ആഭരണങ്ങളില്‍ കാവ്യമൊരുക്കി പല്ലവി

0

തന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവങ്ങളും പല്ലവിക്ക് പ്രചോദനങ്ങളാണ്. ഓരോ അനുഭവങ്ങളും സംഭവങ്ങളും തന്റെ ഡിസൈനിംഗിനുള്ള പ്രേരക ശക്തികളാണെന്നാണ് പല്ലവിയുടെ പക്ഷം. ഒരു സംരംഭം തുടങ്ങുക ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വെല്ലുവിളികള്‍ എപ്പോഴും നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും. ഇതിനെ ധൈര്യപൂര്‍വ്വം നേരിട്ട് പ്രതിബന്ധങ്ങളെ അതിജീവിക്കുകയാണ് വേണ്ടതെന്നും പല്ലവി പറയുന്നു.

പല്ലവി ആരാണെന്നല്ലേ ഇനിയുള്ള ചോദ്യം? ബംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന പല്ലവി ഫോലെയ് ബൊട്ടീക് ജുവല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായാണ് ഇന്ന് പല്ലവി എന്ന പല്ലവി ഫോലെയ്. പല്ലവി ആളു നിസാരക്കാരിയല്ലെന്ന് ബൊട്ടീകിന്റെ പ്രവര്‍ത്തനങ്ങളില്‍വിന്ന് മനസിലാകും.

ദേശീയ തലത്തില്‍നിന്നും അന്തര്‍ദേശീയ തലത്തില്‍നിന്നും വരെ ക്ലയിന്റുകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ആഭരണ ഡിസൈനുകള്‍ തയ്യാറാക്കി നല്‍കുകയാണ് പല്ലവി. ഒരു ഡിസൈന്‍ സ്റ്റുഡിയോ എന്നതിലുപരി പുതിയ പുതിയ ഡിസൈനുകള്‍ കണ്ടുപിടിക്കുന്നതിലാണ് സ്ഥാപനത്തിന്റെ പ്രസക്തി.

ജോലിയില്‍നിന്ന് ഒഴിയുന്ന സമയങ്ങളില്‍ പല്ലവി എന്‍ ഐ എഫ് ടി, ജി ഐ എ തുടങ്ങിയ ഡിസൈന്‍ കോളജുകളില്‍ ജൂറി അംഗമായി പ്രവര്‍ത്തിക്കും. ഇന്റര്‍നാഷണല്‍ ഡിസൈനിംഗ് കോളജുകളിലേക്ക് കോഴ്‌സുകളും പല്ലവി നിര്‍ദേശിക്കാറുണ്ട്. ബിസിനസിന്റെ അടിസ്ഥാന ശക്തി ഡിസൈന്‍ ആണെന്നാണ് പല്ലവ ിപറയുന്നത്. സൃഷ്ടിപരമായ ഓരോരുത്തരുടെയും കഴിവുകള്‍ തെളിയിക്കാനുള്ള തരത്തിലുള്ള കോഴ്‌സുകളാണ് താന്‍ നല്‍കാറുള്ളത്.

കുട്ടിക്കാലത്ത് തന്നെ ഡിസൈനിംഗ് രംഗത്ത് പല്ലവി കഴിവ് തെളിയിക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ ഉദാഹരമാണ് നാലാം വയസില്‍ പല്ലവി വരച്ചിരുന്ന ചിത്രങ്ങള്‍. നിരവധി മത്സരങ്ങളില്‍ ഇതിന് പല്ലവിക്ക് ഏറെ അവാര്‍ഡുകളും കിട്ടിയിരുന്നു. ഇത് പറയുമ്പോള്‍ തന്റെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോഴും പല്ലവിയുടെ മനസില്‍ തെളിയുന്നത്. മുത്തശ്ശി ആ സമയങ്ങളില്‍ക്യാന്‍സറിന്റെ മൂന്നാംഘട്ട കീമോ തെറാപ്പി ചെയ്യുകയായിരുന്നു. എന്നിട്ടും താന്‍ അവാര്‍ഡുകള്‍ വാങ്ങുന്നത് കാണാന്‍ മുത്തശ്ശി സ്ഥിരമായി സ്‌കൂളിലെത്തിയിരുന്നു. തനിക്ക് മികച്ച പ്രോത്സാഹനമായിരുന്നു മുത്തശ്ശി.

നൈനിറ്റാളിലെ ഷേര്‍വുഡ് കോളജിലാണ് പല്ലവി പഠിച്ചത്. അവിടെനിന്നാണ് തന്നിലെ കലാകാരിയെ പല്ലവി തിരിച്ചറിഞ്ഞത്. ഒഴിവ് സമയങ്ങളില്‍ പതിവായി കുന്നുകളിലേക്കുിം മലകളിലേക്കുമെല്ലാം സുഹൃത്തുക്കളോടൊത്ത് പല്ലവി നടക്കാന്‍ പോകുമായിരുന്നു. അങ്ങനെ പ്രകൃതി തന്റെ പ്രേരക ശക്തിയായി മാറി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍നിന്ന് ഡിസൈനിംഗില്‍ ഗ്രാജ്വേഷനും പല്ലവി നേടിയിട്ടുണ്ട്. അതിനുശേഷം തനിഷ്‌ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. പത്ത് വര്‍ഷത്തോളം അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ഇവിടെനിന്നുള്ള പരിചയം തന്നെയാണ് തന്റെ ജോലികള്‍ക്കുള്ള ആദ്യ പ്രചോദനമെന്നാണ് പല്ലവി പറയുന്നത്. പല്ലവിയുടെ വാക്കുകളില്‍ ഡിസൈന്‍ എപ്പോഴും നമ്മുടെ പ്രചോദനം എന്നതിനപ്പുറം നമ്മള്‍ ചെയ്യുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഡിസൈന്‍. ഒരു ജോലിയുടെ ഉത്ഭവവും റിസല്‍ട്ടുമെല്ലാം ഡിസൈന്‍ തന്നെയാണ്.

ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുപോലെയാണ് പല്ലവിയെ സംബന്ധിച്ച് ഒരു പുതിയ ഡിസൈന്‍ ചെയ്യുകയെന്നത്. ഓരോ ഡിസൈനിംഗും പല്ലവിക്ക് ഓരോരോ അനുഭവങ്ങളാണ്. ജീവിതത്തിലെ തന്റെ എല്ലാ അനുഭവങ്ങളും തന്റെ ഡിസൈനിംഗിനെ സ്വാധീനിക്കുമെന്ന് പല്ലവി പറയുന്നു. താന്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, അതോടൊപ്പം പുതിയ സംസ്‌കാരങ്ങള്‍ പരിചയപ്പെടാനും, കലകള്‍ ആസ്വദിക്കാനും, ചരിത്രം വായിക്കുവാനും, പ്രകൃതിയെക്കുറിച്ച് പഠിക്കാനും, ഇഷ്ടപ്പെട്ട വസ്തുക്കള്‍ ശേഖരിക്കാനുമെല്ലാം ഇഷ്ടപ്പെടുന്നു. ഇതില്‍നിന്നൊക്കെയാണ് തന്റെ ഡിസൈനുകള്‍ക്കുള്ള ആശയം കണ്ടെത്തുന്നത്. പല്ലവിയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി പുരസ്‌കാരങ്ങളും പല്ലവിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ആക്‌സസറി ഡിസൈനിംഗിന് എന്‍ ഐ ഡി ബിസിനസ് വേള്‍ അവാര്‍ഡ് ലഭിച്ചു.

കലയ്ക്ക് സ്ത്രീ പുരുഷ വ്യത്യസമില്ലെന്നാണ് പല്ലവിക്ക് പറയാനുള്ളത്. ജോലി എന്തായാലും അതേക്കുറിച്ച് നമ്മള്‍ വ്യക്തമായി മനസിലാക്കിയിരിക്കുക എന്നതാണ് പ്രധാനം. അതിന്റെ റിസള്‍ട്ട് അതിന്റെ വഴിയേതന്നെ വരും. ഒരു സംരംഭക എന്ന നിലയില്‍ ഒരു സ്ത്രീ നേരിടുന്ന വെല്ലുവിളികള്‍ പലപ്പോഴും അവര്‍ക്ക് നേട്ടങ്ങള്‍ കൂടിയാണ്. എല്ലാവരുടെയും നന്മക്ക് വേണ്ടി മാത്രം നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ മതിയാകും, പലപ്പോഴും നെഗറ്റീവ് എന്ന് കരുതുന്ന കാര്യങ്ങള്‍ വരെ നമുക്ക് അനുകൂലമായി വരാന്‍.

തന്റെ ജീവിതത്തിന് മൂന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ് ഉള്ളതെന്ന് പല്ലവി പറയുന്നു. ഒന്ന് ഏത് പ്രതിബന്ധങ്ങളെയും നമ്മള്‍ മറികടക്കുമെന്ന ആത്മവിശ്വാസം. രണ്ടാമത്തേത് ജീവിതത്തില്‍ അച്ചടക്കം പാലിക്കുകയെന്നതാണ്. ഇതിന് പല്ലവി കടപ്പെട്ടിരിക്കുന്നത് തന്റെ ബോഡിംഗ് സ്‌കൂളിനോടാണ്. അവിടെനിന്നാണ് അച്ചടക്കവും നല്ല ശീലങ്ങളുമെല്ലാം ശരീര സംരക്ഷണവും വ്യായാമവമെല്ലാം പഠിച്ചത്. തന്റെ പിതാവിന് 63 വയസുണ്ടെങ്കിലും ഇപ്പോഴും എല്ലാ ദിവസങ്ങളിലും ഓരോ മണിക്കൂര്‍ ഓടാറുണ്ടെന്ന് പല്ലവി പറയുന്നു. അദ്ദേഹം ഒരു മാരത്തോണ്‍ റണ്ണറാണ്. എന്ത് കാര്യവും നമ്മള്‍ അച്ചടക്കത്തോടെ ചെയ്താല്‍ പ്രായ വ്യത്യാസമില്ലാതെ നമുക്ക് അത് സുഗമമാക്കാനാകും. അച്ഛന്റെ ജീവിതം തനിക്ക് വളരെ പ്രചോദനമാണെന്ന് പല്ലവി പറയുന്നു.

അവസാനമായി പല്ലവി കടപ്പെട്ടിരിക്കുന്നത് തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമാണ്. അവര്‍ അളവില്ലാത്ത പിന്തുണയാണ് തനിക്ക് നല്‍കുന്നത്. തന്റെ ഭര്‍ത്താവായ നെയില്‍ എപ്പോഴും തന്നോടൊപ്പമുണ്ട്. തന്റെ മകള്‍ നിയയും തന്റെ പ്രചോദനമാണ്. അവള്‍ എപ്പോഴും തന്റെ സ്റ്റുഡിയോയില്‍ വരികയും മറ്റുള്ളവരോടൊപ്പം തന്റെ ജോലിയുടെ ഭാഗമാകാനും ശ്രദ്ധിക്കാറുണ്ട്. അവധി ദിവസങ്ങളില്‍ അവള്‍ അവിടെത്തന്നെയാകുമെന്ന് പല്ലവി പറയുന്നു.

പല്ലവിക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. പല്ലവി യാത്ര തുടരുകയാണ്...