രക്തദാനത്തില്‍ സെഞ്ച്വറി നേടി പ്രചോദനമായി ബൈജു

0

രക്തദാനം മഹാദാനം എന്നത് ആശുപത്രി ചുവരുകളില്‍ വായിച്ചു മറക്കുന്ന വെറും വാചകമല്ല നെല്ലിമൂട് സ്വദേശി ബൈജുവിന്. ഓരോ ജീവനും രക്ഷിക്കാനായി സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയ വാചകം തന്നെയായിരുന്നു ഇത്. അമ്മയുടെ പ്രേരണകൂടിയായപ്പോള്‍ രക്തദാനം എന്ന പുണ്യകര്‍മത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ആരോഗ്യപരമായ നല്ല വശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനും സ്വന്തം ജീവിതം കൊണ്ട് മാതൃകയാകാന്‍ ബൈജുവിനു സാധിച്ചു. 18 വയസില്‍ ആരംഭിച്ച രക്തദാനത്തില്‍ 48-ാം വയസ്സില്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ബൈജു.

യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുന്ന സമയത്താണ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. അമ്മ ലീലയും അച്ഛന്‍ മണിയും പ്രോത്സാഹിപ്പിച്ചതോടെ രക്തദാനം ശീലമാക്കാന്‍ ബൈജുവിനു സാധിച്ചു. ആറു മാസം ഇടവിട്ട് രക്തദാനം നടത്തി തുടങ്ങിയ ബൈജു പിന്നീടത് മൂന്ന് മാസത്തിലൊരിക്കലാക്കി. അന്താരാഷ്ട്ര രക്തദിനാചരണത്തിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിലാണ് ബൈജു സെഞ്ച്വറി തികച്ചത്.

രക്തദാനത്തിലൂടെ മാതൃകയാകുന്നതിന് പുറമെ തന്റെ സുഹൃത്തുക്കളേയും നാട്ടുകാരേയും ഇതിനായി പ്രോത്സാഹിപ്പിക്കാനും ബൈജു മുന്നിട്ടിറങ്ങുന്നുണ്ട്. യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ തന്നെ മറ്റുള്ളവര്‍ക്കായി നല്‍കാന്‍ കഴിയുന്ന ഒരു വലിയ സാഹായമാണ് രക്തദാനമെന്ന് ഇവരെ പറഞ്ഞു മനസിലാക്കാനും നിരവധിപ്പേരെ രക്തദാനത്തിലേക്ക് കൊണ്ടുവരാനും സാധിച്ച സംതൃപ്തിയും ബൈജുവിനുണ്ട്. ഇതിന്റെ ഫലമായി സന്നദ്ധ രക്തദാതാക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ നെല്ലിമൂട് ഗ്രാമത്തിന് രക്തദാന ഗ്രാമം എന്ന വിശേഷണവും ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ മുന്നൂറോളം രക്തദാതാക്കള്‍ ഇവിടെയുണ്ട്. ജാതിമത ഭേദമന്യേ ഇവിടുത്തെ എല്ലാ ആഘോഷങ്ങള്‍ക്കൊപ്പവും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ച് വരികയാണ്. നെല്ലിമൂട്ടിലെ രണ്ട് ലൈബ്രറികളില്‍ രക്തദാന ഫോറവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

അപകട ശസ്ത്രക്രിയകള്‍, അര്‍ബുദ ചികത്സ എന്നിവയില്‍ അനിവാര്യമായ രക്തം ലഭിക്കാതെ വരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ബൈജു പറഞ്ഞു. ആര്‍ സി സിയില്‍ ഒരു ദിവസം 150 കുപ്പി രക്തം ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഒരു മാസം രണ്ട് ക്യാമ്പുകള്‍ മാത്രമേ ആര്‍ സി സിക്കായി നടത്താന്‍ സാധിക്കുള്ളൂ. ജീവനക്കാരുടെ അപര്യാപ്തതയാണ് ഇതിന് പ്രധാന കാരണം. പുറത്തുള്ള ക്യാമ്പുകളില്‍ നിന്നും രക്തം ശേഖരിക്കാന്‍ ഒരു ടീമിനെക്കൂടി സര്‍ക്കാര്‍ നിയോഗിക്കണമെന്നാണ് രക്ത ദാതാക്കളുടെ അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്.

സാധാരണക്കാരായ നിരവധിപ്പേരുടെ ആശ്രയമായ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ കമ്പോണന്റ് സെപറേഷന്‍ യൂനിറ്റ് ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രോഗിയുടെ ആവശ്യത്തിനനുസരിച്ച് കമ്പോണന്റ് വേര്‍തിരിച്ച് നല്‍കാന്‍ മറ്റ് ബ്ലഡ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇക്കാര്യത്തിലും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ബൈജുവിന്റെ അഭിപ്രായം.

കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെ ജില്ലാ സെക്രട്ടറിയായ ബൈജുവിന് സംസ്ഥാനത്തെ ഏറ്റവും നല്ല രക്ത ദാതാവിനുള്ള അവാര്‍ഡ് രണ്ട് തവണ ലഭിച്ചിട്ടുണ്ട്. നെല്ലിമൂട്ടില്‍ ഒരു വ്യാപാര സ്ഥാപനം നടത്തുകയാണ് ബൈജു. ഭാര്യ ബിന്ദുവും മകന്‍ നന്ദകിഷോറും രക്തദാനത്തില്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ നന്ദകിഷോറും അച്ഛന്റെ പാത പിന്തുടര്‍ന്ന് രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കുന്നുണ്ട്.