'പെണ്ണായി പിറന്നവരെ'ക്കാള്‍ ഞാന്‍ സന്തുഷ്ട: കല്‍ക്കി സുബ്രഹ്മണ്യന്‍

0

സ്വന്തം ലൈംഗികാസ്ഥിത്വം തിരിച്ചറിയാനാകാത്ത ആ കൗമാരകാലം.... അവിടെ നിന്ന് ഒരുപാട് ദൂരം മുന്നോട്ടുപോയിരിക്കുന്നു കല്‍ക്കി സുബ്രഹ്മണ്യന്‍. അഭിനേതാവ്, എഴുത്തുകാരി, ന്യൂനപക്ഷ ലൈംഗികാവകാശ പ്രവര്‍ത്തക, സംരംഭക... കല്‍ക്കി സുബ്രഹ്മണ്യന്‍ ഇന്ന് ഇതെല്ലാമാണ്. ആരാണെന്ന് കല്‍ക്കിയോട് തന്നെ ചോദിച്ചാല്‍ ഉത്തരം ഇതായിരിക്കും ഞാനൊരു സ്ത്രീയാണ്. ലിംഗസമത്വത്തിന് വേണ്ടിയും ന്യൂനപക്ഷങ്ങളുടെ ലൈംഗികാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നു അത് ഞാന്‍ അഭിമാനത്തോടെ പറയും. പുത്തന്‍തലമുറയില്‍ ജീവിക്കുന്ന പരിഷ്‌കൃതയായ ഒരു പെണ്‍കുട്ടിയാണെന്ന് തോന്നുമെങ്കിലും കല്‍ക്കി ഹൃദയം കൊണ്ട് ഒരു ഗ്രാമീണ പെണ്‍കൊടിയാണ്. കലാകാരിയാണ്. നല്ലൊരു സംരംഭകയാകാന്‍ കടുത്ത പോരാട്ടത്തിലുമാണ്. ഒരു മോശം പാചകക്കാരിയാണ്. പക്ഷെ നല്ല ഒരു കവയത്രിയും. ചില സമയങ്ങളില്‍ ക്ഷോഭിക്കുന്ന പെണ്‍കൊടിയാകും. മുടിയില്‍ തിരുകിയ കണ്ണട അന്വേഷിച്ച് ദേഷ്യംപിടിച്ച് നടക്കുന്ന പ്രകൃതം.

സ്വന്തം ലൈംഗിക അസ്ഥിത്വം തിരിച്ചറിയാനാകാതെ കുഴഞ്ഞുനടന്ന ഒരു 16 വയസുകാരനില്‍ നിന്ന് ഇന്ന് കല്‍ക്കി ഒരുപാട് ദൂരം മുന്നോട്ടുപോയിരിക്കുന്നു. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടങ്ങളിലെല്ലാം അവരുടെ കണ്ണുകളില്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പ്രകടമാണ്. 'താന്‍ ആരാണെന്ന തിരിച്ചറിവില്ലാതെ ആശയക്കുഴപ്പത്താല്‍ നടന്ന ഒരു കൗമാരക്കാരന് ഒരു അഭിനേത്രിയാകാന്‍ കഴിഞ്ഞെങ്കില്‍ ഈ ലോകത്ത് എന്തും സാധ്യമാണ്, നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ധൈര്യവും ഉണ്ടായാല്‍ മതി' കല്‍ക്കി പറയുന്നു. ഭിന്നലിംഗക്കാര്‍ എന്നാല്‍ നാണിച്ച് തലകുനിക്കേണ്ടവരല്ലെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുക എന്നതാണ് വലിയ വെല്ലുവിളി. ഈ സമൂഹത്തില്‍ ജീവിക്കുന്ന യാതൊരാളെയും പോലെ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്കും കഴിയും കല്‍ക്കി തുറന്നുപറയുന്നു. ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കുമ്പോഴും ഇവിടംവരെയെത്തിയത് അനവധി പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചിട്ടാണ്. ശാരീരികമായി ആണ്‍കുട്ടിയായും മാനസികമായി പെണ്‍കുട്ടിയായും കഴിയേണ്ടിവന്ന 16 വസ്സുകാരന്റെ മാനസികാവസ്ഥ, അതിനെ അതിജീവിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ജീവിതത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയായിരുന്നു ഇതെന്ന് കല്‍ക്കി പറയുന്നു.

അന്ന് സ്‌കൂളിലായിരുന്നു. സ്‌ത്രൈണ സ്വഭാവമുള്ള ഒരു ആണ്‍കുട്ടി. ലോകം തന്നെ കാണാന്‍ ആഗ്രഹിക്കുന്നതുപോലെ ഒത്തൊരു പുരുഷനായി മാറാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ആ കൗമാരക്കാരന് ഉണ്ടായി. ഭീതിജനകമായ നിമിഷത്തെയായിരുന്നു മറികടക്കേണ്ടിയിരുന്നത്. സത്യം അറിഞ്ഞാല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ആശങ്ക മുഴുവന്‍. പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും ചിന്തിച്ചു. എന്നാല്‍ അതിനായി ശ്രമിച്ചില്ല. ഒരു ദിവസം സര്‍വധൈര്യവും സംഭരിച്ച് ആ യാഥാര്‍ത്ഥ്യം രക്ഷിതാക്കളോട് വെളിപ്പെടുത്തുക തന്നെ ചെയ്തു. സത്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ആകെ തകര്‍ന്നു. തന്റെ ഭാവിയെപ്പറ്റിയായിരുന്നു അവരുടെ ആശങ്ക. അവര്‍ കരയുന്നത് വേദനയോടെ നോക്കിനിന്ന താന്‍ അവര്‍ക്ക് ഒരു സത്യം ചെയ്തു നല്‍കി. എന്നെ ഞാനായി ജീവിക്കാന്‍ അനുവദിച്ചാല്‍ ഒരു നാള്‍ അഭിമാനിക്കാന്‍ വകനല്‍കുമെന്നായിരുന്നു അത്. അത് ചെയ്യുകതന്നെ ചെയ്തു. ഏറെ കഷ്ടപ്പെട്ടാണെങ്കിലും ആ വാക്ക് ഞാന്‍ പാലിച്ചു കല്‍ക്കി വിവരിക്കുന്നു.

അവകാശപ്പെടാന്‍ നേട്ടങ്ങളുടെ നീണ്ടതന്നെയുണ്ട് കല്‍ക്കിക്ക്. ഒരു കലാകരനായ സുഹൃത്ത് സംഗീതോപകരണങ്ങള്‍ വില്‍ക്കുന്നതിന് സഹായം തേടി സമീപിച്ചപ്പോള്‍ കല്‍ക്കി സംരംഭകത്വപാതയിലേക്ക് ചുവടുവെച്ചു. സംഗീത ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വഴി വില്‍പ്പന ആരംഭിച്ചു. അങ്ങനെ 'കല്‍ക്കി ബ്രാന്‍ഡ്' ജനിച്ചു. അതില്‍ നിന്ന് സമ്പാദിക്കാന്‍ തുടങ്ങി. ലാഭവുമായി നില്‍ക്കുന്ന കൈകളിലേക്ക് നോക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയായിരുന്നു. ആ സംരംഭം ഇന്നും നന്നായി നടക്കുന്നു. അധികം വൈകാതെ മറ്റൊരു സംരംഭകത്വത്തിലേക്കും കല്‍ക്കി ചുവടുവെക്കുകയാണ്. പരിസ്ഥിതി സൗഹാര്‍ദവും രാസപദാര്‍ത്ഥങ്ങള്‍ ലവലേശമടങ്ങാത്തതുമായ ജൈവ സോപ്പുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണമാണത്.

കല്‍ക്കി ഇന്ന് ഇംഗ്ലീഷിലും തമിഴിലും എഴുതുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ലിംഗസമത്വത്തിന് വേണ്ടി എഴുതുകയാണ്. കവിതകളെ ഏറെ ഇഷ്ടപ്പെടുന്ന കല്‍ക്കിയുടെ ആദ്യ കവിതാ സമാഹാരം അടുത്തിടെ പുറത്തിറങ്ങി. 'കുറി അറുത്തേന്‍' എന്നാണ് പേര്. തന്നെ പോലുള്ള വനിതകളുടെ ജീവിത യാത്രയുടെ ശക്തമായ ആവിഷ്‌കരണങ്ങളാണ് ഇവയിലുള്ളതെന്ന് കല്‍ക്കി പറയുന്നു. ആദ്യ സാഹിത്യ സൃഷ്ടി ഒട്ടേറെ അനുമോദനങ്ങള്‍ നേടിത്തന്നു. ഒരു രചയിതാവ് എന്ന നിലയിലെ lന്നെ രൂപപ്പെടുത്തുകയും ചെയ്തുവെന്ന് കല്‍ക്കി പറയുന്നു. ഇപ്പോള്‍ ആദ്യ ഇംഗ്ലീഷ് പുസ്തകവും രണ്ടാമത്തെ തമിഴ് പുസ്തകവും പുറത്തിറക്കുന്നതിന്റെ തിരക്കിലാണ്.

രാജ്യത്തെ ഭിന്നലിംഗ സമൂഹം അടിസ്ഥാന ജീവിതോപാധികള്‍ക്കും അന്തസ്സിനും സാമൂഹ്യസ്വീകാര്യതക്കുമായുള്ള നിരന്തര പോരാട്ടത്തിലാണ്. ഞങ്ങളില്‍ പലരും കുടുംബങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവരാണ്. ശരിയായ വിദ്യാഭ്യാസമോ വീടോ ചികിത്സാ സൗകര്യങ്ങളോ മറ്റേതൊരുവിധ ജീവിത സുരക്ഷേകളോ ഉറപ്പുകളോ കൂടാതെ കഴിയേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ഭിന്നലിംഗക്കാരുടെ സമൂഹത്തിന് നിയമസപരമായ അംഗീകാരം നേടിയെടുക്കുന്നതിനാണ് തന്റെ പോരാട്ടം. സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവേചനങ്ങളൊന്നും കൂടാതെ പഠനാവകാശം സ്ഥാപിച്ചുകിട്ടുന്നതിനും ഇത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിയമബോധവല്‍ക്കരണത്തിനുമാണ് ശ്രമിക്കുന്നത്. ഭിന്നലിംഗ സമൂഹത്തിന്റെ നിയമ, സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സഹോദരി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇപ്പോള്‍ പ്രവര്‍ത്തനം. സമൂഹത്തില്‍ ഉറച്ചൊരുമാറ്റത്തിനായാണ് പരിശ്രമം.

2009ല്‍ ഭിന്നലിംഗക്കാര്‍ക്കായി ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് സ്ഥാപിച്ചു. 2011ല്‍ ഭിന്നലിംഗ സമൂഹത്തിന്റെ കഥപറയുന്ന 'നര്‍ത്തകി' എന്ന സിനിമയിലെ മുഖ്യവേഷം ചെയ്തു. ചലച്ചിത്ര നിരൂപകരില്‍ നിന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ഒട്ടേറെ പ്രശംസ ലഭിച്ചു. ഇതിനെല്ലാം സഹായമായത് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന കലവറയില്ലാത്ത പിന്തുണയാണ്. വിധിയെ പഴിപറഞ്ഞ് സ്വയം നിരാശയാകാതെ അര്‍പ്പണബോധവും ആത്മധൈര്യവും കൈമുതലാക്കി പോരാടാന്‍ ഇറങ്ങിയകിന്റേതാണീ നേട്ടങ്ങള്‍. ഉണര്‍ന്ന് സമൂലമായ മാറ്റത്തിന് പരിശ്രമിക്കണം. നിരാശ സമ്മാനിക്കുന്നത് പരാജയമല്ല, ഭീതിയാണ്. എന്നെ സംബന്ധിച്ചിടത്തോളം കുടുംബം നല്‍കുന്ന സ്‌നേഹവും പിന്തുണയുമാണ് ഏറ്റവും വലിയ ബലം. അതാണ് എന്നെ നിലനിര്‍ത്തുന്നത്. എന്റെ ജീവിതത്തിലെ പ്രധാനകാര്യം കല്‍ക്കി പറയുന്നു.

ആത്മവിശ്വാസം നല്‍കുന്ന പ്രധാനഘടകം പുസ്തകങ്ങളാണ്. വായനയിലൂടെ കിട്ടിയ അറിവാണ് തന്നെ രൂപപ്പെടുത്തിയത്. കല്‍ക്കിയുടെ കവിതയായ 'വിധിയെഴുതിനേന്‍' തിരിച്ചിറപ്പള്ളി ബിഷപ് ഹെബര്‍ കോളജിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ഇവയെല്ലാം തൊപ്പിയിലെ പൊന്‍തൂവലുകളെന്ന് നാം പറയുമ്പോള്‍ കല്‍ക്കി അത് തിരുത്തും. 'ഞാന്‍ അനുഗ്രഹീതയാണ്. ഞാനാകാന്‍ കഴിഞ്ഞതില്‍'.