ബ്രെക്‌സിറ്റ് ഒരു പാഠമാകേണ്ടത് എന്തു കൊണ്ട്?

0
ഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വെളിയില്‍ വന്ന ബ്രിട്ടണ്‍ നല്‍കുന്ന സന്ദേശമെന്താണ്. കുടിയേറ്റമെന്നത് ഉപരിപ്ലവമായി മാത്രം നോക്കി കാണേണ്ട ഒരു കാര്യമാണോ. ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് ബ്രെക്‌സിറ്റിനെ വിലയിരുത്തുന്നു.

ബെര്‍ലിന്‍ മതിലിന്റെ പതനത്തിനു ശേഷം ലോകത്തെ പിടിച്ചു കുലുക്കിയ സംഭവമായി മാറിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്‍മാറ്റം. വളരെ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഹിതപരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് വെളിയില്‍ വരണമെന്ന അഭിപ്രായ രൂപീകരണം ഉണ്ടായതെങ്കിലും ബ്രിട്ടന്‍ ഇനി പഴയ ബ്രിട്ടണ്‍ ആയിരിക്കില്ല. കാര്യങ്ങള്‍ ഒരിക്കലും മുന്‍പത്തേതു പോലെയാകില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പുറത്തു പോക്ക് ലോക സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. നിലവിലെ അവസ്ഥയില്‍ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന നിരീക്ഷണത്തിലാണ് സാമ്പത്തിക വിദഗ്ധരെല്ലാം. ലോക സാമ്പത്തിക അവസ്ഥ അത്രമെച്ചമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങളെന്നത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളുടെ സ്ഥിരതയാര്‍ന്ന വളര്‍ച്ചക്കു ശേഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് പിന്നോട്ടു പോകുന്ന കാഴ്ചയാണ് ചൈനയില്‍ ഉള്ളത്. ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികളിലൂടെ കടന്നു പോവുകയാണ് ലാറ്റിനമേരിക്കയില്‍ ബ്രസീല്‍. വലിയ അവകാശവാദങ്ങള്‍ക്കുപരി പ്രായോഗിക തലത്തില്‍ ഇന്ത്യക്കും ശുഭകരമായ ഒരു വളര്‍ച്ചാ നിരക്ക് കൈവരിക്കാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍ എന്ന ശക്തമായ സാമ്പത്തിക ഭരണകൂടം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുന്നത്. യൂറോപ്പിലേക്ക് ഒഴുകിയെത്തുന്ന അഭയാര്‍ഥി പ്രശ്‌നമാണ് ബ്രെക്‌സിറ്റിന് അനുകൂലമായി നിലപാടെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.

സാമ്പത്തികമായ കാരണങ്ങള്‍ക്കുപരി രാഷ്ട്രീയമായി തന്നെയാണ് ഹിതപരിശോധന ബ്രിട്ടണില്‍ നടന്നത്. മൂന്ന് കാര്യങ്ങളാണ് ഇതില്‍ വ്യക്തമായി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുക. കുടിയേറ്റം, സാമ്പത്തിക അസമത്വം, ദേശീയത എന്നീ മൂന്ന് ഘടകങ്ങളില്‍ ഒരു ജനത പ്രകടിപ്പിച്ച നിലപാടുകളാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനെ പുറത്തേക്ക് പോകുവാന്‍ പ്രേരിപ്പിച്ച ഘടകം. 

ആഗോള കുടിയേറ്റ വിഷയം എന്നത് ബ്രിട്ടന്‍ പോലുള്ള പരിഷ്‌കൃത സമൂഹം പോലും മറ്റൊരു തലത്തിലാണ് ഉള്‍ക്കൊള്ളുന്നത് എന്നത് ഈ ഹിതപരിശോധനയുടെ ഫലത്തിലൂടെ വ്യക്തമാകും. ബ്രിട്ടണിലെ പണക്കാരും സാധാരണക്കാരും തമ്മിലുള്ള അന്തരം കൂടി ഈ ഫലത്തില്‍ നിന്ന് വായിച്ചെടുക്കാനാകും. ഭൂതകാലത്തിലെ ശേഷിപ്പുകളില്‍ വസിക്കുന്ന ലണ്ടന്‍ നിവാസികളും ബ്രിട്ടണിലെ അവികസിത മേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരും തമ്മില്‍ വലിയ അന്തരമാണുള്ളത്. അതു കൊണ്ടു തന്നെ യൂറോപ്യന്‍ യൂണിയനുമായുള്ള ബാന്ധവത്തില്‍ വലിയ പ്രതീക്ഷകളൊന്നും ഇത്തരം സ്ഥലങ്ങളിലെ ജനങ്ങള്‍ വച്ചു പുലര്‍ത്തുന്നുമില്ല. ആഗോളവത്കരണത്തേക്കാള്‍ ഒരു തരത്തില്‍ വിനാശകരമാണ് ദേശീയതാവാദം. സാമ്പത്തിക അസ്ഥിരതയുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ പെരുപ്പിച്ചു കാട്ടുന്ന ദേശീയവാദം എത്ര കണ്ട് ഫലവത്താകുമെന്ന സംശയവും ഉയരുന്നുണ്ട്.

എന്തായാലും ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തിക അവസ്ഥയെ ഇത് ബാധിക്കുമെന്നു തന്നെയാണ് കരുതേണ്ടത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇനി ഒരു തവണ കൂടി പദവി വഹിക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഇതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. ബ്രെക്‌സിറ്റിനെ ദേശീയവാദവുമായി ബന്ധപ്പെടുത്തി ഉപരിപ്ലവമായി കാണാതെ  ഗൗരവമായി സമീപിക്കുകയാണ് വേണ്ടത്. സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാളുപരി സാമൂഹ്യ സമസ്യ എന്ന നിലയിലായിരിക്കും ബ്രെക്‌സിറ്റ് ഇന്ത്യയെ ബാധിക്കുക. കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോകത്തിലാകെ ഉയര്‍ന്നുവരുന്ന സങ്കീര്‍ണമായ സാമൂഹ്യ കാഴ്ച്ചപ്പാടിന്റെ ലളിതമായ പ്രതിഫലനമാണ് ബ്രെക്‌സിറ്റിലൂടെ പുറത്തു വന്നിട്ടുള്ളത്. ബ്രെക്‌സിറ്റ് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം പരിഗണിക്കേണ്ടതില്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോളാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന വാദവും ഏതാണ്ട് സമാനം തന്നെയാണ്. ഫ്രാന്‍സില്‍ ഈ വാദത്തിന് അനുഗുണമായി ചിന്തിക്കുന്ന വലതുപക്ഷ നേതാവായ മറീന്‍ ലീ പെന്നിന്റെ പേരാണ്‌ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നത്.  ഇത്തരത്തില്‍ ചിന്തിച്ചാല്‍ ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന ആര്‍ എസ് എസ് നേതൃത്വം തന്നെയാണ് ഇന്ത്യയിലും ഭരണസാരഥ്യം വഹിക്കുന്നതെന്ന് പറയേണ്ടി വരും. ഐ എസ് ഐ സിന്റേയും കൂട്ടാളികളുടെ തീവ്രവാദപരമായ നിലപാട് മധ്യപൂര്‍വേഷ്യയില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയില്‍ ഊന്നിയുള്ള 20-ാം നൂറ്റാണ്ടിന്റെ മുഖമുദ്രയായ ബഹുസ്വരതയിലും നാനാത്വത്തിലും വിശ്വസിക്കാന്‍ ഇത്തരക്കാര്‍ കൂട്ടാക്കുന്നില്ല എന്നതാണ് ലോകം നേരിടുന്ന വെല്ലുവിളി.

കുടിയേറ്റം എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഏറ്റവും കാതലായ വിഷയം. എന്നാല്‍ ഇതിനെ മറ്റൊരു തലത്തില്‍ തന്നെ നോക്കികാണേണ്ടതാണ്. ഇത്തരം കുടിയേറ്റങ്ങള്‍ തന്നെയാണ് എന്നും മനുഷ്യ പുരോഗതിക്ക് നിദാനമായിട്ടുള്ളത്. മനുഷ്യ വിഭവശേഷിയുടെ വിനിമയം മാത്രമല്ല മറിച്ച് പുത്തന്‍ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് കുടിയേറ്റത്തിലൂടെ നടന്നിരുന്നത്. സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയില്‍ നയിക്കാന്‍ ഉതകുന്ന കണ്ടുപിടിത്തങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ഇത്തരം കുടിയേറ്റങ്ങള്‍ കാരണമായി എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. ഉത്തര്‍ പ്രദേശിലും ബീഹാറിലുമുള്ളവര്‍ ലക്‌നൗവിലും പാറ്റ്‌നയിലും മാത്രമല്ല മറിച്ച് കേരളത്തിലും ബംഗുലുരുവിലുമുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ളവര്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ നിന്ന് ബട്ടര്‍ചിക്കനും ബോംബെയിലെ ദോംബിവാലിയില്‍ നിന്ന് വടാപാവും തിന്നുമ്പോള്‍ തെളിയുന്നതും ഈ പാരസ്പര്യമാണ്.

സത്യ നദേലയും സുന്ദര്‍പിച്ചയും ഭീമന്‍ കമ്പനികളായ മൈക്രോസോഫ്റ്റും ഗൂഗിളും നയിക്കുന്നു. ഇന്ദിരാ നൂയി പെപ്‌സിയുടെ സാരഥ്യം വഹിക്കുന്നു. ഇതെല്ലാം സാധ്യമാകുന്നത് കുടിയേറ്റത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.

ഇവിടെ ഇന്ത്യയിലും ഈ പ്രദേശിക വാദത്തിന്റെ വിത്തുകള്‍ മുമ്പു തന്നെ വിതക്കപ്പെട്ടതാണ്. 60തുകളുടെ അവസാനത്തിലും 70കളിലും ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ ബാല്‍താക്കറെ തുടങ്ങിവച്ച പ്രക്ഷോഭം പിന്നീട് ഉത്തരേന്ത്യക്കാര്‍ക്കെതിരേയും തിരിഞ്ഞു. ഗ്ലോബല്‍ വില്ലേജ് എന്ന രീതിയിലേക്ക് നാം വളര്‍ന്നുവങ്കിലും ഒരു ജനതയെ, അവന്റെ അസ്തിത്വത്തെ, അംഗീകരിക്കാനുള്ള മനുഷ്യരായി കൂടി നാം വളരേണ്ടതുണ്ടെന്ന പാഠമാണ് ബ്രെക്‌സിറ്റ് നല്‍കുന്നത്.