ക്യാന്‍സര്‍ രോഗികള്‍ക്ക് കരുത്ത് പകര്‍ന്ന് സുശാന്ത്

0

സമൂഹത്തില്‍ സൃഷ്ടിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് നിരവധി മോഹങ്ങളും പ്രതീക്ഷകളുമാണ് 23 വയസുകാരനായ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് വിദ്യാര്‍ഥി സുശാന്ത് കൊഡേലക്കുണ്ടായിരുന്നത്. തന്റെ കഴിവും നേടിയ പരിശീലനങ്ങളും ഇതിനായി പ്രയോജനപ്പെടുത്താന്‍ സുശാന്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ 2011ല്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം ചെയ്യുന്നതിനിടയിലാണ് അപൂര്‍വം ചിലര്‍ക്ക് മാത്രം ബാധിക്കുന്ന അപകടകാരിയായ ക്യാന്‍സര്‍ അഡ്രീന്‍ കോര്‍ട്ടിക്കല്‍ കാര്‍സിനോമ സുശാന്തിനെ ബാധിച്ചത്. 1.5 മില്ല്യണ്‍ ആളുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ഈ അസുഖം ബാധിക്കാറുള്ളത്. ആദ്യ ബയോപ്‌സി റിപ്പോര്‍ട്ടില്‍ തന്നെ ഈ ഒന്നോ രണ്ടോ ആളുകളില്‍ ഒരാള്‍ താനാണെന്ന് സുശാന്ത് മനസിലാക്കി.

തന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയ നിമിഷങ്ങളായിരുന്നു അതെന്ന് സുശാന്ത് ഓര്‍ക്കുന്നു. സ്വപ്‌നങ്ങളും മോഹങ്ങളും പൊലിഞ്ഞ കുറേ ഇരുണ്ട ദിനങ്ങള്‍. സര്‍ജറികളുടെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ സുശാന്ത് ഇപ്പോള്‍ രോഗത്തില്‍ നിന്നും മുക്തി നേടിയ അവസ്ഥയിലാണ്. സുശാന്തിന്റെ കുടുംബവും വളരെയധികം വേദന അനുഭവിച്ചശേഷം ഇപ്പോള്‍ ആശ്വാസത്തിലാണ്.

ഡോക്ടര്‍മാരും ആശുപത്രിയും ചികിത്സയും റിപ്പോര്‍ട്ടുകളുമെല്ലാം ജീവിതം തിരിച്ചുപിടിക്കാന്‍ സഹായകമായെങ്കിലും തന്റെ ജീവിതംകൊണ്ട് തനിക്കിനിയും വിജയകരമായി പൂര്‍ത്തിയാക്കേണ്ട യാത്രകള്‍ ബാക്കിയാണെന്ന വിശ്വാസമാണ് ജീവിതം തിരിച്ചുകിട്ടാനൊരു പ്രധാന ഘടകമായതെന്ന് സുശാന്ത് പറയുന്നു. തനിക്കിഷ്ടമുള്ളത് ചെയ്യണം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ സാധിച്ചതാണ് ക്യാന്‍സറില്‍ നിന്നും അതിജീവിക്കാന്‍ കാരണമായത്. തന്റെ ജീവിതത്തെ രോഗം കൊണ്ട് നിയന്ത്രിക്കാന്‍ സുശാന്ത് തയ്യാറായില്ല. തനിക്ക് ചെയ്യാനുള്ളത് ചെയ്യണമെന്ന വാശി മനസില്‍ തന്നെ സൂക്ഷിച്ചു.

തിരിച്ച് കോളേജിലെത്തിയ സുശാന്ത് ക്യാന്‍സറിനെ അതിജീവിച്ച ചിരാഗ് കുമാര്‍ പട്ടേലുമായി ചേര്‍ന്ന് മറ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കി. അവരുടെ ചികിത്സയെകുറിച്ച് അവര്‍ക്ക് അവബോധം നല്‍കുകയും. അതിനുവേണ്ട സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്തു. അവരില്‍ പലരും ചിലവേറിയും അവിദഗ്ധവും പരാതികള്‍ നിറഞ്ഞതുമായ ആശുപത്രി സൗകര്യങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവരായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നിരവധി ക്യാന്‍സര്‍ രോഗികളെ ജീവിതത്തിലേക്ക് തിരിച്ച്‌കൊണ്ടുവരാനാകുമെന്ന് സുശാന്ത് മനസിലാക്കി.

ഇതിനുശേഷം തന്റെ സോഷ്യല്‍ എന്റര്‍്പ്രിണര്‍ഷിപ്പ് ബാക്ക്ഗ്രൗണ്ടുകൂടി ഉള്‍പ്പെടുത്തിയാണ് 2013ല്‍ അണ്‍ക്യാന്‍സര്‍ ഇന്ത്യ ആരംഭിച്ചത്. ക്യാന്‍സര്‍ രോഗികള്‍ക്കും രോഗം അതിജിവിച്ചവര്‍ക്കും പരിചരിക്കുന്നവര്‍ക്കുമായാണ് പദ്ധതി ആരംഭിച്ചത്. ഇംഗ്ലീഷ് ഭാഷയില്‍ വാക്കുകള്‍ക്ക് മുന്നില്‍ അണ്‍ എന്ന് ചേര്‍ത്താല്‍ നെഗറ്റീവ് അര്‍ഥമാണ് വരിക. അല്ലെങ്കില്‍ വാക്കിന്റെ നേര്‍ വിപരീതമാണ് അര്‍ത്ഥം ലഭിക്കുക. എന്നാലിവിടെ അണ്‍ക്യാന്‍സര്‍ ഇന്ത്യാസ് മിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ക്യാന്‍സര്‍ എന്ന രോഗം കൊണ്ട് ഏല്‍ക്കുന്ന മുറിവ് ഇല്ലാതാക്കുകയാണ്. മറ്റ് രോഗങ്ങളെ നേരിടുന്നപോലെ ക്യാന്‍സറിനേയും നേരിടുകയാണ്. പലരും ഇത്തരമൊരു അസുഖമുള്ളതായി പുറത്തു പറയാന്‍ പോലും ഭയപ്പെടുന്നു. പലരേയും ജീവിത പങ്കാളിയെ നഷ്ടമാകുമോ ജോലി നഷ്ടമാകുമോ കുട്ടികള്‍ക്കും പാരമ്പര്യമായി അസുഖം ബാധിക്കുമോ എന്ന ആശങ്കകള്‍ അലട്ടിക്കൊണ്ടിരിക്കും.

ക്യാന്‍സറില്‍ നിന്നും രക്ഷനേടിയവരെ ഇത്തരക്കാര്‍ക്ക് മുന്നില്‍ എത്തിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയുമാണ് ഇതിന് പോംവഴിയായി സുശാന്ത് കണ്ടെത്തിയത്. ഒരു ക്യാന്‍സര്‍ രോഗിയോ അതിജിവിച്ചയാളോ പരിചരിക്കുന്നയാളോ അണ്‍ക്യാന്‍സര്‍ ഇന്ത്യാസ് മിഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോമിലോ ഫേസ്ബുക്ക് പേജിലോ രജിസ്റ്റര്‍ ചെയ്താല്‍ അതേ അവസ്ഥയിലുള്ള മറ്റൊരാളുമായി ഇവരെ ബന്ധപ്പെടുത്തുന്നു. അവരുടെ അനുഭവങ്ങളിലൂടെ പരസ്പരം സഞ്ചരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇത് അവരുടെ നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുകയും പല മികച്ച വഴികളിലൂടെ സഞ്ചരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ ഈ പ്ലാറ്റ്‌ഫോമില്‍ അംഗമായിക്കഴിഞ്ഞാല്‍ രോഗത്തോട് മല്ലിടാനുള്ള ആത്മവിശ്വാസം നേടാനാകും. ക്യാന്‍സറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന്‌പോകുന്നവരില്‍ നിന്നും സംശയങ്ങള്‍ ചോദിച്ച് മനസിലാക്കാനും സാധിക്കും. വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതിന് പിന്നിലുള്ള സംഘം കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിവരികയാണ്.

2022 ആകുമ്പോഴേക്കും പുതുതായി 22 മില്ല്യണ്‍ ക്യാന്‍സര്‍ രോഗികള്‍കൂടി ഉണ്ടാകുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവും അടിസ്ഥാന സൗകര്യത്തിന്റെ കുറവും ഇത്തരം രോഗികളെ ബാധിക്കും. അതുകൊണ്ടുതന്നെ ആവര്‍ക്കാവശ്യമായ പിന്തുണ നല്‍കുകയാണ് അണ്‍ക്യാന്‍സര്‍ ഇന്ത്യയുടെ ഉദ്ദേശം. ക്യാന്‍സര്‍ രോഗികള്‍ക്കായി മികച്ചതും അനുയോജ്യമായതുമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കുകയാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് സുശാന്ത് പറയുന്നു. ഒരു വിദ്യാര്‍ഥിയായ സുശാന്തിന് ഇപ്പോള്‍ അത്തരമൊരു സജ്ജീകരണം ഒരുക്കുന്നതിനുള്ള സാഹചര്യം നിലവിലില്ല. എന്നാല്‍ ഡി ബി എസ് ബാങ്ക് ഈ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിനായി ഫണ്ട് നല്‍കാനും പിന്തുണക്കാനും അവര്‍ തയ്യാറാണ്. ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിച്ച് അണ്‍ക്യാന്‍സര്‍ ബിസിനസ്സ് മോഡല്‍ മികച്ച അഞ്ച് ഗ്ലോബല്‍ ഇന്നോവേഷന്‍സുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.