ഇന്ത്യയുടെ ആദ്യത്തെ സോളാര്‍ ബോട്ട് കൊച്ചിയില്‍ നിന്ന്

0

ഇന്ന് ഗതാഗത മേഖല നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ധന ദൗര്‍ലഭ്യം. കരമാര്‍ഗമായാലും ജലമാര്‍ഗമായാലും സ്ഥതി മറിച്ചല്ല. ഇതിനു പരിഹാരമായി ലോകവ്യാപകമായി സോളാര്‍ എനര്‍ജി പോലുള്ള പ്രകൃതിദത്ത ഊര്‍ജ സ്രോതസുകള്‍ പരീക്ഷിക്കുകയാണ്. എല്ലാ മേഖലകളിലെയും പോലെ ഗതാഗത മേഖലയിലും സോളാര്‍ വച്ചുള്ള പരീക്ഷണങ്ങള്‍ നടക്കുന്നു. ആഗോളതലത്തില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനങ്ങള്‍ നിരവധി രാജ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റ് ഊര്‍ജസ്രോതസുകളെക്കാള്‍ നിര്‍മാണച്ചെലവും വരുന്നതിനാലാണ് സോളാര്‍ എനര്‍ജി സിസ്റ്റം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വ്യാപകമാകാത്തത്. എന്നാല്‍ രാജ്യത്ത് തന്നെ ആദ്യമായി സോളാര്‍ എനര്‍ജി ഉപയോഗിച്ചുള്ള ബോട്ട് ഓടുന്നതിന്റെ അംഗീകാരം നമ്മുടെ കേരളത്തിനാണ്. കൊച്ചി ആസ്ഥാനമായ നവ്ആള്‍ട്ട് സോളാര്‍ ആന്റ് ഇലക്ട്രിക്കല്‍ ബോട്ട്‌സ് എന്ന സ്ഥാപനമാണ് കേരളത്തിന് ഈ അംഗീകാരം നേടിയെടുത്തത്. കേരള ജലഗതാഗത വകുപ്പുമായി സഹകരിച്ചാണ് ഇവര്‍ കുറഞ്ഞ ചെലവില്‍ സോളാര്‍ ബോട്ട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

പ്രധാനമായും കൊച്ചിയിലെ ഉള്‍നാടന്‍ ജലഗതാഗതം ലക്ഷ്യമിട്ടാണ് സോളാര്‍ ബോട്ട് സവാരിക്കൊരുങ്ങുന്നത്. 20 മീറ്റര്‍ നീളമുള്ള ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 20 കിലോവാട്ട് വീതമുള്ള രണ്ട് ഇലക്ട്രിക്ക് മോട്ടോര്‍ ആണ് ബോട്ടില്‍ പ്രധാനമായും ഉള്ളത്. 50 കിലോവാട്ട് ലിഥിയം ബാറ്ററി പാക്കപ്പ് ആണ് ഇവയ്ക്കുള്ളത്. 20 കിലോ വാട്ട് പവറുള്ള സോളാര്‍ മൊഡ്യൂളാണ് ബോട്ടില്‍ ഘടിപ്പിക്കുന്നത്. ഇവയാണ് സോളാര്‍ എനര്‍ജി സ്വീകരിച്ച് ബോട്ടിന് സഞ്ചരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്. 7.5 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടിന് തുടര്‍ച്ചയായി ആറ് മണിക്കൂര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും. 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധ്യമാകുന്ന തരത്തിലാണ് ബോട്ടിന്റെ നിര്‍മാണം.

നേവല്‍ ആര്‍ക്കിടെക്ചറായ സന്ദിദ് തണ്ടാശേരിയാണ് സോളാര്‍ ബോട്ട് എന്ന ആശയത്തിന് പിന്നില്‍. നിരവധി പരീക്ഷണങ്ങള്‍ നടത്തിയാണ് സോളാര്‍ ബോട്ട് എന്ന ആശയം ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് സന്ദിത് പറയുന്നു. വന്‍ തുക റിസര്‍ച്ചിനായി ചെലവായിട്ടുണ്ട്. പുതിയ കമ്പനിയുടെ തുടക്കത്തിലുള്ള സംരംബം നേരിടുന്ന എല്ലാ വെല്ലുവിളികളും സോളാര്‍ ബോട്ടിന്റെ അണിയറിയിലും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നൊക്കെ ഒരുപാഠങ്ങള്‍ ഉള്‍ക്കൊള്ളാനായെന്നും സന്ദിദ് പറയുന്നു. ബോട്ട് വിപണിയിലെത്തിയാല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും പറയുന്നു ഈ 38 കാരന്‍. മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത സന്ദിദ് ഗുജറാത്ത് ഷിപ്പിയാര്‍ഡ്, സൗത്ത് കൊറിയന്‍ ഷിപ്പിയാര്‍ഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള എംബിഎ പഠനത്തിനു ശേഷമാണ് ഇപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി കമ്പനി ആരംഭിച്ചത്. നവാഗതി മറെന്‍ ഡിസൈന്‍സ് ആന്റ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് സന്ദിത് കൊച്ചിയില്‍ ആരംഭിച്ചത്.

ആള്‍ട്ട്എന്‍, ഇവ് സിസ്റ്റംസ് എന്ന രണ്ട് ഫ്രഞ്ച് കമ്പനികളുമായി സഹകരിച്ച്് നവ്ആള്‍ട്ട് സോളാര്‍ ആന്റ് ഇലക്ട്രിക്കല്‍ ബോട്ട്‌സ് എന്ന പേരിലാണ് സോളാര്‍ ബോട്ട് നിര്‍മാണം ആരംഭിച്ചത്. യൂറോപ്പില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സോളാര്‍ ബോട്ടുകള്‍ ഡിസൈന്‍ ചെയ്ത കമ്പനിയാണ് ആള്‍ട്ട്എന്‍(ആള്‍ട്ടര്‍നേറ്റിവ് എനര്‍ജീസ്). ഇലക്ട്രിക്കല്‍ പവര്‍ മാനെജ്‌മെന്റില്‍ വിദഗ്ധരാണ് ഇവ് സിസ്റ്റംസ്. ഇപ്പോള്‍ നിരവധി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നവാഗതി മറെന്‍ ഡിസൈനേഴ്‌സ്. കേരള ജലഗതാഗത വകുപ്പിനു ശേഷം മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിക്കാനുള്ള തയാറെടുപ്പിലാണ് സന്ദിദും സുഹൃത്തുക്കളും. സോളാര്‍ ബോട്ട് യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ പാര്‍ട്ട്ണര്‍മാരെ കിട്ടുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. വന്‍തോതില്‍ ബിസിനസ് നടത്തുന്നതിന് ഐഐടിയില്‍ ഒപ്പം പഠിച്ച സുഹൃത്തുക്കളാണ് സന്ദിദിന് സഹായമായത്. വിദ്യാനന്ദ് മുരുന്നിക്കര, വിദ്യ ജിതേഷ്, ഹൃഷികേഷ് ഉണ്ണി, അമൃത ഉണ്ണി എന്നീ സുഹൃത്തുക്കള്‍ സന്ദിദിന്റെ കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്തു.

ഫ്രഞ്ച് ടെക്‌നോളജി ഉപയോഗിച്ചാണ് ചെലവ് കുറഞ്ഞ രീതിയില്‍ ബോട്ട് നിര്‍മാണം നടത്തുന്നത്. ഒരു സാധാരണ സോളാര്‍ ഫെറി നിര്‍മിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 7.5 കോടി രൂപ ചെലവാകും. ഇന്ത്യയില്‍ ഇത് മൂന്നു കോടിയായി കുറയ്ക്കാന്‍ സാധിക്കും. സാധാരണ ബോട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയില്‍ രണ്ടു കോടിയാണ് നിര്‍മാണ ചെലവ്. എന്നാല്‍ ഇവ വര്‍ഷംപ്രതി 20 ലക്ഷം രൂപയുടെ ഇന്ധനം ഉപയോഗിക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സോളാര്‍ ബോട്ടുകളാണ് സാധാരണ ഉപയോഗിക്കുന്നവയെക്കാള്‍ ലാഭം. നിര്‍മാണ ചെലവ് അല്‍പം ഉയര്‍ന്നാലും ഇന്ധനചെലവ് വന്‍തോതില്‍ ലാഭിക്കാം. കേന്ദ്ര സര്‍ക്കാര്‍ സോളാര്‍ പദ്ധതികള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ സോളാര്‍ ബോട്ടുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. അതുകൊണ്ടു തന്നെ ഇവയുടെ നിര്‍മാണ ചെലവ് ഉപഭോക്താവിനെ ബാധിക്കില്ല. സര്‍ക്കാര്‍ ലക്ഷ്യമിടുന്നതുപോലെ അന്തരീക്ഷ മലിനീകരണ തോത് വളരെ കുറയ്ക്കാനാകും. കൂടാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉല്‍പന്നം വിറ്റഴിക്കുകയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇവ ലഭ്യമാക്കുകയും ചെയ്യാം എന്നതും സോളാറിന്റെ പ്രത്യേകതയാണെന്ന് പറഞ്ഞ് നിര്‍ത്തുന്നു സന്ദിത്.