കേരളത്തില്‍ സ്‌പോര്‍ട്‌സ് സിറ്റിയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

0


സ്വകാര്യ മേഖലയിലെ ആദ്യ സ്‌പോര്‍ട്‌സ് സിറ്റി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പങ്കാളിത്തത്തോടെ കൊച്ചിയില്‍ സ്ഥാപിക്കുന്നു. അരൂര്‍ ഇടപ്പള്ളി ബൈപാസിന് സമീപം 25 ഏക്കറിലാണ് സ്‌പോര്‍ട്‌സ് സിറ്റി വരുന്നത്. ബില്‍ഡര്‍മാരായ പ്രൈം മെറിഡിയനാണ് നിര്‍മാണച്ചുമതല.ആധുനിക അനുബന്ധ സൗകര്യങ്ങളോടുകൂടിയ ഒന്നോ രണ്ടോ കളിക്കളങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, പാര്‍പ്പിട സമുച്ചയം, കണ്‍വന്‍ഷന്‍ സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, ഹരിത മേഖല എന്നിവ ഉള്‍പ്പെടുന്നതാവും സ്‌പോര്‍ട്‌സ് സിറ്റി. ഇന്റര്‍നാഷനല്‍ സ്‌കൂളും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമുള്ളയിടം എന്ന നില ക്കാണ് കൊച്ചി ആദ്യത്തെ സ്‌പോര്‍ട്‌സ് സിറ്റിക്കായി പരിഗണിച്ചത്. സ്‌പോര്‍ട്‌സ് സിറ്റി നഗരത്തിനകത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. കൊച്ചിയുടെ തുടര്‍ച്ച എന്നു വിശേഷിപ്പിക്കാവുന്ന, ഗതാഗത സൗകര്യമുള്ള പ്രദേശങ്ങളാണ് പരിഗണിച്ചത്. 50 ഏക്കര്‍ വാങ്ങാന്‍ ലക്ഷ്യമിട്ടെങ്കിലും ആദ്യഘട്ടത്തില്‍ 25 ഏക്കറില്‍ നിര്‍മാണം തുടങ്ങുകയാണ്. കേരളത്തിലെ സംരംഭം വിജയിച്ചാല്‍ മറ്റു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

സ്‌പോര്‍ട്‌സ് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യഘട്ട നിര്‍മാണം ഉടന്‍ ആരംഭിക്കും. നിര്‍മാണോദ്ഘാടനം സംബന്ധിച്ച് സച്ചിന്റെ അനുമതിക്ക് കാക്കുകയാണ്. പദ്ധതി പൂര്‍ണ സജ്ജമാകുന്ന മുറക്ക് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന അക്കാദമികളും പരിശീലകരും ഇവിടെയെത്തും. പരിശീലകര്‍ക്കും ജീവനക്കാര്‍ക്കും ട്രെയിനികള്‍ക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. ട്രെയിനികളുടെ രക്ഷിതാക്കള്‍ക്കും സ്‌പോര്‍ട്‌സ് സിറ്റി സന്ദര്‍ശന വേളയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കാനാവും. വിനോദസഞ്ചാര മേഖലയെന്ന നിലക്ക് വിപണനം ചെയ്യാനും സാധ്യതയുണ്ട്.

കേരളത്തോടുള്ള ഇഷ്ടം മൂന്ന് വര്‍ഷം മുമ്പ് വെളിപ്പെടുത്തിയ സച്ചിന്‍ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനായി ഐ എസ്‌ എല്‍ ഫ്രാഞ്ചൈസിയുമായാണ് ആദ്യം കൈകോര്‍ത്തത്. പിന്നീട് ഐ എസ് എല്‍ രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമയെന്ന നിലക്കും ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തി. രണ്ടാം ഐ എസ്എല്‍ സീസണിന് തൊട്ടുമുമ്പാണ് സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി ശ്രമിക്കുമെന്ന സൂചനകളും നല്‍കിയത്. അതിന്റെ തുടര്‍ച്ചയായാണ് സച്ചിന്റെ സംരംഭകത്വം. പിന്നാലെ, കൊച്ചിയില്‍ പ്രൈംമെറിഡിയന്റെ വില്ലയും സച്ചിന്‍ സ്വന്തമാക്കിയിരുന്നു.

ദക്ഷണേന്ത്യില്‍ സച്ചിന്‍ വീടുവാങ്ങുന്നത് ആദ്യമായാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുമായി കൂടുതല്‍ സമയം ചെലവഴിക്കാണ് ഇവിടെ വീട് വാങ്ങിയത്. കേരളത്തില്‍ പല സ്ഥലത്തും നോക്കിയെങ്കിലും കായലോരത്ത് ബ്ലൂ വാട്ടേഴ്‌സ് വില്ല ഇഷ്ടപ്പെട്ട് വാങ്ങുകയായിരുന്നു.