതാവിനൊപ്പം ഇന്ത്യയിലെത്തിയാല്‍ തോമസ് ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്കൊപ്പമാണ്.

    Share on
    close