മലയാളികളുടെ വാനമ്പാടിയാകാന്‍ ശ്രേയക്കുട്ടി...

1


എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു... ചെറിയ കുട്ടികള്‍പോലും ഇന്ന് മൂളിപ്പാടി നടക്കുന്ന പാട്ടാണിത്. ശ്രേയ ജയദീപ് എന്ന അഞ്ചാംക്ലാസുകാരിയെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ഈ പാട്ടിലൂടെ മലയാളികള്‍ ഓരോരുത്തരും നെഞ്ചിലേറ്റുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍ മികച്ച ഗായികക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്രേയ.

സൂര്യ ടി വിയില്‍ സംപ്രേക്ഷണം ചെയ്ത സൂര്യ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ വളരെ മുമ്പേ തന്നെ ശ്രേയ ഇടംനേടിയിരുന്നു. മലയാള സിനിമാ ഗാന ശാഖക്ക് വിലപ്പെട്ട സംഭാവനകള്‍ ഇനിയുമേറെ ഈ കൊച്ചുഗായികക്ക് നല്‍കാനാകുമെന്ന് വിധികര്‍ത്താക്കളും പ്രേക്ഷകരും ഒരുപോലെ തീരുമാനിച്ചുറപ്പിച്ച തരത്തിലുള്ള പ്രകടനമാണ് ശ്രേയ റിയാലിറ്റി ഷോയിലും കാഴ്ചവെച്ചത്. ആ റിയാലിറ്റി ഷോയിലെ വിജയിയും ശ്രേയ തന്നെയായിരുന്നു.

നിഷ്‌കളങ്കമായ പുഞ്ചിരിയും പ്രായത്തിനെ വെല്ലുന്ന വിനയവുംകൊണ്ട് കുട്ടികള്‍ക്കൊപ്പം ഇന്ന് മുതിര്‍ന്നവര്‍ക്കും പ്രിയങ്കരിയാണ് കുഞ്ഞുശ്രേയ. കോഴിക്കോട് ദേവഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രേയ. സംഗീതത്തിലെന്ന പോലെ പഠിത്തത്തിലും ഒന്നാമതാണ് ഈ മിടുക്കി.

പല പ്രഗത്ഭരായ ഗായകര്‍ക്കുമൊപ്പം വേദികള്‍ പങ്കിടാനുള്ള ഭാഗ്യം ഇതിനോടകം തന്നെ ശ്രേയക്ക് ലഭിച്ചിട്ടുണ്ട്. നാല് വയസു മുതലാണ് ശ്രേയ സംഗീത പഠനം തുടങ്ങിയത്. ഇപ്പോള്‍ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കീഴിലാണ് സംഗീതപഠനം.വീപ്പിംഗ് ബോയ് എന്ന സിനിമയിലാണ് ആദ്യമായി പാടിയത്. എം ജയചന്ദ്രന്‍ ആദ്യമായി സംഗീത സംവിധആനം ചെയ്ത ക്രിസ്ത്യന്‍ ഭക്തി ഗാനമായ മേലേ മാനത്തെ ഈശോയെ എന്ന ഗാം വളരെ പ്രശസ്തി നേടിയിരുന്നു. കോഴിക്കോട് അശോകപുരം സ്വദേശികളായ ജയദീപിന്റെയും പ്രസീദയുടെയും മകളാണ് ശ്രേയ. സൗരവ് സഹോദരനാണ്.