യുവത്വത്തിന് മാതൃകയായി റിത്വിക

0


10 വയസ്സുവരെ ഡല്‍ഹിയിലാണ് റിത്വിക ഭട്ടാചാര്യ വളര്‍ന്നത്. പിന്നീടങ്ങോട്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം യുഎസിലെ ഫ്‌ലോറിഡയിലാണ്. അവിടെ തന്റെ അമ്മാവനോടും അമ്മായിയോടും ഒപ്പമാണ് റിത്വികയും സഹോദരനും താമസിച്ചിരുന്നത്. അവധിക്കാലങ്ങളില്‍ ഇന്ത്യയിലെ അച്ഛന്റെയുടെയും അമ്മയുടെയും അടുത്തേക്ക് എത്തും. ഈ സമയത്താണ് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നു റിത്വികയ്ക്ക് മനസ്സിലായത്. ഇവിടെ ജീവിക്കുന്ന ഒരാള്‍ ഇവിടെത്തെ ഒരംഗമല്ല എന്നും റിത്വിക വീക്ഷിച്ചു.

എന്റെ അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹം പല എംപിമാരെയും എംഎല്‍എമാരെയും കാണാന്‍ പോകുമ്പോള്‍ ഞാനും കൂടെ പോകുമായിരുന്നു. അങ്ങനെയാണ് ഭരണകാര്യങ്ങളില്‍ എനിക്ക് താല്‍പര്യം ഉണ്ടായത്. കുട്ടിക്കാലത്തെ ഈ അനുഭവത്തില്‍ നിന്നാണ് സ്വാനിതി എന്ന എന്‍ജിഒ തുടങ്ങാന്‍ പ്രേരണയായത്.

അമേരിക്കന്‍ സെനറ്ററായ കാതറിന്‍ ഹാരിസിനുവേണ്ടി റിത്വിക പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന ഒരു സമയത്തുതന്നെ ഒരു സെനറ്റര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു റിത്വിക ശ്രദ്ധിച്ചിരുന്നു. ഇതും സ്വാനിതി തുടങ്ങുന്നതിനു പ്രേരണയായി. വികസന സംബന്ധമായ വിഷയങ്ങളില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും പറഞ്ഞുകൊടുക്കുന്ന എന്‍ജിഒ ആണ് സ്വാനിതി. 29 വയസ്സുകാരിയായ റിത്വികയാണ് ഇതിന്റെ സ്ഥാപക. മൂന്നു രീതിയിലാണ് ഇവര്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്.

1. വളരെ പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവയെക്കുറിച്ച് അന്വേഷണം നടത്തും

2. വിവിധ മണ്ഡലങ്ങളില്‍ക്കൂടി യാത്ര ചെയ്യും. പദ്ധതികളുടെ നടത്തിപ്പുകള്‍ നോക്കിക്കാണുന്നതിനാണിത്.

3. വികസന പ്രവര്‍ത്തനങ്ങളില്‍ എംപിമാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

സ്വാനിതി എന്ന ആശയം

വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സിലും സാമ്പത്തിക ശാസ്ത്രത്തിലും റിത്വിക ബിരുദം നേടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം നേടി. ബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെപൊതുതിരഞ്ഞെടുപ്പ് കാണുന്നത് എനിക്ക് ആകാംക്ഷയായിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞങ്ങളില്‍ എത്രപേര്‍ക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ചില മാധ്യമങ്ങള്‍ ആ സമയത്ത് നല്‍കിയിരുന്നു.

2009 ലാണ് സ്വാനിതി തുടങ്ങിയത്. ലാഭം ലക്ഷ്യമിട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി സ്വാനിതിയെ 2012 ല്‍ വളര്‍ത്തിയെടുക്കുന്നതിനു മുന്‍പ് വാഷിങ്ടണ്‍ ഡിസിയിലെ വേള്‍ഡ് ബാങ്ക് ഓഫിസിലും യുഎന്‍എഫ്പിഎയുടെ ഡല്‍ഹിയിലെ ഓഫിസിലും ജോലി ചെയ്തിട്ടുണ്ട്. ഇന്നു 22 അംഗങ്ങളടങ്ങിയ സ്വാനിതി ഭരണകാര്യങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നു. ടാറ്റ ടേസ്റ്റ്, രോഹിണി നിലേകനി തുടങ്ങിയവയൊക്കെ സ്വാനിതിയുടെ സഹായം ലഭിച്ചവരാണ്.

പ്രതിഫലനം

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള എംപിക്കൊപ്പവും ഒഡീഷയിയില്‍ നിന്നുള്ള എംപിക്കൊപ്പവും സ്വാനിതി ടീം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി എംപിമാരുടെ അതോറിറ്റി വഴി വളരെ പെട്ടെന്ന് തന്നെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വാനിതി സഹായിക്കുന്നു. സമൂഹത്തില്‍ അതിന്റെ പ്രതിഫലനം കാണാനും സാധിക്കുന്നുണ്ട്.

നൂറിലധികം എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതോടെ 65,000 ലധികം പേര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. ഇതിനുപുറമേ 15 മണ്ഡലങ്ങളിലെ എംഎല്‍െമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെ 7000 പേര്‍ക്ക് പ്രയോജനം ലഭിച്ചു. 70 കോടി മൂലധനമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി നാലു മുഖ്യമന്ത്രിമാരുടെ ഓഫീസിനോടൊപ്പം പ്രവര്‍ത്തിച്ചു.

പശ്ചിമ ബംഗാളിലെ ബരാക്‌പോര്‍ എംപി ദിനേശ് ത്രിവേദിക്കൊപ്പം പ്രവര്‍ത്തിച്ചത് സ്വാനിതിയുടെ മറ്റൊരു പരിപാടിക്ക് ഉദാഹരണമാണ്. ജൂട്ട് തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ദിനേശ് സ്വാനിതിയെ തേടിയെത്തിയത്. തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഗമമാക്കുന്നതിനും അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സ്വാനിതി നിലവിലുള്ള പദ്ധതികളില്‍ മാറ്റം വരുത്തി പുതിയവ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി.

ഇന്ത്യന്‍ വുമണ്‍ പാര്‍ലമെന്റേറിയന്‍സ് ഫോറം( ഐഡബ്ല്യുപിഎഫ്)

ഐഡബ്ല്യുപിഎഫിനു വേണ്ടി മുന്നിട്ടിറങ്ങിയത് സ്വാനിതിയാണ്. വിവിധ പാര്‍ട്ടികളിലെയും പ്രദേശങ്ങളിലെയും ഉള്ള വനിതാ നേതാക്കളെ ഒന്നിച്ചുകൊണ്ടുവന്നു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായിരുന്നു ഇത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലെ വനിതാ നേതാക്കളെ കൂടുതല്‍ അടുത്തറിയുന്നതിനും ഭാവിയില്‍ വനിതാ നേതാക്കളെ പിന്തുണയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പരിപാടി തുടങ്ങിയത്.

മാറ്റം വരുത്തുക

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസി, പ്രീമിയര്‍ ഓണ്‍ ലേബര്‍ മാര്‍ക്കറ്റ്‌സ് എന്നീ രണ്ടു പുസ്തകങ്ങള്‍ റിത്വിക പുറത്തിറക്കി. മൂന്നാമത്തെ പുസ്തകമായ മേക്കിങ് ഓഫ് എ പൊളിറ്റീഷ്യന്‍ ഉടന്‍ പുറത്തിറങ്ങും. യുവാക്കള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെ മാറ്റം വരുത്താന്‍ കഴിയും എന്നതിലാണ് മൂന്നാമത്തെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ പല മാറ്റങ്ങളും വരുത്താന്‍ യുവാക്കള്‍ക്കു കഴിയുമെന്നു റിത്വിക വിശ്വസിക്കുന്നു. ഒരു സ്ത്രീ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍ അവള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടാവുകയും സ്വയം അവള്‍ക്ക് ധൈര്യമുണ്ടാവുകയും ഒപ്പം മറ്റു സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുന്നവളെ ഒരു ധീരവനിതയെന്നു വിളിക്കാമെന്നാണ് റിത്വിക പറയുന്നത്.

വിദ്യാസമ്പന്നരായ യുവാക്കള്‍ രാഷ്ട്രീയത്തെ നോക്കിക്കാണുന്നതില്‍ ഒരു പോസിറ്റീവ് മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റിത്വികയുടെ വിശ്വാസം. അങ്ങനെ അവരെ ഭരണകാര്യങ്ങളില്‍ കൂടുതലായി ഇടെപടുത്താന്‍ കഴിയുമെന്നും റിത്വിക കരുതുന്നു.