ഗ്രാമീണര്‍ക്ക് ഓണ്‍ലൈന്‍ വിപണി തുറന്ന് സ്റ്റോര്‍ കിംഗ്

ഗ്രാമീണര്‍ക്ക് ഓണ്‍ലൈന്‍ വിപണി തുറന്ന് സ്റ്റോര്‍ കിംഗ്

Tuesday November 10, 2015,

3 min Read

കര്‍ണാടകയിലെ ഉള്‍ഗ്രാമത്തില്‍നിന്ന് ഇളം മഞ്ഞനിറത്തിലുള്ള സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് കോളജിലെത്തിയ ചെറുപ്പക്കാരന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോളജിലെ മറ്റ് 114 പേര്‍ അതുപോലെ തന്നെയുള്ള ഷൂസ് ധരിച്ചെത്തുമെന്ന്. ഇയാളുടെ മനസില്‍ തോന്നിയതു പോലെ എല്ലാവരുടെ മനസിലും ഒരേ ചോദ്യമുയര്‍ന്നു. എവിടെ നിന്നാണ് ഇത്രയും പേര്‍ ഒരുമിച്ച് ഒരേ ഷൂസ് വാങ്ങിയത് എന്ന ചോദ്യമായിരുന്നു അത്. ഫ്‌ളിപ്പ് കാര്‍ട്ട്? മിന്ത്ര? ജബോങ്? ഇങ്ങനെ പല പേരുകളായിരുന്നു ഇവരുടെ മനസില്‍ ആദ്യമെത്തിയത്. എന്നാല്‍ ഇതൊന്നുമല്ല. സ്റ്റോര്‍ കിംഗ് എന്ന ഓണ്‍ലൈന്‍ സംരംഭമാണ് ഇതിന് പിന്നില്‍. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഉള്‍ഗ്രാമത്തിലെ ജനങ്ങള്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ സംരംഭം ഇത്രത്തോളം ഉപയോഗിക്കുന്നതെന്ന സംശയം സ്വാഭാവികമായും തോന്നാം. എന്നാല്‍ ഈ ഓണ്‍ലൈന്‍ സംരംഭത്തിന് ഇംഗ്ലീഷ് ഭാഷ പ്രശ്‌നമല്ല. തദ്ദേശ ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താമെന്നതാണ് സ്റ്റോര്‍ കിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഓണ്‍ലൈന്‍ ലഭ്യമാകുന്നതിന് കമ്പ്യൂട്ടര്‍ സെന്ററുകളോ ഇന്റര്‍നെറ്റ് കഫേകളോ അന്വേഷിച്ച് നടക്കേണ്ടതുമില്ല. അടുത്തുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് മെഷീനുകള്‍ വഴി സ്റ്റോര്‍ കിംഗിന്റെ സേവനം പ്രയോജനപ്പെടുത്താം.

image


അടുത്തിടെ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നത് ഗ്രാമങ്ങളിലെ 91 ശതമാനം ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് വാങ്ങുമ്പോള്‍ തങ്ങളുടെ അഡ്രസ് പോലും കൃത്യമായി എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ്. എന്നാല്‍ എല്ലാവര്‍ക്കും അഡ്രസ് തങ്ങളുടെ ഭാഷയില്‍തന്നെ എഴുതാനാകും എന്നത് വലിയ പ്രയോജനം ചെയ്യുന്നുണ്ടെന്ന് സ്‌റ്റോര്‍ കിംഗിന്റെ സ്ഥാപകനും സി ഇ ഒയുമായ ശ്രീധര്‍ ഗുണ്ടയ്യ പറയുന്നു.

ബംഗലൂരു ആസ്ഥാനമായാണ് സ്റ്റോര്‍ കിംഗ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു മില്യണിലധികം ജനങ്ങളാണ് സ്റ്റോര്‍ കിംഗില്‍നിന്ന് ഷോപ്പിംഗ് നടത്തിയത്.

ബംഗലൂരുക്കാരനായ ശ്രീധറിന് ഇതൊരു പുതിയ സംരംഭമല്ല. ലണ്ടനിലെ ഗ്രീന്‍വിച്ച് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഐടി ആന്‍ഡ് ഇകൊമേഴ്‌സില്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയശേഷം 2007ല്‍ തന്നെ യുലോപ് എന്നൊരു സംരംഭം ശ്രീധര്‍ തുടങ്ങിയിരുന്നു. എന്നാല്‍ 2009ല്‍ ശ്രീധര്‍ ഈ സംരംഭം അവസാനിപ്പിച്ചു. താഴേത്തട്ടില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ തനിക്ക് പരിഹരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അത് നിര്‍ത്തിയത്.

പിന്നീട് ചൈനയില്‍ പോകാനിടയാക്കിയതാണ് ശ്രീധറിനെ സ്‌റ്റോര്‍ കിംഗ് എന്ന ആശയത്തിലെത്തിച്ചത്. അവിടെ എല്ലാ ആശയവിനിമയവും പൂര്‍ണമായും ചൈനീസ് ഔദ്യോഗികഭാഷയായ മാന്‍ഡ്രൈനിലാണ്. അവിടെ വസ്ത്ര വ്യാപാരവും ഇമെയിലിംഗിനും, ഇകൊമേഴ്‌സും എല്ലാത്തിനും ചൈനീസ് ഭാഷ തന്നെയാണ് മാധ്യമം. ഇതാണ് ശ്രീധറിനെ പ്രചോദിപ്പിച്ചത്. അങ്ങനെ 2012ല്‍ സ്റ്റോര്‍ കിംഗ് ആരംഭിച്ചു.

50,500 ഇനങ്ങളിലുള്ള വിവിധ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ സംരംഭമാണ് സ്‌റ്റോര്‍ കിംഗ്. മറ്റ് ഓണ്‍ലൈന്‍ സംരംഭങ്ങളില്‍നിന്നുള്ള വ്യത്യാസം ഇംഗ്ലീഷ് മാത്രമല്ല ആശയവിനിമയത്തിനുളള ഭാഷ എന്നതാണ്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ ആശയവിനിമയം നടത്താം. ഇപ്പോള്‍ പുതുതായി ഗോവന്‍ ഭാഷയും ചേര്‍ത്തിട്ടുണ്ട്.

ഗ്രാമത്തിലെ വീടുകള്‍ക്ക് കൃത്യമായ അഡ്രസ് ഉണ്ടാകണമെന്നില്ല. പലപ്പോഴും അക്ഷരങ്ങള്‍ വ്യത്യസ്ഥമായിട്ടാകും ഉപയോഗിക്കുക. പോസ്റ്റുമാന്‍മാര്‍ പലപ്പോഴും പേര് വെച്ചായിരിക്കും ഇവരെ തിരിച്ചറിയുക. ഈ സാഹചര്യത്തില്‍ ഡോര്‍ സ്‌റ്റെപ്പ് ഡെലിവറി തങ്ങള്‍ക്ക് സാധ്യമല്ലെന്ന് ശ്രീധര്‍ തിരിച്ചറിഞ്ഞു.

റീട്ടെയില്‍ ഷോപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു സ്റ്റോര്‍ കിംഗിന്റെ തീരുമാനം. ഗ്രാമങ്ങളിലെ റീട്ടെയില്‍ ഷോപ്പുകളില്‍ സ്റ്റോര്‍ കിംഗ് ടാബ്ലറ്റുകളും മെഷീനുകളും സ്ഥാപിക്കുകയാണ് ചെയ്തത്. റീട്ടെയിലര്‍ക്ക് ഇതിന് 10,000 രൂപയില്‍ താഴെ തുക നല്‍കിയാല്‍ മതിയാകും.

റീട്ടെയിലര്‍ തന്നെ കസ്റ്റമേഴ്‌സിന് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കൊടുക്കും. ഓര്‍ഡര്‍ ആയികഴിഞ്ഞാല്‍ കസ്റ്റമര്‍ റീട്ടെയിലര്‍ക്ക് പണം നല്‍കിയാല്‍ മതിയാകും. ഓര്‍ഡര്‍ ആയെന്നുള്ള സന്ദേശം ഉള്‍പ്പെടെ തദ്ദേശ ഭാഷയില്‍ തന്നെ ഇവര്‍ക്ക് ലഭ്യമാകും.

കസ്റ്റമര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൃത്യമായി നല്‍കുക എന്ന ജോലി മാത്രമാണ് ഇവര്‍ക്കുള്ളത്. കാരണം സാധനം റീട്ടെയില്‍ ഷോപ്പില്‍ എത്തിക്കുമ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണുകളില്‍ സന്ദേശം അയക്കപ്പെടും. അതനുസരിച്ച് ഇവര്‍ക്ക് റീട്ടെയില്‍ ഷോപ്പുകളിലെത്തി സാധനങ്ങള്‍ വാങ്ങാം. സേവനങ്ങള്‍ക്ക് പകരമായി പകരമായി റീട്ടെയിലര്‍ക്ക് എല്ലാ ഇടപാടുകള്‍ക്കും പത്ത് ശതമാനം വീതം കമ്മീഷനും നല്‍കും.

സ്റ്റോര്‍ കിംഗിന് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ ബംഗലൂരുവിലാണുള്ളത്. 48 മണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

image


സൗന്ദര്യസംരക്ഷണത്തിനു വേണ്ടി പ്രായം കുറച്ച് തോന്നിക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്ന് ശ്രീധര്‍ പറയുന്നു. ദിവസവും നൂറ് കണക്കിന് ഓര്‍ഡറുകളാണ് ഇതിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളാണ് അടുത്തതായി കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന സാധനം.

ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി സ്റ്റോര്‍ കിംഗിന്റെ 4500 മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ മാസവും 75,000ല്‍ അധികം ഓര്‍ഡറുകളാണ് ലഭിക്കുന്നത്. ശരാശരി 1200 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കാണ് ഓര്‍ഡര്‍ ലഭിക്കുന്നത്. 500 രൂപയാണ് ഓര്‍ഡറിന് ആവശ്യമായ ഏറ്റവും കുറഞ്ഞതുക.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപപ്രദേശ് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സ്റ്റോര്‍ കിംഗ് ഉദ്ദേശിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 500 മില്യന്‍ ജനങ്ങളിലേക്ക് ഇതിന്റെ സേവനം എത്തിക്കാനാണ് ഉദ്ദേശം. തന്റെ സംരംഭം വിജയിക്കുമെന്ന് ശ്രീധറിന് ഉറപ്പുണ്ട്. കാരണം ആമസോണ്‍, ഫല്‍പ് കാര്‍ട്ട് തുടങ്ങിയ മറ്റൊന്നിനും തങ്ങളുടേതു പോലുള്ള സേവനം എത്തിക്കാനാകില്ലെന്നും ശ്രീധര്‍ പറയുന്നു.