ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: മന്ത്രി മാത്യു ടി. തോമസ്  

0

ജലം അമൂല്യമാണെന്നും അത് സംരക്ഷിക്കേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നും ബോദ്ധ്യപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജലം സംരക്ഷിച്ച് ഭൂമിയെ സംരക്ഷിക്കൂ എന്ന വിഷയത്തില്‍ കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റീജിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അനുഗ്രഹമായിരുന്ന ഇടവപ്പാതി മുപ്പത്തിനാലു ശതമാനവും തുലാവര്‍ഷം അറുപത്തിനാലു ശതമാനവും ഇക്കുറി കുറവായിരുന്നു. കേരളം ഏറ്റവും വലിയ ജലക്ഷാമം നേരിടേണ്ടിവരികയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജലസംരക്ഷണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും അനിവാര്യതയെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മാത്രമല്ല, സമൂഹത്തിനാകെ ബോധവത്കരണം നടത്താന്‍ ഇത്തരം മത്സരങ്ങള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ മാറ്റം വരികയും പ്രകൃതിയുടെ നിലനില്‍പിന് ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് മനുഷ്യരെല്ലാം ഗൗരവമായി ചിന്തിക്കണമെന്നും പ്രകൃതി സംരക്ഷണത്തിനായി ഒറ്റക്കെട്ടായി എല്ലാവരും രംഗത്തിറങ്ങണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മ്യൂസിയം-ആര്‍ക്കിയോളജി-ആര്‍ക്കൈവ്‌സ്-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ചടങ്ങിനുശേഷം മ്യൂസിയം വളപ്പില്‍ മന്ത്രിമാര്‍ വൃക്ഷത്തൈകള്‍ നട്ടു. കേന്ദ്ര ഭൂജല ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, സംസ്ഥാന ഭൂജല വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, മ്യൂസിയം-മൃഗശാല ഡയറക്ടര്‍ കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.