ചെറുകിട കച്ചവടക്കാര്‍ക്ക് കരമനയുടെ ആദരം

 ചെറുകിട കച്ചവടക്കാര്‍ക്ക് കരമനയുടെ ആദരം

Saturday January 30, 2016,

1 min Read

നേതാക്കളും വിശിഷ്ട വ്യക്തികളും മാത്രമല്ല മുറുക്കാന്‍കടക്കാരും അലക്കുകാരും പൂക്കച്ചവടക്കാരും വഴിയോര വ്യാപാരികളും നാടിനുവേണ്ടി ചെയ്യുന്നത് സേവനമാണെന്ന് കരമന നിവാസികള്‍ സാക്ഷ്യപ്പെടുത്തി. അറുപതുവര്‍ഷമായി തങ്ങളുടെ ഭാഗമായി ജീവിക്കുന്ന ഈ ചെറുകിട കച്ചവടക്കാരെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ആദരിച്ചു.

image


സൂപ്പര്‍മാര്‍ക്കറ്റുകളും കൂറ്റന്‍ കച്ചവട സ്ഥാപനങ്ങളും വന്നെങ്കിലും മൂന്നു തലമുറകളായി പലചരക്കുകട നടത്തുന്ന കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണി എഴുപത്തേഴുകാരനായ കൃഷ്ണന്‍കുട്ടി ചെട്ടിയാരെ കരമനക്കാര്‍ മറന്നില്ല. അറുപതു വര്‍ഷമായി ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കൃഷ്ണന്‍കുട്ടിയെയും (75) അത്രയും പഴക്കമുള്ള സസ്യഭോജനശാലയുടെ ഉടമസ്ഥന്‍ അയ്യപ്പനെയുമെല്ലാം നാട്ടുകാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പണ്ടത്തേതുപോലെയുള്ള കച്ചവടം ഇപ്പോഴില്ലെങ്കിലും നാട്ടുകാര്‍ തന്നെ മറന്നിട്ടില്ലെന്നും ഇപ്പോഴും അവരാണ് തന്റെ വിശ്വസ്തരായ ഉപഭോക്താക്കളെന്നും കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ പറഞ്ഞു. തങ്ങള്‍ക്കുനല്‍കിയ സേവനത്തിന്റെ പേരില്‍ ഇതാദ്യമായിട്ടായിരിക്കും നാട്ടുകാര്‍ ചെറുകിട കച്ചവടക്കാരെ ആദരിക്കുന്നത്. ഇതിലൂടെ നാട്ടുകാരും വ്യാപാരികളും തമ്മിലുള്ള വര്‍ഷങ്ങളായുള്ള ബന്ധം ദൃഢപ്പെടുകയായിരുന്നു. ഘോഷയാത്രയായി ചെന്ന് ഓരോരുത്തരെയും അവരവരുടെ സ്ഥാപനങ്ങള്‍ക്കു മുന്നില്‍വച്ച് പൊന്നാടയണിയിച്ചാണ് ആദരിച്ചത്.

എത്ര വന്‍കിട സ്ഥാപനങ്ങള്‍ ചുറ്റിനും വന്നാലും സംവിധായകന്‍ ശ്യാമപ്രസാദ് ഉള്‍പ്പെടെ സ്ഥിരമായി തന്റെ ഭക്ഷണം കഴിക്കാനെത്തുന്ന നിരവധി പേരുണ്ടെന്ന് അയ്യപ്പന്‍ പറഞ്ഞു.

കരമന ജംഗ്ഷനില്‍നിന്നാരംഭിച്ച ഘോഷയാത്ര ആദരിച്ച നൂറോളം പേരുടെ കൂട്ടത്തില്‍ വഴിയോര കച്ചവടക്കാരും കടക്കാരും മാത്രമല്ല കരമന സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറും ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലുമെല്ലാമുണ്ടായിരുന്നു. കൗണ്‍സിലര്‍ അജിത്, സി.പി.എം നേതാവും മുന്‍ കൗണ്‍സിലറുമായ കരമന ഹരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എച്ച്. ഗണേശ് എന്നിങ്ങനെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പൊതുപ്രവര്‍ത്തകരും സമുദായ നേതാക്കളുമെല്ലാം ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

    Share on
    close