എന്ത് കൊണ്ട് മികച്ച ജീവനക്കാരന്‍ ജോലി രാജി വച്ചു ?

0


ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സഹ ഉടമസ്ഥന്‍ എന്ന നിലയില്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം നിങ്ങള്‍ നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കണം എന്നതാണ്. ഒരു ടീം എന്ന് പറഞ്ഞാല്‍ അതില്‍ ഉണ്ടാകുന്നത് മനുഷ്യരാണ്, മറിച്ച് റോബോര്‍ട്ടുകള്‍ അല്ല. മനുഷ്യന്‍ എന്ന് പറയുന്നത് വികാര വിചാരങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മനസ്സുള്ളതാണ്. നിങ്ങള്‍ അവരോട് എന്താണ് പറഞ്ഞത് എന്ന് അവര്‍ ഓര്‍ത്തിരിക്കണമെന്നില്ല, മറിച്ച് നിങ്ങള്‍ എങ്ങനെ അവരോട് പെരുമാറി എന്നുള്ളത് അവരുടെ ഓര്‍മ്മയില്‍ ഉണ്ടാകും. ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സംസ്‌കാരം എന്താണ് എന്ന് തീരുമാനിക്കുന്ന പ്രധാന ഘടകമാണ് ഇത്. ഒരു ജീവനക്കാരന്‍ അവന്റെ മറ്റു ടീമംഗങ്ങളുമായി പുലര്‍ത്തുന്ന ആത്മബന്ധവും മറ്റും ആ സ്ഥാപനത്തിന് മികച്ച റിസള്‍ട്ട് നല്‍കാന്‍ കാരണമായേക്കും.

ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാണ് ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ യാത്ര. ഉയര്‍ച്ചകളും താഴ്ചകളും എല്ലാം നമ്മള്‍ നേരിടേണ്ടി വരും. അപ്പോഴെല്ലാം ഒരു മികച്ച പിന്തുണയായി ഒരു മികച്ച ടീം പിന്നിലുണ്ടെങ്കില്‍ അത് തന്നെയാണ് ആത്മവിശ്വാസം പകരുന്ന പ്രധാന ഘടകം.

സ്റ്റാര്‍ട്ട് അപ്പുകളുടെ മേധാവികള്‍ ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കും. അതിനൊപ്പം അവരുടെ ടീമില്‍ നല്ലത് മാത്രമേ നടക്കുന്നുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യും. ടീമിലെ മറ്റു അംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ അവര്‍ അത്ര ഉത്സാഹിക്കണമെന്നില്ല. എന്നാല്‍ ജീവിതം പോലെ തന്നെ ഇവിടെയും ഒന്നും ശാശ്വതമല്ല. സ്വന്തം ടീമിലെ അംഗങ്ങളുമായി നല്ലൊരു സമയം ചിലവഴിച്ചില്ല എങ്കില്‍ അറിഞ്ഞോ അറിയാതെയോ ജീവനക്കാരും കമ്പനിയുമായുള്ള നല്ല ബന്ധം ചിലപ്പോള്‍ അറ്റു പോയേക്കാം. ആ സമയമാണ് ഒരു ജീവനക്കാരന്‍ കമ്പനി വിടാന്‍ ആലോചിക്കുന്നത്. എന്നാല്‍ ആ 'മികച്ച' ജീവനക്കാരന്‍ കമ്പനി വിടാന്‍ തീരുമാനിച്ച തീരുമാനം അവസാനം അറിയുന്ന ആളായിരിക്കും ടീം ലീഡര്‍.

ഒരു നല്ല ജീവനക്കാരന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം വിടാനുള്ള പൊതുവായ കാരണങ്ങളായി പറയുന്നതില്‍ സുപ്രധാനമായ ചിലത് ചുവടെ

> ടീമിന് മികച്ച ഒരു കാഴ്ചപ്പാടോ ലക്ഷ്യങ്ങളോ ഇല്ല. ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും ആര്‍ക്കും അറിയില്ല.

> നിക്ഷേപര്‍ കമ്പനിയിലേക്ക് ഫണ്ട് ചെയ്യുന്നതില്‍ നിന്ന് കമ്പനി തന്നെ പിന്നോട്ട് പോയിരിക്കുന്നു. ഏതാനും മാസങ്ങള്‍ കൂടിയേ കമ്പനിക്ക് നില നില്‍പ്പുള്ളൂ. അത് കൊണ്ടാണ് ഞാന്‍ കമ്പനി വിടുന്നത്.

പോസിറ്റീവ് ആയ മനോഭാവങ്ങള്‍ ആളുകളെ ആകര്‍ഷിക്കും

ജോലി ചെയ്യുന്ന സ്ഥലത്ത് എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി ലെവല്‍ നിലനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് ശരിക്കും നല്ല ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനുള്ള ഒരു കാന്തിക ശക്തിയായി മാറും. ആ ഉന്മേഷം കുറഞ്ഞാല്‍ ആ സ്ഥാപനത്തില്‍ തുടരാന്‍ ആഗ്രഹിക്കാത്തവരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം. ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ തുടക്ക ഘട്ടത്തില്‍ അതിനെ താങ്ങി നിര്‍ത്തുന്നത് നിക്ഷേപങ്ങള്‍ അല്ല മറിച്ച് അവിടെയുള്ള ജീവനക്കാരും അവരുടെ മനോഭാവവും ആണ്. നിക്ഷേപര്‍ പണം നിക്ഷേപിക്കുന്നത് ജീവനക്കാരുടെ മനോഭാവത്തിന്മേലാണ്. ഈ മനോഭാവം എപ്പോഴെങ്കിലും താഴേക്ക് പോയി എന്ന് കണ്ടാല്‍ ടീമിനെ ഊര്‍ജ്ജിതപ്പെടുത്താനുള്ള പുതിയ വഴികള്‍ തേടുക.

നെഗറ്റീവ് ചിന്താഗതികളില്‍ നിന്ന് പോസിറ്റീവ് ചിന്തകളിലേക്ക് കടക്കുക എന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ മുഴുവനും ഒരു പുഞ്ചിരിയോടെ പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തമാശകളും മറ്റുമായി പരസ്പരം സഹായിച്ച് ജോലി ചെയ്താല്‍ അത് കാണുന്നത് തന്നെ തീര്‍ച്ചയായും ഒരു ഊര്‍ജ്ജം പകരും. ഇങ്ങനെയൊക്കെ ആണെങ്കില്‍ ജീവനക്കാരന് ഒരു ലീവ് എടുക്കേണ്ടി വന്നാല്‍ പോലും അത് സങ്കടകരമായിരിക്കും. എന്നാല്‍ പരസ്പരം മുഖത്ത് പോലും നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന ടീം മെമ്പര്‍മാരും പേടിയോടെ കാണുന്ന ഒരു ബോസും ഒക്കെ സിനിമകളിലും മറ്റുമായി മാത്രം ഒതുങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മറ്റേത് മനുഷ്യ ബന്ധം പോലെ തന്നെ ടീം ലീഡറും ടീം മെമ്പറും തമ്മിലുള്ള പരസ്പര ബന്ധവും, പരസ്പര ബഹുമാനത്തോടെ ആയിരിക്കണം. അങ്ങനെയുള്ള ബന്ധങ്ങള്‍ കാലാകാലങ്ങള്‍ നിലനില്‍ക്കും.

ജീവനക്കാരെ തന്റെ കീഴുദ്യോഗസ്ഥനായി കണ്ടാല്‍ എപ്പോഴും ടീം മെമ്പറും ലീഡറും തമ്മില്‍ ഒരു അകല്‍ച്ച ഉണ്ടാകും. എന്നാല്‍ തന്റെ ടീം മെമ്പറെ തന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളായി തന്നെ കണ്ടാല്‍ അത് പ്രധാനമായും ഗുണം ചെയ്യുന്നത് സ്ഥാപനത്തിനായിരിക്കും. എത്ര പണം വാരിയെറിഞ്ഞാലും അത്തരത്തിലുള്ള ടീം അംഗങ്ങളെ കിട്ടില്ല. അവിടെ പ്രധാനമായും പ്രവര്‍ത്തിക്കേണ്ടത് നയിക്കുന്ന ആളിന്റെ മിടുക്കാണ്.

മികച്ച ജീവനക്കാരെ ടീമില്‍ നില നിറുത്താനുള്ള ചില പൊടിക്കൈകള്‍

1. ഓരോ ജീവനക്കാരെയും പ്രത്യേകം പ്രത്യേകം കണ്ട് അവരില്‍ നിന്ന് എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമായി പറഞ്ഞു മനസിലാക്കുക. അങ്ങനെ എന്താണ് അവര്‍ ആ ടീമിന് വേണ്ടി ചെയ്യേണ്ടത് എന്ന് അവര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെടുത്തി കൊടുക്കുക.

2. ടീം അംഗങ്ങളെ വിശ്വസിക്കുക. അവരോട് ഓരോ ചെറിയ കാര്യവു പറഞ്ഞു മനസ്സിലാക്കിക്കേണ്ട കാര്യമില്ല. അങ്ങനെ ആയാല്‍ മാത്രമേ അവരുടെതായ സംഭാവനകള്‍ ടീമിന് പൂര്‍ണ്ണമായും ലഭിക്കുകയുള്ളൂ.

3. സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ വരുന്നത് വളരെ ചെറുതായിട്ടായിരിക്കും. അത് എത്ര ചെറുതായാലും ടീം ലീഡര്‍ അത് ടീം മെമ്പര്‍മാര്‍ക്കൊപ്പം ആഘോഷിക്കുക തന്നെ വേണം. ഇത് അവരെ കൂടുതല്‍ മികവ് പ്രകടമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

4. പരസ്പരം മികച്ച രീതിയില്‍ ആശയവിനിമയം നടത്തുക. ടീമില്‍ 'ഞാന്‍' എന്നില്ല. എല്ലാവരുടെയും സജീവമായ പങ്കെടുക്കല്‍ അത്യാവശ്യമാണ്. അങ്ങനെ ഉണ്ടായാല്‍ മാത്രമേ ജീവനക്കാരുടെ ബെസ്റ്റ് ആ സ്ഥാപനത്തിന് ലഭിക്കുകയുള്ളൂ.

സംഗ്രഹം

കമ്പനിയുടെ സ്ഥാപകര്‍ തങ്ങളുടെ സഹ സ്ഥാപകരോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തന്നെ അവരുടെ ജീവനക്കാരോടും പെരുമാറണം. ആത്മാര്‍ത്ഥത, സത്യസന്ധത, പ്രതിബദ്ധത എന്നിവ കൂടാതെ അവര്‍ കൂടുതല്‍ കാലം നിങ്ങളുടെ കമ്പനിയുമായി സഹകരിക്കണമെങ്കില്‍ നിങ്ങള്‍ അവരോടും തിരികെ അങ്ങനെ തന്നെ പെരുമാറണം. സ്റ്റാര്‍ട്ട് അപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ സ്ഥാപനത്തിന് ആവശ്യം പണത്തിനെക്കാളുപരി മികച്ച ജീവനക്കാരുടെ സാന്നിധ്യമാണ്.