ജൈവകൃഷിക്കായി വെള്ളമെത്തിച്ച് ഗാന്ധി ഹരിതസമൃദ്ധി

0

ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം ഏലയിലെ വാഴ, പയര്‍, വെള്ളരി, ചീര തുടങ്ങിയ കൃഷികള്‍ക്ക് വെള്ളം എത്തിക്കാന്‍ മുന്നിട്ടിറങ്ങി ഗാന്ധി ഹരിതസമൃദ്ധി. കൃഷികള്‍ക്ക് വെള്ളം കിട്ടാതായതോടെ ഞായറാഴ്ച രാവിലെ 10 മണിയോടെ ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്‍ കുളത്തിങ്കലും കര്‍ഷകരും ധര്‍ണ്ണ നടത്തുകയും തിങ്കളാഴ്ച രാവിലെ ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീസര്‍ ഡി അനില്‍ കുമാറിനെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് കനാല്‍ തുറക്കുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ അടഞ്ഞുകിടന്ന അഴകിക്കോണം പൈപ്പ് പാറശ്ശാല ഫയര്‍ഫോഴ്സും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ഗാന്ധി ഹരിതസമൃദ്ധി പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് വൃത്തിയാക്കിയ ശേഷം നെടിയാന്‍കോടിലെ കനാല്‍ ഷട്ടര്‍തുറന്ന് കൃഷിയിടത്തിലേക്ക് വെള്ളം എത്തിച്ചു. നെയ്യാര്‍ കനാലിനെ ആശ്രയിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ജലം സുഗമമായി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിക്കണം.വിവിധ പഞ്ചായത്തുകളിലും പ്രദേശങ്ങളിലും കര്‍ഷക തര്‍ക്കങ്ങള്‍ നിത്യസംഭവമാണ്. ഓരോ പ്രദേശത്തേയും കര്‍ഷക കൂട്ടായ്മകള്‍ അടിസ്ഥാനമാക്കി സ്ഥിരമായ ഒരു ജലവിതരണ സമയക്രമം അടിയന്തിരമായി നടപ്പാക്കണമെന്നും സനില്‍ കുളത്തിങ്കല്‍ ആവശ്യപ്പെട്ടു. ഗാന്ധി മിത്ര മണ്ഡലം ചെയര്‍മാന്‍ എം വേണുഗോപാലന്‍ തമ്പി, സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. മര്യാപുരം ശ്രീകുമാര്‍, എം ആര്‍ സൈമണ്‍, മാരായമുട്ടം സുരേഷ്, കൊറ്റാമം വിനോദ്, കോട്ടൂക്കോണം കൃഷ്ണകുമാര്‍, മാരായമുട്ടം രാജേഷ്, വാര്‍ഡ് മെമ്പര്‍ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.