ബംഗലൂരുവില്‍നിന്നും ധാരാവിയിലേക്ക്...

0


ഒരു കമ്പനി തുടങ്ങി അതു കൊണ്ടുപോവുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിസാരമായ കാര്യമല്ല. 2015 ല്‍ വേള്‍ഡ് ബാങ്ക് പുറത്തിറക്കിയ ബിസിനസ് രാജ്യങ്ങളുടെ പട്ടികയില്‍ 130ാം സ്ഥാനത്താണ് ഇന്ത്യ. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി വന്നതോടെ 2016 ല്‍ കാര്യങ്ങള്‍ കുറച്ചുകൂടി സുഗമമായിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നതില്‍ രാജ്യം ഇനിയും വളരെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ഇവയൊന്നും കണക്കിലെടുക്കാതെയാണ് ഷിതിജ് മാര്‍വാഹ് ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ ടെസറാക്ട് ഇന്ത്യയില്‍ തുടങ്ങിയത്. ഷിതിജിന് വേണമെങ്കില്‍ യുഎസില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈ ബിസിനസ് തുടങ്ങാമായിരുന്നു. എന്നിട്ടും സ്റ്റാര്‍ട്ടപ് തുടങ്ങാനായി ഷിതിജ് തിരഞ്ഞെടുത്തത് ഇന്ത്യയെയാണ്. ഇവിടെയാണ് ഷിതിജും ടീമംഗങ്ങളും ചേര്‍ന്ന് ഇന്ത്യയില്‍ 360 ഡിഗ്രി ക്യാമറ വികസിപ്പിച്ചെടുത്ത കഥ തുടങ്ങുന്നത്.

ഐഐടി ഡല്‍ഹിയില്‍ നിന്നുമാണ് ഷിതിജ് മാര്‍വാഹിന്റെ (28) കഥ തുടങ്ങുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലും സ്റ്റാന്‍ഫോര്‍ഡിലും ചെറിയ കാലയളവില്‍ ചെയ്ത ഇന്റേണ്‍ഷിപ്പാണ് ടെക്‌നോളജിയെക്കുറിച്ചും പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും ഷിതിജിന് കൂടുതല്‍ ധാരണ നല്‍കിയത്. കോളജില്‍ നിന്നും ബിരുദം നേടിക്കഴിഞ്ഞതിനുശേഷം

പരമ്പരാഗത തൊഴില്‍ മേഖലയിലേക്ക് പോകാന്‍ ഷിതിജ് താല്‍പര്യപ്പെട്ടില്ല. അങ്ങനെ ആറുമാസം യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഫോട്ടോഗ്രഫിയില്‍ മുഴുകി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സുഹൃത്തിന്റെ ഉപദേശപ്രകാരം എംഐടി മീഡിയ ലാബ്‌സില്‍ അപേക്ഷിച്ചു. അവിടെ ജോലിയും ലഭിച്ചു. എംഐടിയിലെ അനുഭവ പരിചയത്തിനുശേഷം എംഐടി മീഡിയ ലാബ് ഇന്ത്യയുടെ തലവനായി മുംബൈയിലേക്ക് തിരിച്ചെത്തി. അവരുടെ ആദ്യത്തെ ഡിസൈന്‍ വര്‍ക്‌ഷോപ്പിന്

തുടക്കമിട്ടു. മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വര്‍ക്‌ഷോപ് നടത്തി. ഇതുവഴി ഡിസൈനര്‍മാരെയും ടെക്‌നോളജിസ്റ്റിനെയും കണ്ടെത്തി. എന്നിട്ട് 360 ഡിഗ്രി ക്യാമറ നിര്‍മിക്കാനായി ലൈറ്റ് ഫീല്‍ഡ് ക്യാമറ (എല്‍എഫ്‌സി) ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. ആറു മാസത്തെ പഠനത്തിനുശേഷം ഷിതിജും ടെസറാക്ട് ടീമംഗങ്ങളും ചേര്‍ന്ന് 360 ഡിഗ്രി ക്യാമറ വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി. 360 ഡിഗ്രി, ത്രീഡി എന്നീ പ്രത്യേകതകളുള്ളതും യഥാര്‍ഥ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതുമായ ക്യാമറ വികസിപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

ബെംഗളൂരുവില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ് ആദ്യം ആറു ക്യാമറകള്‍ ഒന്നിപ്പിച്ചുള്ള ഡിസൈന്‍ ഉണ്ടാക്കി. പിന്നീടത് അഞ്ചായും അവസാനം നാലു ക്യാമറകളുമാക്കി. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നുപേരുടെ ആവശ്യം വേണ്ടി വന്നതായിരുന്നു മറ്റൊരു പ്രയാസകരമായ കാര്യം. മാത്രമല്ല ഈ ക്യാമറകളില്‍ നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി അവര്‍ മനസ്സിലാക്കി. വ്യത്യസ്ത തരത്തിലുള്ള സോഫ്റ്റ്!വെയര്‍ ഉപയോഗിച്ച് ഇതു പരിഹരിക്കാന്‍ നോക്കി. എന്നാല്‍ ഒന്നുംതന്നെ ശരിയായില്ല. ഇവയ്ക്കു വേണ്ടിയുള്ള ഹാര്‍ഡ്വെയറും മറ്റൊരു വെല്ലുവിളി ഉയര്‍ത്തി.

ആദ്യം അവര്‍ മൂന്നു ക്യാമറ ഉപയോഗിച്ചു. പിന്നെ രണ്ടെണ്ണമാക്കി. പക്ഷേ അവയെല്ലാം പരാജയപ്പെട്ടു. അവസാനം കുറെ പരീക്ഷണങ്ങള്‍ക്കുശേഷം തങ്ങള്‍ക്കനുയോജ്യമായ ക്യാമറയുടെ ഡിസൈന്‍ തയാറാക്കി. അവര്‍ അതിനു മീഥേന്‍ എന്നു പേരിട്ടു. ക്യാമറയ്ക്ക് അനുയോജ്യമായ ബാറ്ററി രൂപപ്പെടുത്തുന്നതായിരുന്നു അടുത്ത വെല്ലുവിളി. ഒരു മാസം വ്യത്യസ്ത ബാറ്ററികള്‍ പരീക്ഷിച്ചു നോക്കിയതിനുശേഷം മീഥേന്‍ ക്യാമറയ്ക്കു അനുയോജ്യമായ ബാറ്ററി വികസിപ്പിച്ചെടുത്തു. ടാന്‍ഡമില്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്!വെയര്‍ എന്‍ജിനീയര്‍മാര്‍ക്കൊപ്പവും ഗ്രാഫിക് ഡിസൈനേഴ്‌സ്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചതു മൂലം മീഥേന്‍ ഇന്ത്യയിലും നിര്‍മിക്കാന്‍ കഴിയുമെന്നു ഷിതിജിനു വിശ്വാസമുണ്ടായിരുന്നു. ഷിതിജിന്റെ ടീം റിമോട്ട് കണ്‍ട്രോള്‍ വഴി മീഥേന്‍ പ്രവര്‍ത്തിക്കുന്നതിനു ഒരു മൊബൈല്‍ ആപ്പും നിര്‍മിച്ചു.

https://youtu.be/TSxY5uY-10Yഉല്‍പ്പന്നം പായ്ക്ക് ചെയ്യുകയായിരുന്നു അടുത്ത ബുദ്ധിമുട്ടേറിയ കാര്യം. ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നം പായ്ക്ക് ചെയ്യാനായി എത്രത്തോളം സമയവും പണവും ചെലവഴിക്കുന്നതായി ഷിതിജ് നേരത്തെ തന്നെ വായിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് വളരെ സുഗമമായി പാക്കിങ് ചെയ്യുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ഷിതിജ് തീരുമാനിച്ചു. ഇതിനുള്ള ഉത്തരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ നിന്നും കിട്ടി. ധാരാവിയില്‍ പല തരത്തിലുള്ള ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അതിശയത്തോടെ ഷിതിജ് മനസ്സിലാക്കി. അങ്ങനെ തങ്ങളുടെ ക്യാമറ വളരെ കുറഞ്ഞ ചെലവില്‍ പാക്ക് ചെയ്യാനുള്ള കവര്‍ ധാരാവിയില്‍ നിന്നും കിട്ടി. അതില്‍ ടെസറാക്ടിന്റെ ലോഗോ പതിപ്പിച്ചു. ഒപ്പം മെയ്ഡ് ഇന്‍ ഇന്ത്യ എന്നും എഴുതി.

അതിനുശേഷം ക്യാമറയുടെ ഭാഗങ്ങള്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു. അപ്പോള്‍ വൈഫൈ സിഗ്‌നലുകള്‍ ക്യാമറയില്‍ ശരിയായി ലഭിക്കുന്നില്ലെന്നു മനസ്സിലായി. 2011 ല്‍ ഐഫോണ്‍ നേരിട്ട അതേ പ്രശ്‌നം തന്നെയാണ് തങ്ങളും നേരിടുന്നതെന്നും മനസ്സിലാക്കി. പിന്നീടവര്‍ ഇതു ശരിയാക്കി. ക്യാമറയുടെ ഉല്‍പ്പാദനത്തിലെ ഭൂരിഭാഗം ഘട്ടങ്ങളും ഇന്ത്യയ്ക്കു പുറത്തായിരുന്നു. ഹാര്‍ഡ്വെയര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ തുടങ്ങി എല്ലാ ഉല്‍പ്പാദന പ്രവര്‍ത്തനവും ഇന്ത്യയ്ക്കു പുറത്തുള്ള വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ആയിരുന്നുവെന്നു ഷിതിജ് അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ പറഞ്ഞു. തങ്ങളുടെ യാത്രയിലെ ഏറ്റവും രസകരവുമായ ഭാഗം ഇതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവി പദ്ധതികള്‍

10 പേരടങ്ങിയതാണ് ഇവരുടെ ടീം. നിലവില്‍ മീഥേന്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഇനി ബ്രസീല്‍, യുഎസ്, ചൈന, യുകെ, ഡെന്മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും എത്തിക്കാന്‍ പദ്ധതിയുണ്ട്. സഞ്ചാരികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവരാണ് മീഥേന്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഹോബികളുള്ളവരും പ്രൊഫഷണലുകളും താല്‍പര്യമറിയിച്ച് ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്. ഓര്‍ഡര്‍ തന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ മീഥേന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രണ്ടു വ്യത്യസ്ത ഫീച്ചറുകളുള്ള മീഥേനാണ് ഇപ്പോഴുള്ളത്. ആദ്യത്തേതിന്റെ വില 1.5 ലക്ഷമാണ്. കുറച്ചു കൂടി ഫീച്ചറുകള്‍ നിറഞ്ഞതിന് രണ്ടു ലക്ഷമാണ് വില.

ടെസറാക്ടില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമറിയിച്ച് നിരവധി പേര്‍ എത്തുന്നതായി ഷിതിജ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ അടുത്ത ഉല്‍പ്പന്നമായ 360 വിര്‍ച്വല്‍ വീഡിയോ ക്യാമറയായ വികാം നിര്‍മിക്കുന്നതിലാണ് തന്റെ ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉല്‍പ്പന്നം വളരെ ചെറുതും കൂടുതല്‍ സ്റ്റോറേജുള്ളതുമാണ്. സിനിമാ നിര്‍മാണത്തിനും മറ്റു വിഡിയോ ഷൂട്ടിങ്ങുകള്‍ക്കുമായി ഇത്തരത്തിലുള്ള ഒരു ക്യാമറ ആവശ്യപ്പെട്ട് നിരവധി പേര്‍ എത്തുന്നതായി പലതരത്തിലുള്ള പഠനങ്ങളില്‍ നിന്നും ഇവര്‍ക്ക് മനസ്സിലായിരുന്നു. ഇതാണ് ഇത്തരമൊരു ക്യാമറ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്.

രാജ്യാന്തര തലത്തില്‍ 360 ക്യാമറകള്‍ക്ക് നിരവധി ആവശ്യക്കാരുണ്ട്. അടുത്തിടെ സാംസങ് അവരുടെ 360 ഡിഗ്രി ക്യാമറ പുറത്തിറക്കിയിരുന്നു. പാനോപോര്‍ട്ടര്‍ 360 ഫ്‌ലൈയും 36 ഹീറോസും ഈ രംഗത്തെ മറ്റുദാഹരണങ്ങളാണ്. അതിനാല്‍ തന്നെ ടെസറാക്ടിനു മുന്നില്‍ വലിയ വിപണിയാണ് തുറന്നു കിടക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും സ്റ്റാര്‍ട്ടപ് മേഖലയിലെ മാറ്റങ്ങള്‍ക്കു ദൃക്‌സാക്ഷിയായ ഷിതിജ് ഈ മേഖലയില്‍ നിന്നും പുറകോട്ടു പോകുന്നതിനു ഒരു കാരണവുമില്ലെന്നു വിശ്വസിക്കുന്നു. ഇന്ത്യയില്‍ കഴിവുള്ള നിരവധി പേരുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ടെസറാക്ടിനു വിജയം നേടാന്‍ കഴിയുമെന്നും ഷിതിജ് പറയുന്നു.