മറവിയുടെ മാറാല കെട്ടി മഹാത്മജിയുടെ കാലടികള്‍

0

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് അധികമാരും കാണാത്തതും ഓര്‍മിക്കാത്തതുമായ ഒരു സ്ഥലമുണ്ട്, മഹാത്മാഗാന്ധിയുടെ സ്മരണ നിലനില്‍ക്കുന്ന ഒരിടം. പുളിമൂട്ടില്‍ നിന്ന് അംബുജവിലാസം റോഡിലിറങ്ങുമ്പോള്‍ പഴയ ധന്വന്തരി മഠം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സമീപത്താണ് മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ ആ പുണ്യഭൂമി. എന്നാല്‍ ഇന്ന് ആരോരും അറിയാതെ കാടുകയറി നാശത്തിന്റെ പാതയിലാണ് ഇവിടം.

ധന്വന്തരിമഠം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് പിറകിലെ ഷെഡ്ഡില്‍ മുമ്പ് സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും തൊഴിലാളി നേതാവുമായിരുന്നു ജുബ്ബാ രാമകൃഷ്ണപിള്ള ദളിതര്‍ക്കായി ഒരു ഹിന്ദി വിദ്യാലയവും തയ്യല്‍ പരിശീലനകേന്ദ്രവും നടത്തിയിരുന്നു. നഗരത്തിലെ ആദ്യ ഹിന്ദി ക്ലാസുകളിലൊന്ന് ഇതായിരുന്നു. 1937ല്‍ ഗാന്ധിജി തിരുവനന്തപുരത്ത് വന്നപ്പോള്‍ ജുബ്ബാ രാമകൃഷ്ണപിള്ള ഗാന്ധിജിയെ തന്റെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചു. ദളിതരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കാണാന്‍ ഗാന്ധിജി ഇവിടേക്ക് എത്തുകയും ചെയ്തു. രാഷ്ട്രപിതാവിന്റെ അവസാന കേരള സന്ദര്‍ശനവേളയിലായിരുന്നു ഇത്. 1937 ജനുവരി 10നാണ് ഗാന്ധിജി പരിശീലന കേന്ദ്രം സന്ദര്‍ശിച്ചത്. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി ഗാന്ധിജിയുടെ ഒരു അര്‍ധകായ പ്രതിമയും ഇവിടെ സ്ഥാപിച്ചു.

റോഡരികിലെ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ 2000ല്‍ എ കെ ആന്റണിയാണ് അനാവരണം ചെയ്തത്. തലസ്ഥാനത്തെ പഴക്കം ചെന്ന വൈദ്യശാലകളില്‍ ഒന്നാണ് അംബുജവിലാസം റോഡിലെ ധന്വന്തരിമഠം. ആയുര്‍വേദ കോളജിലെ ഡോക്ടറായിരുന്ന കുമരകം പരമേശ്വരന്‍ നായരായിരുന്നു വൈദ്യശാലയുടെ സ്ഥാപകന്‍. വൈദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം കെട്ടിടം അടച്ചിട്ട നിലയിലാണ്. ഇതോടെ മഠത്തിന് പിറകിലെ ഷെഡ്ഡിന് സമീപത്തുള്ള സ്ഥലം ചപ്പുചവറുകള്‍ നിറഞ്ഞ് ആരും നോക്കാത്ത അവസ്ഥയിലായി. വളപ്പിലെ വൃക്ഷത്തില്‍ നിന്നുള്ള ഇലകളും കമ്പുകളുമെല്ലാം പ്രതിമയിലാണ് വീഴുന്നത്. സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള രാഷ്ട്രപിതാവിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി സംരക്ഷണത്തിനായി സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും തയാറാകണമെന്നാണ് ചരിത്രകാരന്മാരുടെ ആവശ്യം.