അവഗണനകളില്‍ തളരാതെ പ്രശാന്ത്

അവഗണനകളില്‍ തളരാതെ പ്രശാന്ത്

Saturday May 07, 2016,

3 min Read


ഉറുമ്പുകള്‍ ചുമരില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ പലതവണ താഴെ വീഴാറുണ്ട്. എന്നാല്‍ വീണ്ടും വീണ്ടും അവ ശ്രമിക്കും. അവയുടെ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ പരിശ്രമം തുടരും. പ്രശാന്ത് ഗുപ്തയുടെ കഥയും ഇതുപോലെയാണ്. അവഗണനയും നൈരാശ്യവും ഉണ്ടായിട്ടുപോലും തന്റെ സ്വപ്‌നം ഉപേക്ഷിക്കാന്‍ പ്രശാന്ത് തയാറായില്ല.

അടുത്തിടെ ഇറങ്ങിയ നീരജ സിനിമയില്‍ ഇന്തോഅമേരിക്കന്‍ കഥാപാത്രമായി പ്രശാന്ത് അഭിനയിച്ചിരുന്നു. കൂടാതെ ഇസാഖ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അഭിനയം മാത്രമല്ല പ്രശാന്തിന്റെ ജീവിതം. ദ് ഫെസ്റ്റിവല്‍ ഓഫ് ഗ്ലോബിന്റെ ഇന്ത്യന്‍ അംബാസിഡര്‍, ദ് രാജസ്ഥാന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഉപദേഷ്ടാവ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒരു വ്യവസായ സംരംഭകന്‍ കൂടിയായ ഇദ്ദേഹം ഹോളിവുഡ് സിനിമാ നിര്‍മാണ കമ്പനിയായ മള്‍ബറി ഫിലിംസിന്റെ പാര്‍ട്‌നറാണ്. ഒരു വ്യവസായ സംരംഭകന്‍ എന്ന നിലയിലേക്ക് എത്തിച്ചേരുന്നതിനായി അദ്ദേഹം നടത്തിയ യാത്രകളില്‍നിന്നും നമുക്ക് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും നിങ്ങളുടെ സ്വപ്‌നങ്ങളെ ഉപേക്ഷിക്കരുതെന്നാണ്.

image


എനിക്കൊരു സ്വപ്‌നമുണ്ട്

ജയ്പൂര്‍ സ്വദേശിയാണെങ്കിലും പ്രശാന്തിന്റെ കുടുംബം താമസിക്കുന്നത് ന്യൂയോര്‍ക്കിലാണ്. 1982 ല്‍ ന്യൂയോര്‍ക്കിലാണ് പ്രശാന്ത് ജനിച്ചത്. മൂന്നു കുട്ടികളിലെ ഏറ്റവും ഇളയ ആള്‍. മൂന്നു വയസുള്ളപ്പോള്‍ തന്നെ ന്യൂയോര്‍ക്കിലെ മാര്‍വാരി സമൂഹം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രശാന്ത് പങ്കെടുത്തിരുന്നു. വളരെ ചെറുപ്പത്തിലെ ഉള്ള ഈ കലാപ്രേമം വളര്‍ന്നപ്പോള്‍ അഭിനയത്തോടും സിനിമയോടും നാടകാഭിനയത്തോടും ഇഷ്ടമുണ്ടാക്കി. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അഭിനയം പഠിക്കണമെന്നു പറഞ്ഞപ്പോള്‍ കുടുംബം പിന്തിരിപ്പിക്കാന്‍ നോക്കി.

പിതാവിന്റെ ഉപദേശപ്രകാരം ബറൂച് കോളേജില്‍! ധനകാര്യം വിഷമായെടുത്ത് പഠിക്കാന്‍ ചേര്‍ന്നു. അതോടൊപ്പം തന്നെ അഭിനയം പഠിക്കാനായി മൂന്നുവര്‍ഷത്തെ കോഴ്‌സില്‍ ചേര്‍ന്നു.

പോരാട്ടം തുടങ്ങുന്നു

രാവിലെ കോളജിലെ പഠിത്തം കഴിഞ്ഞാല്‍ വൈകിട്ട് മാന്‍ഹാട്ടനിലെ അഭിനയ ക്ലാസുകളില്‍ പങ്കെടുത്തു. 21ാമത്തെ വയസില്‍ ആദ്യമായി ഒരു തിരക്കഥ എഴുതി. 2003 ല്‍ കെവിന്‍ സ്‌പെയ്‌സീസ് കമ്പനിയുടെ അടുത്ത് ഇതുമായി ചെന്നു. അവര്‍ ഇതു വായിച്ചെങ്കിലും പിന്നീട് താല്‍പര്യം കാട്ടിയില്ല. പ്രശാന്ത് ആ തിരക്കഥ കയ്യില്‍ സൂക്ഷിച്ചു. എന്നെങ്കിലും ഒരിക്കല്‍ സിനിമയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ. ആ വര്‍ഷം തന്നെ താന്‍ എഴുതിയ കവിതകളെല്ലാം ചേര്‍ത്ത് എകെഎസ് എന്ന പേരില്‍ പുസ്തകമാക്കി. എന്നാല്‍ പുസ്തകം വില്‍ക്കാനായി ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ മാന്‍ഹാട്ടനിലെ ചെറിയൊരു ഇന്ത്യന്‍ ബുക്ക് സ്റ്റോര്‍ കുറച്ച് കോപ്പി വില്‍ക്കാനായി വാങ്ങിവച്ചു. ബാക്കിയുള്ളവ പ്രശാന്തിന്റെ അമ്മ സുഹൃത്തുക്കള്‍ക്ക് 10 ഡോളറിനു വീതം വിറ്റു.

image


ഈ ബുക്കാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഇതിന്റെ ഒരു കോപ്പി അമിതാഭ് ബച്ചനും അയച്ചുകൊടുത്തിരുന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എനിക്കൊരു കത്തയച്ചു. ആ കത്താണ് യുഎസില്‍നിന്നും മുംബെയിലേക്ക് താമസം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ചത്. 2007 ല്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എനിക്കവസരം കിട്ടി. നിരവധി പരസ്യങ്ങളിലും ഷോര്‍ട്ഫിലിമുകളിലും ഒരു ഫീച്ചര്‍ സിനിമയിലും അഭിനയിച്ചു. എന്നാല്‍ അപ്പോഴും നല്ലൊരു കഥാപാത്രത്തിനുവേണ്ടിയുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു.

മുംബൈയാണ് എന്റെ പ്രിയ നഗരം

2007, ജൂണ്‍ 30 രാത്രിയിലാണ് ഞാന്‍ മുംബൈയില്‍ എത്തിയത്. രണ്ടു മാസത്തിനുശേഷമായിരുന്നു തിരിച്ചു പോകാനുള്ള ടിക്കറ്റ്. സിനിമാ മേഖലയിലെ വ്യക്തികളുമായി കാണാനും ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യാനുമുള്ള സമയം എനിക്കുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് പോസ്റ്റീവ് ചിന്താരീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ശമനമില്ലാത്ത ഉദ്യമം

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒരു വ്യവസായ സംരംഭകന്റെ അതേ അവസ്ഥ പ്രശാന്തിനുമുണ്ടായി. നിലനില്‍പിനുവേണ്ടി വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും ഫോണ്‍ നമ്പരുകള്‍ സംഘടിപ്പിച്ച് മെസേജ് അയക്കാന്‍ തുടങ്ങി. നല്ലൊരു തിരക്കഥയുമായി ഒരു എഴുത്തുകാരനെ സമീപിച്ചു. അതില്‍ തനിക്ക് നല്ലൊരു കഥാപാത്രം ലഭിക്കുമെന്നു പ്രശാന്തിനു ഉറപ്പുണ്ടായിരുന്നു. ജയ്പൂര്‍, മുംബൈ, യുഎസ് എന്നിവിടങ്ങളില്‍നിന്നും നിര്‍മാതാക്കളെയും സംഘടിപ്പിച്ചു. എന്നാല്‍ നല്ലൊരു കഥാപാത്രം ലഭിച്ചില്ല.

2011 ല്‍ പ്രശാന്ത് ശരിക്കും നിരാശനായി. സമ്മര്‍ദവും തോല്‍ക്കുമെന്നുള്ള ഭയവും മാനസിക സമ്മര്‍ദമുണ്ടാക്കി. അത് വിഷാദത്തിലേക്ക് കൊണ്ടെത്തിച്ചു. എന്നാല്‍ പതുക്കെ പതുക്കെ അവയില്‍നിന്നും തിരിച്ചുവന്നു. ആറുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ മാറി. ഇസാഖ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ആ സിനിമയോടെ പ്രശാന്ത് എന്ന നടനെ ജനം തിരിച്ചറിഞ്ഞു. മികച്ച വിജയം നേടാനായില്ലെങ്കിലും സിനിമാ മേഖലയില്‍ പ്രശാന്തിന് ഒരിടം ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐഡന്റിറ്റി കാര്‍ഡില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടി. ആ സിനിമയിലെ കഥാപാത്രത്തിന് സിലിക്കണ്‍വാലിയില്‍ നടന്ന ദ് ഫെസ്റ്റിവല്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

image


2014 ല്‍ കന്നഡ ഹൊറര്‍ ചിത്രമായ 65=2 റീമേക്കില്‍ അഭിനയിച്ചു. എട്ടുവര്‍ഷം വേണ്ടിവന്നെങ്കിലും 2015 ല്‍ പ്രശാന്തിന് തന്റെ ലക്ഷ്യം നേടാനായി. ജനുവരി 19 എന്ന ചിത്രത്തിലെ കഥാപാത്രത്തിന് രാജസ്ഥാന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് ലഭിച്ചു. ഇതു ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുടെ സോനം കപൂര്‍ അഭിനയിച്ച നീരജ സിനിമയില്‍ നല്ലൊരു കഥാപാത്രം ലഭിക്കാന്‍ ഇടയാക്കി. ഇപ്പോള്‍ ഇറാദ സിനിമയിലാണ് അഭിനയിക്കുന്നത്. നസ്‌റുദീന്‍ ഷായും ചിത്രത്തിലുണ്ട്.

ഒരു ദിവസം കാര്യങ്ങള്‍ നമുക്ക് അനുയോജ്യമായി വരും. നിങ്ങള്‍ ചെയ്യുന്നതെന്തായാലും 100 ശതമാനം ആത്മാര്‍ഥത പുലര്‍ത്തുക. പകുതി മനസോടെ എനിക്കൊരിക്കലും ഒന്നും ചെയ്യാനാവില്ല. അതുപോലെതന്നെയാണ് നിങ്ങള്‍ക്കും. ജീവിതം എനിക്ക് സിനിമ പോലെയാണ് പ്രശാന്ത് പറയുന്നു.