ആയുര്‍വേദത്തിന് ഊര്‍ജ്ജം പകര്‍ന്ന് സംസ്ഥാനത്ത് ഗ്ലോബര്‍ ആയുര്‍വേദ വില്ലേജ്‌

ആയുര്‍വേദത്തിന് ഊര്‍ജ്ജം പകര്‍ന്ന് സംസ്ഥാനത്ത് ഗ്ലോബര്‍ ആയുര്‍വേദ വില്ലേജ്‌

Thursday December 10, 2015,

1 min Read

ആയൂര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ മനസിലാക്കി വ്യവസായ വികസന കോര്‍പറേഷന്റെ കീഴില്‍(കിന്‍ഫ്ര) സംസ്ഥാനത്ത് ഗ്ലോബല്‍ ആയൂര്‍വേദ വില്ലേജ് നിര്‍മിക്കും. 152.5 കോടി രൂപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ജില്ലയിലെ തോന്നക്കല്‍, വര്‍ക്കലയിലെ അയിരൂര്‍ എന്നീ സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആയുര്‍വേദ വില്ലേജ് യാതാര്‍ഥ്യമായാല്‍ ആയുര്‍വേദത്തിന് പുറമെ യോഗയിലും നിരവധി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.

image


കിന്‍ഫ്രയെ തന്നെയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായും തെരഞ്ഞെടുത്തിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആയുര്‍വേദ വില്ലേജ് നിര്‍മിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തോന്നക്കലിലാണ് വില്ലേജ് പൂര്‍ത്തിയാകുക. രണ്ട് മാസത്തിനുള്ളില്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിനായി 32.5 കോടി രൂപയാണ് വകയിരുത്തുന്നത്. തോന്നക്കലില്‍ ഇതിനോടകംതന്നെ 7.48 ഏക്കര്‍ ഭൂമി കിന്‍ഫ്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്.

image


അത്യാധുനിക സൗകര്യങ്ങളുള്ള ആയൂര്‍വേദ ആശുപത്രി, അന്തര്‍ദേശീയ നിലവാരത്തിലുള്ള ആയുര്‍വേദ അക്കാദമി, കണ്‍വെന്‍ഷന്‍ സെന്റര്‍, ആയുര്‍വേദ കോളജ് കോളജ് മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് ഇവിടെയുണ്ടാകുക. 100 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ളതായിരിക്കും ആശുപത്രി. കൂടാതെ ആയുര്‍വേദത്തിലെ മെഡിക്കല്‍, പാരാമെഡിക്കല്‍ ഡിഗ്രികോഴ്‌സുകള്‍ക്കായി ഫിനിഷിംഗ് സ്‌കൂളും ഇതോടൊപ്പമുണ്ടാകും.

ആദ്യഘട്ടത്തിനായി വകയിരുത്തിയിരിക്കുന്ന 32.5 കോടി രൂപയില്‍ പത്ത് കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും ബാക്കിയുള്ള പത്ത് കോടി രൂപ ആയുഷ് പദ്ധതിയുടെ കീഴില്‍ കേന്ദ്രത്തിന്റെയും സംഭാവനയാണ്. അവശേഷിക്കുന്ന 12 കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

image


പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കല അയിരൂരില്‍ 63 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഭൂമി ഏറ്റെടുക്കലിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ ആയൂര്‍വേദ സുഖചികിത്സാ കേന്ദ്രം, ഫിസിക്കല്‍ ഫിറ്റ്‌നസ് ഹബ്ബ്, യോഗ സെന്റര്‍, മെഡിക്കല്‍ സെന്റര്‍ തുടങ്ങിയവയാണ് എന്നിവയാണ് ഇവിടെയുണ്ടാകുക.

ആയുര്‍വേദ രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തമാകുന്നതാണ് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്. പദ്ധതി യാതാര്‍ഥ്യമായാല്‍ 750 ഓളം പേര്‍ക്ക് നേരിട്ടും അഞ്ഞൂറോളം പേര്‍ക്ക് അല്ലാതെയും ജോലി സാധ്യതകളുമുണ്ട്.