മോനിഷയുടെ ക്യാമറയിലെ കല്യാണ കാഴ്ചകള്‍

0

ചിത്രകാരന്റെ മൂന്നാം കണ്ണാണ് ക്യാമറകള്‍. മറ്റുള്ളവര്‍ കാണാത്ത പല ദൃശ്യങ്ങളും ക്യാമറകള്‍ ഒപ്പിയെടുക്കും. ഒരോ ചിത്രങ്ങള്‍ക്കുമുണ്ടാകും നൂറ് നൂറ് കഥകള്‍. എന്നാല്‍ ചിത്രങ്ങള്‍ക്ക് മാത്രമല്ല, ചിത്രകാരിക്കുമുണ്ട് പറയാന്‍ ഒട്ടേറെ കഥകള്‍. വിവാഹ ഫോട്ടോഗ്രഫി രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായ മോനിഷ അജ്ഗാവോന്‍കര്‍ ദ ഫോട്ടോ ഡയറി എന്ന തന്റെ സ്ഥാപനത്തെക്കുറിച്ചും താന്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഇടയായതിനെക്കുറിച്ച് പറയുന്നു.

കോളജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് സ്വന്തമായി നോക്കിയ 6600 ക്യാമറ ഉണ്ടായിരുന്നു. ഇങ്ങനെയാണ് മോനിഷയുടെ കഥ തുടങ്ങുന്നത്. ഫോട്ടോകള്‍ എടുക്കാന്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അതിനാല്‍ ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ജെ ജെ കോളജില്‍ ചേര്‍ന്നു മോനിഷ പറയുന്നു. ദ ഫോട്ടോ ഡയറിയുടെ സ്ഥാപകയാണ് മോനിഷ. മുംബൈ ആസ്ഥാനമായാണ് മോനിഷ പ്രവര്‍ത്തിക്കുന്നത്. എല്ലാത്തരം ഫോട്ടോകളും മോനിഷ ക്യാമറയിലാക്കാറുണ്ട്.

ജെ ജെ കോളജില്‍ പാര്‍ട് ടൈം കോഴ്‌സിനാണ് ചേര്‍ന്നത് എന്നതിനാല്‍ തന്നെ ഫോട്ടോഗ്രഫിയെക്കുറിച്ച് അവിടെനിന്ന് കൂടുതലൊന്നും തനിക്ക് പഠിക്കാന്‍ സാധിച്ചില്ലെന്ന് മോനിഷ പറയുന്നു. സ്‌കൂളുകളും കോളജുകളുമാണ് പഠനത്തിനുള്ള ഏറ്റവും മികച്ച സ്ഥലം. എന്നാല്‍ അവിടങ്ങളില്‍നിന്നും പ്രാക്ടിക്കലായ പഠനങ്ങളൊന്നും ലഭിക്കുന്നില്ല. ഒരു ജോലിയോ ബിസിനസോ തുടങ്ങുമ്പോള്‍ മാത്രമാണ് ശരിക്കും നമുക്ക് അവയെക്കുറിച്ച് മനസിലാക്കാനാകുന്നത്.

തന്റെ ജോലിയില്‍നിന്ന് ഒരു ദിവസം കൊണ്ട്തന്നെ താന്‍ ഒട്ടേറെ കാര്യങ്ങളാണ് പഠിച്ചെടുത്തത്. ഫോട്ടോഗ്രഫി സാഹചര്യങ്ങളില്‍നിന്ന് വന്നുചേരുന്നതാണെന്നാണ് മോനിഷയുടെ പക്ഷം. ഡി ജെ റുപാരെല്‍ കോളജില്‍നിന്ന് സൈക്കോളജിയില്‍ ബിരുദത്തിന് ചേര്‍ന്നിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക കോഴ്‌സ് പഠിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് അപ്പോഴാണ് മോനിഷക്ക് മനസിലായത്. ഉടനെ തന്നെ കോഴ്‌സ് അവസാനിപ്പിച്ചു. അതിന്‌ശേഷം ഒരു വര്‍ഷം വീട്ടില്‍തന്നെ പല ആശയങ്ങളുമായി ചിലവഴിച്ചു. ജീവിതത്തില്‍ തനിക്ക് മുന്നേറാനാകുന്ന മേഖലകളെക്കുറിച്ചുള്ള പഠനമായിരുന്നു ആ നാളുകളില്‍. അതില്‍നിന്നാണ് ഫോട്ടോഗ്രഫി എന്ന ആശയം മോനിഷയിലെത്തിയത്.

പല വിഷയങ്ങളും മോനിഷയുടെ ഫോട്ടോകള്‍ക്ക് ആധാരമായി. ഫാഷന്‍ ഇവന്റുകളും സംഗീത സദസുകളുനെല്ലാം മോനിഷയുടെ ക്യാമറ ഒപ്പിയെടുത്തു. അങ്ങനെയിരിക്കെയാണ് തന്റെ സുഹൃത്തിന്റെ വിവാഹ ഫോട്ടോ എടുക്കാന്‍ പോയത്. അവിടെനിന്നാണ് കത്തോലിക് വിവാഹങ്ങള്‍ ഉള്‍പ്പെടുത്തി ദ ഫോട്ടോ ഡയറി എന്ന തന്റെ സ്ഥാപനം തുടങ്ങിയത്.

സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് സംഗീത സദസുകളിലെല്ലാം മോനിഷ തന്റെ ക്യാമറയുമായി പോകാറുണ്ട്. ഇവിടങ്ങളില്‍നിന്ന് നിരവധി പുതിയ ആര്‍ടിസ്റ്റുകളെ പരിചയപ്പെടുന്നതിനും അവര്‍ക്ക് സംഗീതത്തോടും ഫോട്ടോഗ്രഫിയോടുമുള്ള അഭിരുചികള്‍ മനസിലാക്കുന്നതിനുമെല്ലാം മോനിഷയെ സഹായിക്കുന്നുണ്ട്.

ഡെല്‍ഹിയിലെ ടെന്‍ ഹെഡ്‌സ് ഫെസ്റ്റിവലും അടുത്തിടെ മോനിഷ ഷൂട്ട് ചെയ്തിരുന്നു. ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ ഒരു സംഭവത്തോടൊപ്പം ഇഴുകി ചേര്‍ന്ന് ഫോട്ടോ എടുക്കണമെന്നാണ് മോനിഷ പറയുന്നത്. ഫോട്ടോഗ്രഫിക്കുള്ള ട്രെന്‍ഡുകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഓരോ ഫോട്ടകളിലൂടെയും താന്‍ പഠിക്കുകയാണ്.

ഉദാഹരണത്തിന് വിവാഹ ഫോട്ടോകള്‍ പകര്‍ത്തുന്ന സമയത്ത് ആ നിമിഷം അവരുടെ ജീവിതത്തില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് ചിന്തിക്കാറുണ്ട്. അതിനനുസരിച്ചുള്ള പ്രാധാന്യം ചിത്രങ്ങള്‍ക്കും നല്‍കും.

വസിര്‍ എന്ന ചിത്രത്തിനുവേണ്ടി അമിതാഭ് ബച്ചനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവവും മോനിഷ ഓര്‍ക്കുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു മഹാനൊപ്പം ഷൂട്ട് ചെയ്യാനായത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഒരു പ്രത്യേക മേഖലയിലെ പരിചയമാണ് ഓരോരുത്തരെയും അതത് മേഖലകളിലെ വിദഗ്ധരാക്കുന്നതെന്ന് അദ്ദേഹത്തില്‍നിന്ന് താന്‍ മനസിലാക്കി.

വിവാഹം, സംഗീതപരിപാടികള്‍, ഫാഷന്‍ ഷോകള്‍ എന്നിവയിലാണ് മോനിഷ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വിവിധ തലങ്ങള്‍, ഉദാഹരണത്തിന് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളും വിവാഹ ഫോട്ടോകളും വിവാഹ വീഡിയോകളുമെല്ലാം തയ്യാറാക്കുന്നുണ്ട്.

ദ ഫോട്ടോ ഡയറി കൂടുതല്‍ വിപുലീകരിക്കാനാണ് മോനിഷ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ അമേരിക്കയിലും ക്യാനഡയിലുമെല്ലാം തുടങ്ങാനും ഉദ്ദേശിക്കുന്നു.