പകര്‍ച്ച പനികളെ നേരിടാന്‍ മെഡിക്കല്‍ കോളേജില്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീം

0

വര്‍ധിച്ചു വരുന്ന പകര്‍ച്ച പനികളെ നേരിടാനായി മെഡിക്കല്‍ കോളേജില്‍ പനി ക്ലിനിക്, പ്രത്യേക പനി വാര്‍ഡ്, ക്രൈസിസ് മാനേജ്‌മെന്റ് ടീം എന്നിവ ഉടന്‍ തുടങ്ങാന്‍ തീരുമാനമായി. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. വാര്‍ഡ് 22-ാണ് പനി വാര്‍ഡായി മാറ്റുന്നത്. ആ വാര്‍ഡില്‍ കൊതുകു വലകളടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. മെഡിക്കല്‍ കോളേജില്‍ വരുന്ന മറ്റ് രോഗികള്‍, കൂട്ടിരുപ്പുകാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഈ സംവിധാനമൊരുക്കുന്നത്. മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലായിരിക്കും ഈ വാര്‍ഡ് പ്രവര്‍ത്തിക്കുക.

ഒ.പി.യിലേക്ക് അധികം വരുന്ന രോഗികളെ ചികിത്സിക്കാനായാണ് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് പനി ക്ലിനിക് തുടങ്ങുന്നത്. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 8 മണിവരെയാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡോക്ടര്‍മാരേയും ഇതിനായി പുനര്‍ വിന്യസിക്കും.

കഴിഞ്ഞ രണ്ടാഴ്ചയായി പനി രോഗികളുടെ എണ്ണം കൂടിയതിനാല്‍ വരാന്‍ സാധ്യതയുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീമും രൂപീകരിച്ചു. അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് കണ്‍വീനറും മറ്റ് വിഭാഗം മേധാവികള്‍ ഈ ടീമില്‍ അംഗങ്ങളുമാണ്.

എല്ലായാഴ്ചയും വാര്‍ഡുകളിലും ആശുപത്രി പരിസരങ്ങളിലും സാനിറ്ററി റൗണ്ട്‌സ് നടത്തുവാനും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള അധിക ജീവനക്കാരെ അവശ്യഘട്ടത്തിലേക്കായി നിയമിക്കാനായി പ്രിന്‍സിപ്പലിനേയും സൂപ്രണ്ടിനേയും ചുമതലപ്പെടുത്തി. ഫാര്‍മസിയില്‍ ആവശ്യമായ മരുന്നും ബ്ലഡ് ബാങ്കില്‍ ആവശ്യമായ രക്ത ഘടകവും ഉറപ്പു വരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ചികിത്സ നടത്തുക.പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഗുരുതരമായെത്തുന്നവരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ര്‍മാര്‍ അറിയിച്ചു.

ജോ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.