ഗ്രാമങ്ങള്‍ക്ക് വെളിച്ചമേകി സോളാര്‍ സോള്‍ജ്യേഴ്‌സ്

0

സന്ധ്യ മയങ്ങിയ നേരം. മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു ചെറു കുടിലിനുള്ളില്‍ ഉടുത്തു പഴകി നൂലിഴകള്‍ വേര്‍പെട്ട് തുടങ്ങിയ വസ്ത്രം ധരിച്ചിരിക്കുന്ന വൃദ്ധ. വാര്‍ധക്യം തളര്‍ത്തിയ കണ്ണുകള്‍. ജരാനര ബാധിച്ച മുടിയിഴകള്‍. നെറ്റിത്തടത്തില്‍ ആഴത്തിലുള്ള വരകള്‍. മുഖത്ത് പ്രതീക്ഷയുടെ ഒരു ചെറുകണം പോലുമില്ല. വൃദ്ധ പതിയെ മുഖമുയര്‍ത്തി കുടിലിന്റെ മേല്‍ക്കൂരയിലേക്ക് നോക്കുന്നു. പശ്ചാത്തലത്തില്‍ വലപിടിച്ച ഇലക്ട്രിക് വയറില്‍ തൂങ്ങിയാടുന്ന ബള്‍ബ്. തന്റെ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അത് തെളിഞ്ഞ് കണ്ടിട്ടുളളതെന്ന് ചെറുമകനോട് പറഞ്ഞ് വൃദ്ധ മണ്ണെണ്ണ വിളക്ക് തെളിയിക്കുന്നു. പ്രായമാകുമ്പോഴെങ്കിലും ലൈറ്റ് തെളിഞ്ഞ് കാണാനുള്ള ഭാഗ്യം ചെറുമകനെങ്കിലും ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് വൃദ്ധ. ഏതെങ്കിലും സിനിമയിലേയോ ടെലിവിഷന്‍ സീരിയലിലെയോ സീനല്ല ഇത്. ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമമായ ഗുലാബ്ഗംഗില്‍നിന്നുള്ള ജീവനുള്ള കാഴ്ചയാണിത്. ഗുലാബ്ഗംഗിലെ മാത്രം കാര്യമല്ല വികസനത്തിലേക്ക് നീങ്ങുകയാണെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ പല ഗ്രാമങ്ങളുടെയും ഇന്നത്തെ അവസ്ഥ ഇത് തന്നെയാണ്.

25 വര്‍ഷം മുമ്പാണ് ഗുലാബ്ഗംഗ് ഗ്രാമം വൈദ്യുതീകരിച്ചത്. എന്നാല്‍ വൈദ്യുതി ലഭിക്കുന്നില്ലെന്ന് മാത്രം. ഇങ്ങനെയൊരു ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കാം എന്ന വാഗ്ദാനവുമായി ഏതെങ്കിലും ഒരു സ്ഥാപനം ഗ്രാമവാസികളെ സമീപിച്ചാല്‍ എന്തായിരിക്കും അവസ്ഥ. വലിയ സ്വീകരണം ലഭിക്കും എന്നാണ് ഉത്തരമെങ്കില്‍ തെറ്റ്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ പല രാഷ്ട്രീയ നേതാക്കന്മാരുടെയും സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതാക്കന്മാരുടെയും പാഴ് വാഗ്ദാനങ്ങള്‍ കേട്ട് ജനങ്ങള്‍ക്ക് ഈ സംവിധാനങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വൈദ്യുതി ലഭിക്കും എന്ന വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോഴേ ഗ്രാമവാസികള്‍ക്ക് പുച്ഛമാണ് തോന്നിയിരുന്നത്. ഈ അവസ്ഥയിലാണ് ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാമെന്ന വാഗ്ദാനവുമായി സണ്‍കാല്‍പ് സ്ഥാപക കനിക ഖന്ന ഇവര്‍ക്കിടയിലേക്കെത്തുന്നത്. ഗ്രാമവാസികള്‍ സംശയത്തോടെയും അസഹിഷ്ണുതയോടെയുമാണ് ഇവരെ നോക്കികണ്ടത്. സൗരോര്‍ജ്ജം ഉപയോഗിച്ച് ഗ്രാമത്തില്‍ പൂര്‍ണമായും വൈദ്യുതീകരിക്കുന്നതുവരെ ഗ്രാമവാസികള്‍ക്ക് ഇതേ സമീപനം തന്നെയായിരുന്നു. ഇന്ന് സണ്‍കാല്‍പ് എന്ന സ്ഥാപനം ഗുലാബ്ഗംഗിലെ ജനങ്ങളുടെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി.

കനികയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അതുവരെ പൗര്‍ണമി ദിവസങ്ങളില്‍ മാത്രമാണ് ഗ്രാമവാസികള്‍ രാത്രികാലങ്ങളില്‍ ഏറ്റവും പ്രകാശം കണ്ടിരുന്നത്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പത്ത് ശതമാനം മാത്രമാണ് പൂര്‍ണമായും വൈദ്യുതീകരിച്ചിട്ടുള്ളത്. വൈദ്യുതീകരിച്ച ഗ്രാമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും എവിടെയും വൈദ്യുതി ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്യം. അംബേദ്കര്‍ ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുലാബ്ഗംഗ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ലഭിച്ചിരുന്ന ഗ്രാമമായിരുന്നു. എന്നിട്ടും അവിടെ വൈദ്യുതി ലഭ്യമാക്കാന്‍ ഭരണ സംവിധാനത്തിനാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സങ്കല്‍പ് ഇടപെട്ട് ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചത്.

സോളാര്‍ സോള്‍ഡിയേഴ്‌സ് എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി ഗ്രാമത്തില്‍ സൗരോര്‍ജ്ജം ലഭ്യമാക്കാനുള്ള ഫണ്ടും സങ്കല്‍പ് നേടിയെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തിന് വേണ്ട തുക ഫണ്ട് പിരിവിലൂടെ നേടിയെടുത്തു. സംവിധാനം പരിപാലിക്കുന്നതിനുള്ള ചിലവ് വളരെ കുറവാണ്. വൈദ്യുതി നേടിയെടുക്കാന്‍ ഗ്രാമവാസികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചതിനാല്‍ അവരെ സംബന്ധിച്ച് വൈദ്യുതിക്ക് പണമടയ്ക്കാന്‍ തീരെ പ്രയാസമുള്ളതായിരുന്നില്ല.

ഗ്രാമത്തില്‍ രണ്ട് കിലോവാട്ട് വൈദ്യുതിയെങ്കിലും ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു സങ്കല്‍പിന്റെ ലക്ഷ്യം. അങ്ങനെയായാല്‍ എല്ലാ വീടുകളിലും രണ്ട് ലൈറ്റുകളും ഒരു ഫാനും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് അവര്‍ ചിന്തിച്ചു. സ്‌കൂളുകള്‍, കടകള്‍ തുടങ്ങി ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും അവര്‍ വൈദ്യുതി ലഭ്യമാക്കി. മീറ്റുകള്‍ പരിപാലിക്കുന്നതിനും വൈദ്യുതി ബില്‍ തയ്യാറാക്കുന്നതിനും സോളാര്‍ പ്ലാന്റ് പരിപാലിക്കുന്നതിനുമെല്ലാം ഗ്രാമത്തില്‍നിന്ന് തന്നെ ഒരാളെ ചുമതലപ്പെടുത്തി.

തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുള്ളതായി കനിക പറയുന്നു. പദ്ധതിയുമായി ഗ്രാമവാസികളെ സമീപിച്ചപ്പോള്‍ അവര്‍ക്ക് തങ്ങളില്‍ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല. ഗ്രാമപഞ്ചായത്തില്‍നിന്നും പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനും ഏറെ സമയം വേണ്ടിവന്നു. പഞ്ചായത്ത് തലത്തില്‍ ഇക്കാര്യം മനസിലാക്കി ഗ്രാമവാസികളില്‍ 93 ശതമാനം പേരും ഒപ്പിട്ട് പദ്ധതിക്ക് സമ്മതം പ്രകടിപ്പിച്ചു. ഫണ്ട് പിരിവിന് ക്യാമ്പെയിന്‍ സംഘടിപ്പിക്കുകയായിരുന്നു പ്രയാസം നിറഞ്ഞതെന്നും കനിക പറയുന്നു. ഇരുട്ട് മൂടിയിരുന്ന ഒരു ഗ്രാമത്തെ തന്നെ പ്രകാശപൂരിതമാക്കാനായതിന്റെ സന്തോഷത്തിലാണ് കനിക.