നെയ്യാറിലെ വെള്ളം അരുവിക്കരയിലെത്തിക്കാന്‍ നടപടി

0

മഴക്കുറവുമൂലം തിരുവനന്തപുരം നഗരത്തിലെ ജലവിതരണം മുടങ്ങാതിരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചതായി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഇതിനായി നെയ്യാറിലെ വെള്ളം കരമനയാറിലെത്തിക്കുന്നതും അവിടെനിന്നും അരുവിക്കരയിലെത്തിച്ച് നഗരത്തില്‍ വിതരണം ചെയ്യുന്നതുമാണെന്നു മന്ത്രി അറിയിച്ചു. മുഖ്യമായും വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം ആശ്രയിച്ചാണ് തിരുവനന്തപുരം നഗരം കഴിയുന്നത്. മേയ് പതിനഞ്ചു വരെ ന്യായമായ ഉപയോഗത്തിനുള്ള വെള്ളം ലഭ്യമാണെന്നതിനാല്‍ പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. അത് മെയ് 25 വരെയെങ്കിലും എത്തിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും നിയന്ത്രണം കൂടാതെ വെള്ളമെത്തിക്കുന്നതിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയില്‍ പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നല്ല മഴ ലഭിച്ചാല്‍ പ്രശ്‌നം തീരും. എന്നാല്‍ മഴയുടെ അനിശ്ചിതത്വം കണക്കിലെടുത്ത് നെയ്യാര്‍ ഡാമിലുള്ള വെള്ളം കാരിയോട് തോട്, അണിയിലക്കടവ് വഴിയായി അരുവിക്കരയിലെത്തിച്ച് വിതരണം ചെയ്യുന്നതിനാണു ശ്രമിക്കുന്നത്. എട്ടര കിലോമീറ്ററോളമാണ് താണ്ടേണ്ടത്. ഇതിനിടെ ജലം മണ്ണിലേക്കു വാര്‍ന്നു പോയി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. അതിനെ മറികടന്ന് ഈ സംരംഭം വിജയിപ്പിച്ചാല്‍ പ്രതിസന്ധി തീരുന്നതാണ്.

 ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നെയ്യാര്‍ ഡാമില്‍ നിന്നും ജലം പമ്പുചെയ്ത് കാരിയോട് തോടിലേക്ക് ഒഴുക്കുന്നതിന് ഡ്രഡ്ജര്‍ കൂടി ഉപയോഗിക്കേണ്ടതുണ്ട്. പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പമ്പ് സ്ഥാപിച്ചു വെള്ളം പമ്പുചെയ്യുന്ന ജോലി ലാഭിക്കുന്നതിനും ഡ്രഡ്ജറിന്റെ ഉപയോഗം മൂലം കഴിയും. ഇതിനുള്ള ഡ്രഡ്ജര്‍ ആലപ്പുഴ നിന്നാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ കാരിയോട് തോടിന്റെ ശുദ്ധീകരണത്തിനായി രണ്ടു മണ്ണുനീക്കല്‍ യന്ത്രങ്ങളും പ്രവര്‍ത്തനം ആരംഭിച്ചു. ജലവിഭവവകുപ്പിന്റെ ഈ പരിശ്രമങ്ങളില്‍ പിന്തുണ നല്‍കുകയും, ബുദ്ധിമുട്ടുകളില്‍ സഹകരിക്കുകയും ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പാഠം ഉള്‍ക്കൊണ്ട് അടുത്ത വര്‍ഷം ഈ സാഹചര്യങ്ങളില്‍ എത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.