അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്  

0

  

പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടി നേരിടുന്ന ബഹുമുഖമായ പ്രശ്‌നങ്ങള്‍  അടിയന്തരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി അവിടം സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍, ആദിവാസി തലവന്മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തയ്യാറാക്കിയ  റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കു നല്‍കിയിട്ടുണ്ട്.  

അട്ടപ്പാടി നേരിടുന്നത് രൂക്ഷമായ പരിസ്ഥിതിത്തകര്‍ച്ചയും, അതുമൂലം ഉണ്ടാവുന്ന വരള്‍ച്ചയുമാണ്. എന്നാല്‍, ഈ വരള്‍ച്ചയെ  നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു മുന്‍കരുതല്‍ നടപടിയും ഇതേവരെ സ്വീകരിച്ചതായി കാണുന്നില്ല. അതിന് വേണ്ട അടിയന്തരനടപടികള്‍ വിവിധ വകുപ്പുകള്‍ വഴി ഉടനടി ചെയ്യേണ്ടതാണ്. 

അട്ടപ്പാടിയില്‍ ശിശുമരണം ഒരു തുടര്‍ക്കഥയാവുകയാണ്. പോഷകസമൃദ്ധമായ ആഹാരത്തിന്റെ കുറവാണ് ഇതിന് പ്രധാനകാരണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം, ശൗചാലയങ്ങളുടെ അപര്യാപ്തത, ആരോഗ്യരക്ഷാസംവിധാനങ്ങളുടെ കുറവ് തുടങ്ങിയവയാണ് ശിശുമരണത്തിന്റെ മറ്റുകാരണങ്ങള്‍. 

അതുപോലെ, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവന്‍രക്ഷാമരുന്നുകളുടെ ദൗര്‍ലഭ്യവും ആശുപത്രികളിലെ ജീവനക്കാരുടെ കുറവും പരിഹരിക്കണം.

റേഷന്‍കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ കുറവും റേഷന്‍ കാര്‍ഡുകള്‍ നല്‍കാത്തതും രൂക്ഷമായ തൊഴിലില്ലായ്മയും കാരണം ആദിവാസി ജനസമൂഹം ദുരിതത്തിലാണ്. 

സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്തമായ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അട്ടപ്പാടി വെളിയിട വിസര്‍ജ്ജന പ്രദേശമായി തുടരുകയാണ്. അട്ടപ്പാടിയില്‍ അടിയന്തരമായി 3500 ശൗചാലയങ്ങളെങ്കിലും നിര്‍മ്മിക്കുന്നതിന് നടപടി ഉണ്ടാകണം. 

അട്ടപ്പാടിയിലെ 574 കുട്ടികള്‍ വിളര്‍ച്ച ബാധിതരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവും  വിളര്‍ച്ചയും മുതിര്‍ന്ന കുട്ടികളെപ്പോലും രോഗഗ്രസ്തരാക്കുന്നു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണം.

അട്ടപ്പാടിയിലെ പ്രധാന റോഡുകളായ മണ്ണാര്‍ക്കാട്-അഗളി, അഗളി-ചിറ്റൂര്‍ എന്നിവ പുനരുദ്ധരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണം.

മനുഷ്യര്‍ക്ക് നേരെയുള്ള വന്യജീവികളുടെ ആക്രമണം അട്ടപ്പാടി മേഖലയില്‍ അതിരൂക്ഷമാണ്. കാട്ടാന,  കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ കൃഷിയിടങ്ങളിലെ ആക്രമണവും ആദിവാസികളെ വലയ്ക്കുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പ് ജീവനക്കാരുടെ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

അട്ടപ്പാടിയിലെ യുവാക്കളില്‍ മദ്യപാനശീലം കൂടുന്നത് ആശങ്കയുളവാക്കുന്നു. ഇതിനു പരിഹാരം കാണുന്നതിന് സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികളുടെ  സജീവമായ ഇടപെടല്‍ അത്യാവശ്യമാണ്. 

അട്ടപ്പാടിയിലെ സര്‍ക്കാര്‍ കോളേജിന്റെ നിര്‍മ്മാണം  ത്വരിതപ്പെടുത്തണം. 

ശിരുവാണിപ്പുഴയ്ക്ക് കുറകെയുള്ള നിര്‍ദ്ദിഷ്ട അട്ടപ്പാടി വാലി ജലസേചന പദ്ധതിയ്ക്ക് തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്ര ഗവണ്‍മെന്റ് പരിസ്ഥിതി ആഘാത പഠനാനുമതി പിന്‍വലിച്ചിരുന്നു. അനുമതി പുന:സ്ഥാപിക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വേണ്ടതു ചെയ്യണം. അട്ടപ്പാടിയിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനും കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിനു ലഭിക്കേണ്ട 6.47 ടി.എം.സി വെള്ളം ലഭിക്കുന്നതിനും അട്ടപ്പാടി പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. 

മാവോയിസ്റ്റ് സാന്നിധ്യവും ഇടപെടലുമുള്ള പ്രദേശമെന്ന നിലയില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ സേവനം അട്ടപ്പാടിയില്‍ ലഭ്യമാവണം. ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തണം. കൂടുതല്‍ പോലീസ് സ്റ്റേഷനുകളുടെ സാധ്യത  പരിശോധിക്കണം. മാവോയിസ്റ്റ് ഭീഷണി നേരിടാനാവശ്യമായ ആധുനിക ഉപകരണങ്ങളും പരിശീലനവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കണം. 

ഈ പ്രദേശത്ത് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ ഏകോപനമില്ലായ്മ പ്രവര്‍ത്തനങ്ങളുടെ  കാര്യക്ഷമത കുറയ്ക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.