മെഡിക്കല്‍ കോളേജിനെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും

0


തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മെഡിക്കല്‍ കോളജ് വികസന പദ്ധതികളുടെ ഭാഗമായി 25 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ പുചിയ തീവ്രപരിചരണ സമുച്ചയത്തിന്‌ ഡോ. ആര്‍. കേശവന്‍ നായര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മുഖ്യമന്ത്രി നാമകരണം ചെയ്തു. മെഡിക്കല്‍ കോളേജിന്റെ ആദ്യകാല വികസനത്തിന് സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ ഡോക്ടറും മുന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായിരുന്നു ഡോ. ആര്‍. കേശവന്‍ നായര്‍.

 മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉന്നത നിലവാരത്തിലുള്ള ശുശ്രൂഷ ലഭിക്കുന്നതിനുവേണ്ടി വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, അപകടങ്ങള്‍ സംഭവിച്ചവര്‍ക്കായി പോളിട്രോമ ഐ.സി.യു., മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു., ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍-ഐ.സി.യു. എന്നിവയാണ് ബഹുനില മന്ദിരത്തില്‍ സജ്ജമാക്കുന്നത്.

15 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ സ്റ്റേഷന്‍, പമ്പിംഗ് റൂം, മെയിന്റനന്‍സ് റൂം, കൂട്ടിരുപ്പുകാര്‍ക്കുള്ള ഡൈനിംഗ് റൂം എന്നിവയാണ് തറനിരപ്പിന് താഴെയുള്ള ജി-2ല്‍ ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള മോര്‍ച്ചറി സംവിധാനമാണ് ജി-1ന്റെ ഏറ്റവും വലിയ സവിശേഷത. 60 മൃതശരീരങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം ഈ മോര്‍ച്ചറിയിലുണ്ട്. അഴുകിയതുള്‍പ്പെടെ ഒരേ സമയം മൂന്ന് പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പോസ്റ്റുമോര്‍ട്ടം റൂമില്‍ തങ്ങിനില്‍ക്കാത്ത വിധത്തിലുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വയോജനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇവിടെ ജെറിയാട്രിക് വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായിട്ടാണ് വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നത്. സ്ത്രീപുരുഷന്മാര്‍ക്കായി 16 കിടക്കകള്‍ വീതമുള്ള രണ്ട് വാര്‍ഡുകളാണുള്ളത്. അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവരെ ചികിത്സിക്കുന്ന വിഭാഗമായ പോളിട്രോമ ഐ.സി.യു. ആണ് ഒന്നാം നിലയില്‍ ക്രമീകരിച്ചിരിക്കുന്നത്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും വയര്‍, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ പ്രശ്‌നമുള്ളവരെ ചികിത്സിക്കുവാനുള്ള ഐ.സി.യുവില്‍ 16 കിടക്കകളുമുണ്ട്.


രണ്ടാം നിലയില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.

സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം താത്പര്യമെടുത്ത് സജ്ജമാക്കിയതാണ് രണ്ടാം നിലയിലെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. അപകടങ്ങള്‍, മാരകമായ അസുഖങ്ങള്‍, പകര്‍ച്ചപ്പനി, വലിയ ഓപ്പറേഷനുകള്‍ എന്നീ പലതരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് 24 കിടക്കകളുള്ള ഈ ഐ.സി.യു. ഇതില്‍ 12 കിടക്കകള്‍ അതീവ ഗുരുതരമായ രോഗികള്‍ക്കുവേണ്ടിയും 12 കിടക്കകള്‍ അപകടനില തരണം ചെയ്ത രോഗികള്‍ക്ക് വേണ്ടിയുള്ളതുമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് മൂന്നാം നില സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള സ്റ്റൈപ് ഡൗണ്‍ ഐ.സി.യു. എന്നിവയാണ് ഇവിടെയുള്ളത്. ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ നാലാം നിലയില്‍ ഒരുക്കിയിരിക്കുന്നു. 18 കിടക്കകളുള്ള ഐ.സി.യു.വാണ് ഇവിടെയുള്ളത്. ഈ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ മികച്ച സേവനം രോഗികള്‍ക്ക് ലഭ്യമാകും.