വിശക്കുന്നവര്‍ക്കായി ഗ്ലോ ടൈഡ്

0

ഒരു മനുഷ്യന്‍ ഓടയിലെ വെള്ളം ആര്‍ത്തിയോടെ കുടിക്കുന്നത് കാണാനിടയായതാണ് മുസ്തഫ ഹാഷ്മിയുടെ മനസില്‍ ഗ്ലോ ടൈഡ് എന്ന സംഘടനയുടെ ഉദയത്തിന് കാരണമായത്. ഇത്രയും ജീര്‍ണിച്ച ജലം എന്തിനു കുടിക്കുന്നുവെന്ന് അയാളോട് അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ രണ്ടാഴ്ചയായി പട്ടിണികിടക്കുകയായിരുന്ന അയാളുടെ അവസ്ഥ അയാള്‍ വിവരിച്ചത്. കുടിക്കാന്‍ ശുദ്ധജലം പോലും ലഭിക്കാത്ത അയാളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു . വിശപ്പാണ് ലോകത്ത് മറ്റെന്തിനേക്കാളും വലുത് എന്ന് മുസ്തഫക്ക് മനസിലായ നിമിഷം. മനുഷ്യന്‍ മനുഷ്യനെതന്നെ തിന്നുന്ന വിശപ്പിന്റെ മൂര്‍ധന്യ അവസ്ഥ ഭയാനകമാണെന്ന് മുസ്തഫ തിരിച്ചറിഞ്ഞു.

വിശക്കുന്നവര്‍ക്കായി തനിക്കാകുന്നത് ചെയ്യണമെന്ന ദൃഢനിശ്ചയം മുസ്തഫ ഉറപ്പിച്ചു. അതിനായാണ് ഹൈദ്രാബാദ് നഗരത്തില്‍ പാഴാക്കുന്ന ആഹാരം ശേഖരിച്ച് വിശക്കുന്നവര്‍ക്ക് നല്‍കാനുള്ള ഒരു പദ്ധതിക്ക് മുസ്തഫ രൂപം നല്‍കിയത്. ലോകത്ത് വികസിത രാഷ്ട്രങ്ങളിലുള്‍പ്പെടെ 98 ശതമാനത്തോളം ആളുകള്‍ വിശപ്പിനാല്‍ വലയുന്നവരാണ്. 2013ലെ ല്‍ ഹംഗര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ലോകത്തെ വിശപ്പിന്റെ കാല്‍ ഭാഗവും ഇന്ത്യയിലാണെന്ന് വ്യക്തമാക്കുന്നു. ഇതില്‍ കേദേശം 210 മില്ല്യണ്‍ ആളുകള്‍ വിശപ്പിന്റെ വിളികളുമായി ജീവിക്കുന്നവരാണ്.

ലോകത്ത് ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ കുറവും അവ കൃത്യമായ രീതീയില്‍ വിതരണം ചെയ്യുന്നതിലുള്ള പിഴവുകളുമാണ് ഇതില്‍ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. വിശപ്പടക്കുന്ന ജനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി കാര്യമായ പുരോഗതിയൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നതാണ് സത്യം. സാമ്പത്തിക രാഷ്ട്രീയവുമായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെങ്കിലും ദാരിദ്ര്യവും ഭക്ഷണം പാഴാക്കുന്നതുമാണ് ഇതിലെ പ്രധാര കാരണങ്ങളിലൊന്ന്.

ഒരു വിഭാഗം ജനങ്ങള്‍ ആഹാരം നിര്‍ദാക്ഷിണ്യം പാഴാക്കുമ്പോള്‍ ഒരു വിഭാഗം വിശപ്പകറ്റാന്‍ പച്ചവെള്ളം മാത്രം കുടിക്കുന്നു. ക്യാന്റീനുകള്‍, കല്യാണ ആഘോഷങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ നിരവധി ഇടങ്ങളിലാണ് ആഹാരം പാഴാക്കപ്പെടുന്നത്.

മുസ്തഫ ഒരു അവസാന വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന സമയത്താണ് വിശക്കുന്നവന്റെ വയറു നിറക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇതിനായി ഗ്ലോ ടൈഡ് എന്ന സംഘടനക്ക് രൂപെ കൊടുക്കാന്‍ മുസ്തഫ തീരുമാനിച്ചു. ആഹാരം പാഴാക്കുന്നയിടങ്ങളില്‍ നിന്നും അവ ശേഖരിച്ച് വിശക്കുന്നവര്‍ക്ക് നല്‍കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. വരുമാനമൊന്നും കാംക്ഷിക്കാതെ സമൂഹ നന്മക്കായി വേണ്ടി മാത്രം രൂപീകരിച്ചതായിരുന്നു സംഘടന.

തുടക്കത്തില്‍ മുസ്തഫ ഒറ്റക്കാണ് സംഘടന നടത്തിയതെങ്കിലും പിന്നീട് ആറ് സുഹൃത്തുക്കളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി. കല്യാണ ആഘോഷങ്ങള്‍, ഹോട്ടലുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ മിച്ചം വരുന്ന ആഹാരം ശേഖരിച്ച് തെരുവോരത്തും മറ്റും വിശന്നിരിക്കുന്ന പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാലിപ്പോള്‍ ദിവസവും 125 മുതല്‍ 150വെര ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കാന്‍ സംഘടനക്ക് കഴിയുന്നുണ്ട്.

സംഘടന വളര്‍ന്നു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിത്തുടങ്ങി. ആഹാരം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താനും അവിടെ നിന്നും എത്തിക്കാനുള്ള വോളന്റിയര്‍മാരും ലഭ്യമായി. എന്നാലിവ എത്തിക്കുന്നതിനുള്ള ഗതാഗത ചെലവ് വഹിക്കാന്‍ കഴിയാതെ വന്നു. പലപ്പോഴും സ്വകാര്യ വാഹനങ്ങളിലും ഓട്ടോറിക്ഷ വാടകക്കെടുത്തും അവര്‍ ആഹാരം എത്തിച്ചു. കൂടുതല്‍ വോളന്റിയര്‍മാര്‍ വഴി കൂടുതല്‍ ഹോട്ടലുകളില്‍ നിന്നും ആഹാരവും എത്തിച്ചു.

എന്‍ ജി ഒ കളുമായി സംഘടിച്ച് ആഹാര വിതരണം കൂടുതല്‍ മികച്ചതാക്കാനും ശ്രമിച്ചു, എന്‍ ജി ഒകളുടെ സഹായത്തോടെ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനും ഒരു രൂപ സംഭാവനയായി ശേഖരിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സാധിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ദിവസം ഒരു നേരത്തെ ആഹാരം എന്ന പദ്ധതിയില്‍ 20,000 പേരെ ഉള്‍പ്പെടുത്തണമെന്നാണ് മുസ്തഫയുടെ ആഗ്രഹം. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിവരുനന്നത്. മറ്റെന്തിനേക്കാളും വിശന്നിരിക്കുന്ന ഒരാളുടെ വയറു നിറയുന്നതും, അതിലൂടെ അയാളുടെ കണ്ണുകളിലുണ്ടാകുന്ന പ്രകാശവുമാണ് തന്നെ ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുസ്തഫ പറയുന്നു.