പൊടിയം സെറ്റില്‍മെന്റില്‍ ഭൂമിയും വീടും സ്‌കൂളും ഉടനടി ലഭ്യമാക്കും

0

വനഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അരുവിക്കര മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും ഒരു മാസത്തിനകം കൈവശാവകാശ രേഖ ലഭ്യമാക്കുമെന്ന് പ'ികജാതി പട്ടികവര്‍ഗ സാംസ്‌കാരിക നിയമ മന്ത്രി എ.കെ ബാലന്‍. അതിനായി മുഴുവന്‍ പേരില്‍ നിന്നും അടിയന്തരമായി അപേക്ഷകള്‍ ലഭ്യമാക്കി വനാവകാശ നിയമമനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രി ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊടിയം ആദിവാസി കോളനി സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ വനമേഖലയിലെ 27.27 സെന്റില്‍മെന്റുകളിലെ 507 ആദിവാസി കുടുബങ്ങള്‍ക്കായി 679 ഏക്കറോളം ഭൂമിയുടെ കൈവശാവകാശ രേഖ വിതരണം ചെയ്യാനുണ്ടെന്നും ഇതിനോടകം 43 അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്നും ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. ജില്ലയില്‍ സബ് ഡിവിഷന്‍ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിച്ച സാഹചര്യത്തില്‍ വനാവകാശ കമ്മിറ്റിയുടെ ശുപാര്‍ശകളോടെ അപേക്ഷകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായും അവര്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിന് സത്വര നടപടികള്‍ ആരംഭിക്കും. പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവ ശ്രദ്ധയില്‍ പ്പെടുത്തണമെന്നും നിര്‍മാണത്തിനും പൂര്‍ത്തീകരണത്തിനും ആവശ്യമായ തുക ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ആദിവാസിമേഖലകളില്‍ സാമൂഹിക പഠനകേന്ദ്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജില്ലയില്‍ അനുവദിച്ച അഞ്ച് സാമൂഹിക പഠനകേന്ദ്രങ്ങളില്‍ മൂന്നും ഈ മേഖലയിലാണ്. വിതുര തലത്തുത്തക്കാവ്, പൊടിയക്കാല, കുറ്റിച്ചല്‍ വാലിപ്പാറ എന്നിവിടങ്ങളിലായി നിര്‍മിക്കുന്ന പഠനകേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റിച്ചലില്‍ 2011 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ ജനപ്രതിനിധികളുമായി സംവദിച്ച് ഉടന്‍ തീരുമാനത്തിലെത്തുമെന്നും ഈ വര്‍ഷം തന്നെ സ്‌കൂളിന്റെ നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളും ഹോസ്റ്റലും തുടങ്ങാന്‍ വാലിപ്പാറയില്‍ കണ്ടെത്തിയ നാലേക്കറോളം സ്ഥലത്തിന് വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍, കുറ്റിച്ചല്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, ഐ.റ്റി.ഡി.പി, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.