നിർഭാഗ്യത്തിന്റെ പെരുമഴയിൽ സരോജയും മക്കളും 

0

പതിനാലു വയസുള്ള മകളെയും പതിനൊന്നു വയസുള്ള മകനെയും ചേർത്തുപിടിച്ച് വഴിപോക്കർക്കു മുന്നിലേലേക്കു ‘ഭാഗ്യം’ നീട്ടുന്ന ഈ അമ്മയുടെ ദൗർഭാഗ്യത്തെക്കുറിച്ചു മാത്രം ആരും തിരക്കിയിട്ടില്ല. പനമ്പിള്ളിനഗർ കെ.സി.ജോസഫ് റോഡിനു സമീപത്തെ ലോട്ടറിതട്ടിൽ രാത്രി 10വരെ ഇവരെ കാണാം....‘നന്നേ ഇരുട്ടിയിട്ടും മക്കളെയും കൂട്ടി വീട്ടിൽ പോകാത്തതെന്തേയെന്ന്’ ആരും ചോദിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ആകെയുള്ള സമ്പാദ്യമായ മക്കളുടെ പാഠപുസ്തകങ്ങളും യൂണിഫോമും ലോട്ടറിത്തട്ടിനു കീഴെ അടുക്കിവച്ചു കണ്ണീർവാർക്കുന്ന ഈ കുടുംബചിത്രം ഈ പെരുമഴക്കാലത്ത് ഉണ്ടാകുമായിരുന്നില്ല....

ചാറ്റൽമഴയുള്ള നഗരസന്ധ്യയിൽ ലോട്ടറിത്തട്ടിനോടു ചേർന്നുള്ള തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയാണ് എട്ടാംക്ലാസുകാരി റുസൈനയും അനുജൻ ആറാം ക്ലാസുകാരൻ നിഹാലും. ‘ഹോംവർക്ക്’ ചെയ്യാൻ വീടല്ല, െതരുവാണ് ആശ്രയം. അതും മഴയൊഴിഞ്ഞ നേരം നോക്കണം. സ്കൂൾ വിട്ടുവന്നാൽ റുസൈനയ്ക്ക് വസ്ത്രം മാറാനൊരു മറ പോലുമില്ല. അതിനു പിറ്റേന്നു പുലർച്ചവരെ കാത്തിരിക്കണം. മഴ ആർത്തലച്ചു പെയ്യുമ്പോൾ തട്ടിൻകീഴിലെ ഇത്തിരിസ്ഥലത്ത് അമ്മ സരോജയെ (48) കെട്ടിപ്പിടിച്ചിരിക്കും ഈ കുഞ്ഞുങ്ങൾ....രാത്രി 10 വരെയാണു കച്ചവടം. ആരെങ്കിലും കുറിയെടുത്താലോ എന്നു കരുതിയല്ല ഈ നീണ്ടുപോകൽ. രാത്രിയൊന്നു വളർന്നുകിട്ടാനാണു കാത്തിരിപ്പ്. പത്തായാൽ മക്കളെയും കൂട്ടി സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കു പോകും. രാത്രിയുറക്കം പ്ലാറ്റ്ഫോമിൽ. വെളുക്കും മുൻപ് തട്ടിനരികിലെത്തും. പനമ്പിള്ളി നഗർ ഷോപ്പിങ് കോംപ്ലക്സിലെ പൊതുചിമുറിയിൽ കുളിക്കും, വസ്ത്രം മാറും. ആളും വെളിച്ചവും വരുംമുൻപ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കും....

റുസൈന എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിലും നിഹാൽ തേവര സെന്റ് മേരീസിലുമാണു പഠിക്കുന്നത്. അപമാനം ഭയന്നുസ്കൂളിലെ സഹപാഠികളോടും അധ്യാപകരോടും ഈ കുരുന്നുകൾ സങ്കടം പങ്കുവച്ചിട്ടില്ല. എറണാകുളം കമ്മട്ടിപ്പാടംസ്വദേശിനിയായ സരോജയെ ഇതരമതസ്ഥനായ പുരുഷനെ വിവാഹം ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്കു മുൻപേ വീട്ടുകാർ ഉപേക്ഷിച്ചതാണ്. ലോട്ടറി വിൽപനക്കാരനായ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം വാടകവീടുകളിൽ മാറിമാറി കഴിഞ്ഞു.വീടു നോക്കാത്തയാളായിരുന്നു ഭർത്താവെന്നു സരോജ പറയുന്നു. തനിക്കും കുഞ്ഞുങ്ങൾക്കും ആഹാരമോ വസ്ത്രമോ തന്നിട്ടില്ല.

ആറുമാസം മുൻപു ഭർത്താവ് ഉപേക്ഷിച്ചു പോയി. പണമില്ലാതെ വന്നപ്പോൾ വീടൊഴിയേണ്ടി വന്നു. ജീവിക്കാൻ കടമെടുത്തു ലോട്ടറി കച്ചവടം തുടങ്ങി. കച്ചവടത്തിലെ മിടുക്കുകളറിയാത്തതിനാൽ കാശും കാര്യമായി കിട്ടാറില്ല.‘വിധിയെ പഴിക്കുന്നില്ല. മക്കളെയും കൂട്ടി റോഡിലിരിക്കുമ്പോൾ പല ദുരനുഭവങ്ങളുമുണ്ടാകാറുണ്ട്. ...റെയിൽവേ സ്റ്റേഷനിൽ പൊലീസുകാർ ഇറക്കിവിടാൻ നോക്കും. നേരം വെളുപ്പിച്ചോട്ടെ എന്നു കരഞ്ഞു പറയുമ്പോൾ സമ്മതിക്കും....കുഞ്ഞുങ്ങളെ അവരും കാണുന്നതാണല്ലോ. വസ്ത്രം മാറാൻ ഒരു മറ പോലുമില്ലെന്നതാണു മോളുടെ സങ്കടം. കയറിക്കിടക്കാൻ ഒരഭയമുണ്ടാകണേ എന്നാണു പ്രാർഥന’- സരോജ പറയുന്നു.സരോജയുടെ കുടുംബത്തെ സഹായിക്കാൻ നഗരസഭാ കൗൺസിലർപി.ഡി. മാർട്ടിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു