'ടി-ഗ്രാന്റ്‌സ്' ചികിത്‌സാ ധനസഹായ പദ്ധതി സോഫ്റ്റ്‌വെയര്‍ ലോഞ്ചിംഗ് സ്പീക്കര്‍ നിര്‍വഹിച്ചു

0

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്‌സാ ധനസഹായ പദ്ധതി സെപ്റ്റംബര്‍ മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഇതിനുള്ള 'ടി-ഗ്രാന്റ്‌സ്' സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള നിയമസഭ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

 ലോകം ഓരോ ദിവസവും ഡിജിറ്റലായി വളരുന്ന കാലത്ത് ഈ വികാസത്തെ ഒഴിവാക്കിയുള്ള വളര്‍ച്ച ഇനി സാധ്യമല്ല. നിയമസഭാ സാമാജികര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മുന്നിലുള്ള ടച്ച് സ്‌ക്രീനില്‍ തെളിയുംവിധമുള്ള പേപ്പര്‍രഹിത സംവിധാനത്തിനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനുള്ള സമ്പൂര്‍ണ സോഫ്റ്റ്‌വെയറിനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. സേവനമേഖലയില്‍ ഓരോന്നിലും ഓണ്‍ലൈന്‍ വഴിയുള്ള പദ്ധതികള്‍ വരുന്നത് അഭികാമ്യമാണ്. ഈ മാറ്റങ്ങളോട് ചേര്‍ന്നുനില്‍ക്കാനുള്ള പരിശീലനം സാമാജികര്‍ക്ക് ലഭ്യമാക്കും. സമൂഹത്തിന്റെ താഴെത്തട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള വലിയ സഹായമാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ ധനസഹായപദ്ധതി. ഇത് വേഗത്തില്‍ അര്‍ഹരില്‍ എത്തിക്കാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ സഹായമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന, സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 23,073 കേസുകളിലായി 46 കോടി രൂപയാണ് ചികില്‍സാധനസഹായമായി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈവര്‍ഷം ഇതുവരെ 6135 പേര്‍ക്ക് എട്ടുകോടി അറുപത്തി ഒന്‍പത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് സഹായം ലഭ്യമാകുന്നതില്‍ എടുക്കുന്ന രണ്ടുമാസത്തോളം കാലതാമസം ഒഴിവാക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയും. ഇനിയത് ഒരാഴ്ചകൊണ്ട് കൈമാറാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ. മുനീര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ തുടങ്ങിയവര്‍ സംബന്ധിച്ചു.