ഉയരങ്ങളിലെത്താന് എളുപ്പവഴികളില്ല: അമീഷ പ്രഭു

0

അമീഷ റീറ്റൈല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷമായി. ടെസ്‌കോ ഹിന്ദുസ്ഥാന്‍ ഹോല്‍സെയിലിങ്, ആദിത്യ ബിര്‍ല റീറ്റൈല്‍, ക്രോസ് വേഡ് ബുക്ക്‌സ്‌റ്റോഴ്‌സ്, സ്വച്ഛ് ഗ്രൂപ്പ്, ഷോപ്പേഴ്‌സ് ഷോപ്പ് ലിമിറ്റഡ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളില്‍ അവള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് കരിയറിന്റെ തലപ്പത്ത് നിന്നാണ് അമീഷ ടെസ്‌കോയിലെ തന്റെ ജോലി ഉപേക്ഷിച്ചതും റീറ്റൈല്‍ രംഗത്തുള്ളവരുടെ ഉന്നമനത്തിനായി ട്രസ്റ്റ് ഫോര്‍ റീറ്റെയിലേഴ്‌സ് ആന്റ് റീറ്റൈല്‍ അസോസിയേറ്റ്‌സ് ഓഫ് ഇന്ത്യ (ടെറൈന്‍) എന്ന സ്ഥാപനം ആരംഭിക്കുന്നതും. റീറ്റൈല്‍ രംഗത്ത് കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന യുവ പ്രൊഫഷണലുകള്‍ക്ക് അമീഷയൊരു പ്രചോദനമാണ്.

ഗുജറാത്തില്‍ ജനിച്ച അമീഷ വളര്‍ന്നത് മുംബയിലാണ്. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എക്‌ണോമിക്‌സ് പഠിച്ചിറങ്ങിയ അവര് പിന്നീട് നര്‍സീ മോഞ്ചിയില്‍ നിന്നും മാര്‍ക്കറ്റിംഗും പഠിച്ചു. നാന്‍സി ഡ്രൂയുടേയും മറ്റും പാശ്ചാത്യ നോവലുകള്‍ വായിച്ച് ചെറുപ്രായത്തിലെ അമീഷ അതിലൊക്കെ ആകൃഷ്ടയായിരുന്നു. അതിനാല്‍ തന്നെ അതിലെ കഥാപാത്രങ്ങളെ പോലെ തനിക്കും സ്വതന്ത്രയായി ജീവിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ മോഡേണ്‍ റീറ്റൈല്‍ ആരംഭിക്കുന്നത് സംബന്ധിച്ച ഒരു പരസ്യം അമീഷ കാണാനിടയായി. അവളുടെ പ്രിയപ്പെട്ട ഒരു തിയറ്റര്‍ വൈകാതെ ഷോപ്പേഴ്‌സ് ഷോപ്പ് എന്ന ഷോപ്പിംഗ് മാളാക്കി മാറ്റുകയാണെന്നും അവിടേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്നും മനസിലാക്കിയ അമീഷ ആ ജോലിക്കായി അപേക്ഷിച്ചു.

സ്വതന്ത്രയാകണമെന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ആ സമയത്ത് താനെന്ന് അമീഷ ഓര്‍ക്കുന്നു. ഇന്ത്യയിലെ റീടെയിലിന്റെ ഗോഡ്ഫാദറായി കണക്കാക്കുന്ന ബി.എസ് നാഗേഷാണ് അന്ന് അമീഷയെ ഇന്റര്‍വ്യൂ ചെയ്തത്. അടുത്ത ദിവസം തൊട്ട് ജോലിക്ക് വന്നുകൊള്ളാന്‍ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. 1100 രൂപയായിരുന്നു ആദ്യ ശമ്പളം.

വളരെ പെട്ടെന്നാണ് അമീഷ തന്റെ കരിയറില്‍ മുന്നേറിയത്. ഷോപ്പേഴ്‌സ് ഷോപ്പിലെ വിവിധ വകുപ്പുകള്‍ അവള്‍ കൈകാര്യം ചെയ്തു തുടങ്ങി. ബിബയുടെ ആദ്യ കാലത്ത്, ആര്‍ക്കും ആ ബ്രാന്റിനെപ്പറ്റി അറിയുമായിരുന്നില്ല, എന്നാല്‍ ഇന്നത് 1200 കോടി രൂപയുടെ സംരംഭമാണെന്നും അങ്ങനെയുള്ള ബിബ ആദ്യമായി വാങ്ങിയവരില്‍ ഒരാള്‍ താനാണെന്നും അവര്‍ പറഞ്ഞു.

ഷോപ്പേഴ്‌സ് ഷോപ്പിലെ പ്രവര്‍ത്തി പരിചയം അവള്‍ക്ക് ഒമേഗ ഗ്രൂപ്പിന്റെ സ്വച്ഛില്‍ ജോലി ലഭിക്കാന്‍ സഹായകമായി. ആ സമയത്ത് ഗര്‍ഭിണിയായതോടെ കുറച്ച് കാലത്തേക്ക് അവര്‍ക്ക് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നു. അതിന് ശേഷം ക്രോസ് വേഡിലെ ബൈയിങ് ആന്റ് മെര്‍ച്ചന്റൈസിങ് മേധാവിയായിട്ടായിരുന്നു അവര്‍ ചുമതലയേറ്റത്. താന്‍ കൃത്യമായ സമയത്താണ് ബ്രേക്ക് എടുത്തതെന്നും ആ സമയത്ത് താന്‍ ഈ ഘട്ടങ്ങളെപ്പറ്റിയും ഇന്‍ഡസ്ട്രിയില്‍ സംഭവിക്കുന്നത് എന്താണെന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും അമീഷ വ്യക്തമാക്കി.

ക്രോസ് വേഡിന് ശേഷം ആദിത്യ ബിര്‍ലയുടെ റീറ്റൈലിലാണ് അവള്‍ ജോലി ചെയ്തത്. ഇന്ത്യയിലെ പല റീറ്റൈല്‍ ബ്രാന്‍ഡുകളുടേയും ആരംഭ സമയത്ത് അവയില്‍ താന്‍ പങ്കാളിയായിരുന്നെന്ന് അമീഷ പറയുന്നു. ഇത്തരം അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് താന്‍ കരുതുന്നത്. ടെറ്റൈന്‍ ആരംഭിക്കുന്നതിന് മുമ്പ് ടെസ്‌കൊയില്‍ അവരുടെ നോന്‍ ഫുഡ് ബിസിനസില്‍ ബയിംഗ് ആന്റ് മെര്‍ച്ചന്റൈസിങ് വിഭാഗത്തിന്റെ മേധാവിയായിരുന്നു അവര്‍.

പിന്നീടൊരിക്കല്‍ തന്റെ മാര്‍ഗദര്‍ശിയായ ബി.എസ് നാഗേഷുമായി ഗ്രാന്‍ഡ് ഹ്യാത്തില്‍ വച്ച് അമീഷയ്ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യയിലെ റീറ്റൈല്‍ ഇന്റസ്ട്രികളില്‍ ആദ്യമായി ഒരു റീടെയില്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു. ഇതോടെ ആ ഐഡിയ തനിക്ക് ഏറെ ഇഷ്ടമായതായി അമീഷ പറഞ്ഞു. ടെറൈനിന്റെ പ്രധാന ഉദ്യേശവും റീറ്റൈല്‍ രംഗത്തുള്ളവരുടെ ഉന്നമനമാണ്. മുമ്പ് താന്‍ ചെയ്തു വന്നതും ഇപ്പോള്‍ ചെയ്യുന്നതുമായ ജോലിക്ക് വളരെ വ്യത്യാസമുണ്ട്. മുമ്പ് താനൊരു റീടൈലറിന്റെ കൂടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, എന്നാല്‍ ഇന്നത് ഏറെ പേരോടൊപ്പമായി.

ഹൈദരാബാദിലെ ഒരു റീടൈല്‍ ഷോപ്പില്‍ ആരംഭ്ച്ച ഡിസെബിലിറ്റി പ്രോജക്ടിനെപ്പറ്റിയും അവര്‍ സംസാരിച്ചു. വൈകല്യങ്ങളുള്ള 500 പേരെ തങ്ങള്‍ പരിശീലനം നല്‍കി വിവിധ സ്ഥലങ്ങള്‍ ജോലി വാങ്ങിക്കൊടുത്തെന്നും അതില്‍ വളരെ സംതൃപ്തി തോന്നിയെന്നും അവര്‍ വ്യക്തമാക്കി.

1990കളുടെ ആരംഭത്തില്‍ ഇന്ത്യയിലെ റീറ്റൈല്‍ രംഗത്തെ പല പേരുകളും ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവോടെ ഉപഭോക്താക്കളുടെ ഈ വിഷയങ്ങളിലുള്ള അറിവ് കൂടി. എന്താണ് അവര്‍ക്ക് വേണ്ടതെന്നും അതിനായി വേണ്ട പണം ചെലവാക്കാനും അവര്‍ തയ്യാറായി.

ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളൊരു പ്രോഡക്ട് തയ്യാറാക്കുക എന്നതാണ് തന്നെ ഏറെ ആകര്‍ഷിപ്പിച്ചത്. ഇതോടൊപ്പം പുസ്തക ബിസിനസിനെപ്പറ്റിയും താന്‍ മനസിലാക്കി. 30,000 ടൈറ്റിലുകളും നിരവധി പ്രസാധകരുമുള്ള ഈ ബിസിനസ് മനസിലാക്കുന്നത് എളുപ്പമായിരുന്നില്ല. അതിനാല്‍ തന്നെ ക്രോസ് വേഡിലെ തന്‌റെ ജോലി തനിക്ക് അല്‍പം കഠിനാദ്ധ്വാനത്തോടെ ചെയ്യാന്‍ സാധിച്ചു. ടെസ്‌കോയുടെ മാനേജ്‌മെന്റ് മുഴുവനും യുകെയില്‍ ആയിരുന്നു. ചില സമയങ്ങളില്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കാന്‍ അവിടുത്തെ മാനേജര്‍മാര്‍ക്ക് സാധിക്കാത്തത് ചില വിഷമതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അഭിനിവേശനവും ജനങ്ങളും ഉദ്യേശവുമാണ് തന്റെ ജീവിതത്തിലെ മൂന്ന് പ്രധാന സംഭവങ്ങളെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നത് ശരിയായി തോന്നുന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ ആ സ്ഥാപനം വിടണം. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ നിഷേധാത്മകത ചുറ്റുമുള്ളവരിലേക്കും പടര്‍ത്തും. ജനങ്ങളിലും ടീമിലും ശ്രദ്ധ പതിപ്പിക്കുക എന്നതും പ്രധാനമാണ്.

ഷോപ്പ് ഫ്‌ലോറില്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന യുവ പ്രൊഫഷണലുകള്‍ക്ക് അമീഷ നല്‍കുന്ന ഉപദേശം ഇതാണ്. ' അവിടെ ആറ് മാസം ജോലി ചെയ്യുക, റീടെയിലിന്റെ അടിസ്ഥാനം നിങ്ങള്‍ക്ക് മനസിലാകും. അവിടെ നിന്നും നിങ്ങള്‍ക്ക് നിരവധി കരിയര്‍ സാദ്ധ്യതകള്‍ ഉണ്ടാകും. 2020 ആകുന്നതോടെ റീറ്റെയില്‍ ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. അതിനാല്‍ തന്നെ സീനിയര്‍,മിഡ് ലെവല്‍ മാനേജര്‍മാരുടെ സാദ്ധ്യതകള്‍ അവസാനിക്കുന്നില്ല.'

ഷോപ്പേഴ്‌സ് ഷോപ്പിന്റെ വൈസ് ചെയര്‍മാനായ ബി.എസ് നാഗേഷാണ് കരിയറിന്റെ ആദ്യകാലം മുതല്‍ക്കേ അമീഷയുടെ മാര്‍ഗദര്‍ശി. മികച്ച ദര്‍ശനമുള്ളൊരു വ്യക്തിയാണ് അദ്ദേഹമെന്നാണ് അമീഷയുടെ അഭിപ്രായം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എന്നത് പെയിന്റ് ചെയ്യാന്‍ ഒരു തുറന്ന ക്യാന്‍വാസ് ലഭിക്കുന്നതുപോലെയാണ്. തന്റെ ഓരോ ജോലികളിലും ഓരോ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അദ്ദേഹം എങ്ങനെയായിരിക്കും അത് നേരിട്ടിരിക്കുക എന്ന് താന്‍ സ്വയം ചോദിക്കാറുണ്ടെന്നും വര്‍ഷങ്ങളായി അതാണ് തന്നെ വഴിനയിക്കുന്നതെന്നും അമീഷ വ്യക്തമാക്കി.

എല്ലായ്‌പ്പോഴും പെര്‍ഫെക്ഷന്‍ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉന്നതങ്ങളിലേക്കെത്താന്‍ താന്‍ യാതൊരു എളുപ്പവഴികളും എടുത്തിട്ടില്ലെന്നും അമീഷ പറയുന്നു. വലിയ വഴിയാണ് മുന്നിലുള്ളതെങ്കില്‍ താന്‍ അതേ വഴി തന്നെ പോകും. ഈ സ്വഭാവത്തെ തന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമല്ലെങ്കില്‍ പോലും അവര്‍ അതിനെ ബഹുമാനിക്കുന്നുണ്ട്. താനെന്ത് തന്നെ ഏറ്റെടുത്താലും അത് 100 ശതമാനം ഭംഗിയായി ചെയ്ത് പൂര്‍ത്തിയാക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ധാരാളം വായിക്കണമെന്നും ഇന്റര്‍നെറ്റ് ഉപോഗിച്ച് സ്വയം അപ് ടുഡേറ്റായിരിക്കണമെന്നുമാണ് യുവസംരംഭകര്ക്ക് നല്‍കാനുള്ള അമീഷയുടെ മറ്റൊരു ഉപദേശം.