പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വിയുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

0പുതിയ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ എന്‍. വി. കൃഷ്ണവാര്യരുടെ കവിതകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള മീഡിയ അക്കാഡമി മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രഥമ എന്‍. വി. കൃഷ്ണവാര്യര്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എന്‍. വിയുടെ ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിതാസമാഹാരം കാലിക പ്രസക്തമാണ്. 

50 വര്‍ഷം മുന്‍പ് ദീര്‍ഘദര്‍ശനത്തോടെ എഴുതിയ കവിതയാണ് അത്. ലോകത്തെങ്ങും ദുരിതവും പ്രയാസവും അനുഭവിക്കുന്ന ജനങ്ങളുടെ പക്ഷം ചേര്‍ന്നു പാടിയ കവിയാണ് എന്‍. വി കൃഷ്ണവാര്യര്‍. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. നെതര്‍ലാന്റ് നിയുക്ത ഇന്ത്യന്‍ സ്ഥാനപതിയും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ ചടങ്ങില്‍ ആദരിച്ചു. കേരള മീഡിയ അക്കാഡമിയുടെ പുരസ്‌കാരമായ വയലിന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വേണുരാജാമണിക്ക് സമ്മാനിച്ചു. യുവജേര്‍ണലിസ്റ്റുകള്‍ക്ക് എന്‍. വി. കൃഷ്ണവാര്യര്‍ വലിയ പ്രചോദനമായിരുന്നുവെന്ന് വേണുരാജാമണി അനുസ്മരിച്ചു. കേരളവും നെതര്‍ലാന്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദഗ്ധ പഠനം നടക്കണമെന്ന് ഡച്ച് സ്വാധീനം കേരളത്തില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം നിര്‍ദ്ദേശിച്ചു. കുളച്ചില്‍ യുദ്ധത്തെക്കുറിച്ചും തിരുവിതാംകൂറിന്റെ സഹായിയായി മാറിയ ഡിലനോയിയെക്കുറിച്ചും പഠനമുണ്ടാവണം. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ പഴയ ബന്ധം മറന്നിരിക്കുകയാണ്. ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന് വേണു രാജാമണി പറഞ്ഞു. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഡച്ച് ഇന്‍ കേരള ഡോട്ട് കോം എഡിറ്റര്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഇ. എം. നജീബ്, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സി. റഹീം എന്നിവര്‍ സംസാരിച്ചു. കേരള മീഡിയ അക്കാഡമി അംഗം എസ്. ബിജു സ്വാഗതവും സെക്രട്ടറി കെ. ജി. സന്തോഷ് നന്ദിയും പറഞ്ഞു.