ഓണ്‍ലൈന്‍ ഹോട്ടല്‍ റെന്റല്‍ രംഗത്തെ യുവ തരംഗമായി റിതേഷ് അഗര്‍വാള്‍

ഓണ്‍ലൈന്‍ ഹോട്ടല്‍ റെന്റല്‍
രംഗത്തെ യുവ
തരംഗമായി റിതേഷ് അഗര്‍വാള്‍

Thursday April 28, 2016,

2 min Read

ബംഗളൂരില്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന അശ്വിനിക്ക് കുറച്ചുകാലമായി യാത്രകളെക്കുറിച്ചോര്‍ത്ത് ബുദ്ധിമുട്ടേണ്ടിവരുന്നില്ല. ഓയോ റൂംസ് ഒരുക്കുന്ന റൂമുകളാണ് എല്ലാ യാത്രകളിലും അശ്വനിക്ക് സഹായകമായത്. ഒറാവല്‍ എന്ന സംരംഭത്തെ ഓയോ റൂംസ് ആക്കി മാറ്റുമ്പോള്‍ ഇന്ത്യന്‍ യാത്രികര്‍ക്ക് വളരെ സുഖകരവും ബജറ്റിലൊതുങ്ങുന്നതുമായ താമസ സൗകര്യം ഒരുക്കുകയായിരുന്നു റിതേഷ് അഗര്‍വാളിന്റെ ലക്ഷ്യം.

image


റൂം ബുക്ക് ചെയ്യുന്നതും ഗുണനിലവാരമുള്ള സര്‍വീസ് ഉറപ്പാക്കുന്നതിലുമുള്ള ബുദ്ധിമുട്ട് മനസിലാക്കിയാണ് ഇത്തരമൊരു സംരംഭത്തിലേക്ക് കടന്നു വന്നത്. ഒഡീഷയിലെ ബിസാംകട്ടക്ക് ഗ്രാമത്തില്‍ നിന്നുള്ള റിതേഷ് അഗര്‍വാള്‍ എന്‍ജിനയറിംഗ് പഠനം ഉപേക്ഷിച്ചാണ് ബിസിനസ്സിലേക്ക് കടന്നത്. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് എന്നതിലുപരി ബജറ്റ് ഹോട്ടലുകളെ ഒരുകുടക്കീഴിലെത്തിച്ചതാണ് ഓയോ റൂംസിന്റെ സവിശേഷത. ഓയോ ബ്രാന്‍ഡിന്റെ കീഴിലുള്ള ഹോട്ടലുകളുടെ നിലവാരമുയര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമായി റിതേഷ് കാണുന്നു.

കമ്പൂട്ടര്‍ കോഡിംഗില്‍ തത്പരനായിരുന്ന റിതേഷ് 17ാം വയസില്‍ ഇന്ത്യയിലെ എന്‍ജിനിയറിംഗ് കോളജുകളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം രചിച്ചു. ബിസിനസ്സ് മോഹവുമായി ഡല്‍ഹിയിലെത്തിയ റിതേഷ് ഓണ്‍ലൈന്‍ ഹോട്ടല്‍ റെന്റര്‍ രംഗത്തെ ആഗോള സൈറ്റായ എയര്‍ബിഎന്‍ബിയുടെ മാതൃകയില്‍ ഒരാവെല്‍ എന്ന പേരില്‍ വെബ് സൈറ്റിന് തുക്കമിട്ടു. ചുരുങ്ങിയ കാലയളവുകൊണ്ട് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വര്‍ നഴ്‌സറിയില്‍ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കാന്‍ സാധിച്ചു. ഈ പണം ഉപയോഗിച്ചാണ് ബിസിനസ്സ് വിപുലീകരിച്ചത്. അസംഘിടിതമായം ബജറ്റ് ഹോട്ടല്‍ മേഖലയില്‍ നിന്ന് കൂടുതല്‍പേരെ തന്റെ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.

image


തന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോട്ടലുകളില്‍ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങള്‍ മനസിലാക്കാന്‍ റിതേഷ് മുന്നിട്ടിറങ്ങി. തുടര്‍ന്ന് പല ഹോട്ടലുകളിലേയും സേവനങ്ങള്‍ മോശമാണെന്ന് മനസിലാക്കി ഇതില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടായത്. വെറും ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടല്‍ മാത്രമായിരുന്ന ഒരാവലിനെ മാറ്റി ഓയോ റൂംസിന് ജീവന്‍ നല്‍കിയത് അങ്ങനെയാണ്. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനൊപ്പം മികച്ച സേവനം ഉറപ്പാക്കാനുള്ള ശ്രമവും ആരംഭിച്ചു.

മുറികളും കുളിമുറികളും വൃത്തിയാക്കുകയും റൂം സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്തു. 22 മിനിട്ടെടുത്ത് ചെയ്തിരുന്ന ഹൗസ് കീപ്പിംഗ് ഓയോ റൂംസ് ഏറ്റെടുത്തതോടെ 12 മിനിട്ടായി കുറഞ്ഞു. വൃത്തിയാക്കലിനും കിടക്ക വിരിക്കുന്നതിനുമാണ് 10 മിനിട്ട്. മുറിയില്‍ കുപ്പിവെള്ളം, സോപ്പ്, ചീപ്പ്, ഷാമ്പു, പേപ്പര്‍, പേന എന്നിവ സജ്ജീകരിക്കുന്നതിനാണ് ബാക്കി സമയം ചെലവാക്കുന്നത്. എന്നാല്‍ ഇവയെല്ലാമടങ്ങുന്ന ഓയോ ബാഗ് റൂമില്‍ സജ്ജീകരിച്ചതോടെ ആ സമയം ലാഭിക്കാന്‍ കഴിഞ്ഞു.

വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മുറി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഓയോ ഒരുക്കിയിട്ടുള്ളത്. ഹോട്ടല്‍ ഉടമകള്‍ക്ക് ഇതിലൂടെ വരുമാനം ഉയര്‍ത്താന്‍ കഴിയുന്നു എന്ന നേട്ടവും എടുത്തു പറയേണ്ടതാണ്. 50,000-60,000 മുതല്‍ വരുമാനം ഉണ്ടാക്കിയിരുന്ന ഹോട്ടലുകള്‍ 10-12 ലക്ഷം വരെയാണ് ഇപ്പോള്‍ വരുമാനമുണ്ടാക്കുന്നത്.

രാജ്യത്തെ 160ലേറെ പട്ടണങ്ങളിലായി 4,200 ഹോട്ടലുകളാണ് ഓയോ ബ്രാന്‍ഡിനുകീഴിലുള്ളത്. 40,000 മുറികളാണ് എല്ലാ ഹോട്ടലുകളിലുമായി ഉള്ളത്. മുറികള്‍ക്ക് ശരാശരി 999 രൂപയാണ് നിരക്ക്. വൈ-ഫൈ ഇന്റര്‍നെറ്റ്, ബ്രേക്ക് ഫാസ്റ്റ്, എന്നിവ സൗജന്യമായി താമസക്കാര്‍ക്ക് ലഭിക്കും. ബജറ്റ്, പ്രീമിയം മിഡ് സെഗ് മെന്റിലുള്ള റൂമുകള്‍ക്ക് പുറമെ അത്യാഢംബര വിഭാഗവും ഉടന്‍ പുറത്തിറക്കും. കേരളത്തിലെ പ്രധാന നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമായി 110 ഓളം ഹോട്ടലുകളുണ്ട്.

ബിസിനസ്സിന്റെ വിപുലീകരണത്തിനായി ജപ്പാന്‍ ആസ്ഥാനമായുള്ള സോഫ്റ്റ് ബാങ്ക് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് ഏതാണ്ട് 650 കോടി രൂപയുടെ മൂലധന ഫണ്ട് നേടി. ഇതനുസരിച്ച് കമ്പനിയുടെ മൂല്യം ഏതാണ്ട് 40 കോടി ഡോളറായി. ഇന്ത്യന്‍ യാത്രികര്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച താമസ സൗകര്യം ലഭ്യമാക്കുകയാണ് റിതേഷിന്റെ ലക്ഷ്യം.