ഐവറി കോസ്റ്റില്‍ നിന്ന് നേരിട്ടുളള കശുവണ്ടി ഇറക്കുമതി സാധ്യതകള്‍ ചര്‍ച്ച ചെയ്തു

0

ഐവറി കോസ്റ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ആര്‍. രവീന്ദ്ര ഫിഷറീസ് -ഹാര്‍ബര്‍ എന്‍ജിനീയറിംഗ്- കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മയെ സന്ദര്‍ശിച്ച് കശുഅണ്ടി ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കാഷ്യൂ കോണ്‍ക്‌ളേവിന്റെ തുടര്‍ച്ചയായാണ് അംബാസിഡര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്.

 ഐവറി കോസ്റ്റ് ഉത്പാദിപ്പിക്കുന്ന കശുഅണ്ടിയുടെ എണ്‍പത് ശതമാനവും ഇന്ത്യയിലേക്കാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറക്കുമതിയുടെ അളവ് കുറഞ്ഞു. ഐവറികോസ്റ്റില്‍ കശുഅണ്ടി വാങ്ങുന്നതിനുളള രജിസ്‌ട്രേഷന്‍ ഫീസ് നാലു ശതമാനമാക്കിയതും ഇന്ത്യയിലേക്കുളള ഇറക്കുമതി തീരുവ 9.34 ശതമാനം ആക്കിയതു ചൈന, വിയറ്റ്‌നാം രാജ്യങ്ങളുടെ ഈ മേഖലയിലെ സാന്നിധ്യവുമാണ് ഇന്ത്യയിലേക്കുളള കശുഅണ്ടി ഇറക്കുമതി സാധ്യത കുറച്ചത്. ഐവറി കോസ്റ്റില്‍ കര്‍ഷകരില്‍ നിന്ന് സഹകരണ സംഘങ്ങള്‍ വഴി കശുഅണ്ടി സമാഹരിച്ച് ലേലം ചെയ്താണ് വില്‍ക്കുന്നത്. ഇതിന് പ്രത്യേകമായ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. അവിടത്തെ ഇന്ത്യന്‍ അംബാസിഡര്‍ മുന്‍കൈ എടുത്ത് സര്‍ക്കാരും സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കശുഅണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നത് പരിശോധിക്കും. ഇതിനാവശ്യമായ ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് ഉള്‍പ്പെടെയുളള രേഖകള്‍ വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യന്‍ അംബാസിഡര്‍ക്ക് ലൈറ്റര്‍ ഓഫ് ഇന്‍ഡന്റിന്റെ കോപ്പി കൈമാറി. കശുഅണ്ടി വ്യവസായ വകുപ്പിന്റെ താത്കാലിക ചുമതലയുളള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു