ഇംഗ്ലീഷിനെ സ്‌നേഹിച്ചവര്‍ക്ക് തൊഴിലുറപ്പാക്കി ഡോ. കല്യാണി വല്ലത്ത്

0

താന്‍ പഠിപ്പിച്ച് വിദ്യാര്‍ഥികളില്‍ പലരും തൊഴില്‍ രഹിതരായി നില്‍ക്കുന്നത് കണ്ടാണ് പ്രശസ്ത ഇംഗ്ലീഷ് അധ്യാപിക ഡോ.കല്യാണി വല്ലത്ത് ഇതിന് പരിഹാരം തേടിയത്. ഈ തേടല്‍ എത്തി നിന്നത് ഒരു പോര്‍ട്ടലിന്റെ ആരംഭത്തിലാണ്. ഇംഗ്ലീഷില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കയുള്ള ഒരു പോര്‍ട്ടല്‍ ഇ പ്രൊഫ് എന്ന പേരില്‍ ആരംഭിച്ച പോര്‍ട്ടലിന് വന്‍ സ്വാകരണമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഭിച്ചത്.പലരും ഇംഗ്ലീഷ് ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം ചെയ്യുകയും അദ്ധ്യാപന യോഗ്യതയായ നെറ്റ് നേടുകയുമാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ നെറ്റ് നേടുന്നവരുടെ എണ്ണം കൂടുന്നതോടെ നിരവധി പേര്‍ തൊഴില്‍ രഹിതരായി നില്‍ക്കുകയാണ്.ഓരോ വര്‍ഷവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് നെറ്റ് പരിശീലനത്തിനായി ഇവിടെ എത്തുന്നത്.ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരെ ലക്ഷ്യമാക്കിയാണ് 'ഇ പ്രൊഫ് ' എന്ന പുതിയ ആശയം ഡോ.കല്യാണി പ്രാവര്‍ത്തികമാക്കിയത്.

കൃത്യമായ ലക്ഷ്യബോധമില്ലായ്മയാണ് ഇംഗ്ലീഷ് പഠിച്ചിറങ്ങുന്നരില്‍ പലരും തൊഴില്‍ രഹിതരായി നില്‍ക്കുന്നതിന് കാരണം. ആദ്യം വേണ്ടത് ലക്ഷ്യബോധമാണ്. അതിന് പ്രാപ്തരാക്കുക എന്നതാണ് ഇ പ്രൊഫിലൂടെ ലക്ഷ്യം വെക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരെ ഒന്നിപ്പിച്ച് വിവിധ മേഖലകളില്‍ പരിശീലനം നല്‍കി താത്പര്യത്തിനും കഴിവിനുമൊത്ത തൊഴിലിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് ഇംഗ്ലീഷിന് മാത്രമായി നെറ്റ് പരിശീലനം നല്‍കുന്ന വല്ലത്ത് ഇംഗ്ലീഷ് ടോട്ടല്‍ സൊല്യൂഷന്‍സിന്റെ അമരക്കാരികൂടിയാണ് കല്യാണി.

അധ്യാപന മേഖയായിരുന്നു കുട്ടിക്കാലം മുതല്‍ കല്യാണിയുടെ സ്വപ്നം. 1998 മുതല്‍ അധ്യാപന രംഗത്ത് സജീവമാണ് ഡോ.കല്യാണി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും നല്‍കുന്നത് ഭര്‍ത്താവ് സുദീപാണ്. ഖത്തറില്‍ 'ഗള്‍ഫ് ടൈംസി'ല്‍ എഡിറ്ററാണദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ പുതിയൊരു ലോകം തന്നെ തുറന്നു കൊടുക്കുകയാണ് കല്യാണിയുടെ ലക്ഷ്യം. ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണിത്. കേരളത്തിലങ്ങോളമിങ്ങോളം ക്ലാസുകള്‍ നടത്തുകയാണ് ലക്ഷ്യം. ആദ്യം ഇംഗ്ലീഷ് ബിരുദം നേടിയവര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവരുടെ കഴിവും താത്പര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതനുസരിച്ച് ഓരോ ഗ്രൂപ്പുണ്ടാക്കും. എഡിറ്റിംഗ്, സബ് ടൈറ്റിലിംഗ്, കണ്ടന്റ് റൈറ്റിംഗ് അങ്ങനെ നിരവധി കോഴ്‌സുകളുണ്ട്. അതോടൊപ്പം ഒരു റിസര്‍ച്ച് ഫോറവും തുടങ്ങും. റിസര്‍ച്ചേഴ്‌സിന് ഇവിടെ നിന്നും ആവശ്യമുള്ള ഹെല്‍പ്പ് നല്‍കും. അതിന് വേണ്ടി സീനിയര്‍ പ്രൊഫസര്‍മാരെയും ലഭ്യമാക്കും. ഒത്തിരി പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. നാഷണല്‍ ലെവലിലുള്ള വിവിധ സംഘടനകളുമായി ചര്‍ച്ച നടക്കുന്നുണ്ട്.