അപകടങ്ങളിലെ രക്ഷകനാകാന്‍ ' സുരക്ഷാവീഥി പദ്ധതി '

0

അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ സുരക്ഷാവീഥി പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊല്ലം മുതല്‍ എറണാകുളം വരെയുള്ള ദേശീയ പാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സയടക്കമുള്ള എല്ലാ ചിലവുകളും സര്‍ക്കാര്‍ സൗജന്യമായി വഹിക്കുന്ന പദ്ധതിയാണ് സുരക്ഷാവീഥി. 145 കിലോമീറ്റര്‍ നീളത്തിലുള്ള ഈ ദേശീയപാത കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പാതകളില്‍ ഒന്നാണ്. റോഡപകടങ്ങള്‍ വര്‍ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

അപകടത്തില്‍പ്പെടുന്നവരെ കൃത്യസമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള കാലതാമസവും പ്രൈവറ്റ് ആശുപത്രികളില്‍ എത്തിക്കുന്നവര്‍ക്ക് പണം മുന്‍കൂറായി നല്‍കാത്തതിനാല്‍ ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജിലേക്കും തിരിച്ചുവിടുന്നതിന്റെ ഫലമായി പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ കാലതാമസം നേരിടുന്നതും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ അവര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യ മണിക്കൂറില്‍ തന്നെ മതിയായ ചികിത്സ ലഭ്യമാക്കിയാല്‍ മരണനിരക്ക് കുറയ്ക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികളെയും ആശുപത്രികളെയും ബന്ധപ്പെടുത്തി സുരക്ഷാവീഥി പദ്ധതി മോട്ടോര്‍വാഹന വകുപ്പ് നടപ്പാക്കുന്നത്.

ഇതനുസരിച്ച് കൊല്ലം മുതല്‍ എറണാകുളം വരെയുള്ള ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടവരെ ആദ്യ 48 മണിക്കൂറില്‍ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ എത്തിക്കുകയാണെങ്കില്‍ പരമാവധി മുപ്പതിനായിരം രൂപ വരെയുള്ള ചികിത്സ സൗജന്യമായി നല്‍കും. സൗജന്യ ചികിത്സ ലഭ്യമാകുന്നതിനായി കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

ആശുപത്രികള്‍ക്ക് ചികിത്സാ ചെലവിനുള്ള തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുകയും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഭാവിയില്‍ ലഭിക്കേണ്ടതായ ഇന്‍ഷുറന്‍സ് തുകയില്‍നിന്ന് ഈടാക്കുകയും ചെയ്യും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ പ്രീമിയം കേരള റോഡ് സുരക്ഷാ അതോറിറ്റി ഫണ്ടില്‍നിന്ന് നല്‍കും. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗജന്യ ആംബുലന്‍സ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും അതിനുവേണ്ടി ടോള്‍ഫ്രീ നമ്പരുകള്‍ നല്‍കുകയും ചെയ്യും. അപകട മരണ നിരക്ക് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി സുരക്ഷാവീഥി പദ്ധതി ആവശ്യമെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും പിന്നീട് വ്യാപിപ്പിക്കും.