സണ്ണി വര്‍ക്കി; വിദ്യാഭ്യാസ മേഖലക്കായി മാറ്റിവെച്ച ജീവിതം

0

മോശം വിദ്യാഭ്യാസത്തില്‍ നിന്നും വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥയില്‍ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് സണ്ണി വര്‍ക്കി തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതോടൊപ്പം അധ്യാപകവൃത്തിയുടെ നിലവാരം ഉയര്‍ത്താനും, നല്ല അദ്ധ്യാപകരെ അംഗീകരിക്കാനും, അദ്ധ്യാപക സമൂഹത്തെ പരിപാലിക്കാനും സണ്ണി വര്‍ക്കി തന്റെ ഇടപെടലിലൂടെ മുന്‍പന്തിയിലുണ്ട്.

കേരളത്തിലെ ഒരു നാട്ടിന്‍പുറത്ത് നിന്നും ലോകത്തിന്റെ വ്യവസായ ഭൂപടത്തിലേക്ക് 58 വയസ്സ് ഉള്ള സണ്ണി വര്‍ക്കി നടന്നു കയറിയത് ദൃഢനിശ്ചയം, കഠിന അധ്വാനം, ആഗോള വിദ്യാഭ്യാസ മേഖലയെ പറ്റിയുള്ള കൃത്യമായ അറിവ്, വിദ്യാഭ്യാസ രംഗത്തോടുള്ള തീക്ഷണമായ താല്പര്യം എന്നിവ കൊണ്ടാണ്. അദ്ധ്യാപകരായ മാതാപിതാക്കളുടെ മകനായ സണ്ണിക്ക് ഒരു വ്യവ്യസായ സാമ്രാജ്യം കെട്ടിപ്പടുക്കാനായത് ഈ ഗുണഗണങ്ങള്‍ ഉള്ളതു കൊണ്ടാണ്.

ദുബായി വളരുന്നു, വിദ്യാഭ്യാസ മേഖലയും

1959 ല്‍ ദുബായിലേക്ക് കുടിയേറിയ സണ്ണിയുടെ അച്ഛനും അമ്മയും വളരെ ചെറിയ രീതിയില്‍ അധ്യാപനം നടത്തി പോന്നു. രാജകുടുബത്തിലെ അംഗങ്ങളെ മുതല്‍ സാധാരണക്കാരായ അറബികളെ വരെ അവര്‍ ഇംഗ്ലീഷ് പഠിപ്പിച്ചു. ദുബായിയില്‍ എണ്ണ കണ്ടുപിടിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ആവശ്യക്കാര്‍ ഏറി. അവസരം മുതലാക്കാന്‍ സണ്ണിയുടെ മാതാപിതാക്കള്‍ 1968 ല്‍ 'ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍' സ്ഥാപിച്ചു. ആ സമയത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സണ്ണി ഉദ്യോഗസ്ഥനായും നിക്ഷേപകനായും യു എ ഇയില്‍ എത്തി.

പ്രവാസികളുടെ പ്രിയപ്പെട്ട സ്‌കൂള്‍

1980 ല്‍ കുടുംബ സ്‌കൂളിന്റെ നിയന്ത്രണം ഏറ്റെടുത്താണ് സണ്ണിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. ദുബായിയില്‍ പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍, അനുയോജ്യമായ സ്‌കൂള്‍ കണ്ടെത്തുന്നത് കീറാമുട്ടിയായി. ഗള്‍ഫ് മേഖലയില്‍ വിദ്യാഭ്യാസ വിപണിയുടെ അനന്തസാധ്യത മനസിലാക്കിയ സണ്ണി ഓരോ രാജ്യക്കാര്‍ക്കും, അവര്‍ക്ക് ഇണങ്ങിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്തി, സ്‌കൂളുകള്‍ ആരംഭിച്ചു.വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും, അവരുടെ രീതിയില്‍ ഉള്ള പാഠ്യക്രമവും പ്രവാസികളെ സണ്ണിയുടെ സ്‌കൂളിലേക്ക് ആകര്‍ഷിച്ചു. വിദേശ അദ്ധ്യാപകരെ നിയമിക്കാനും, ക്ലാസ്സ് റൂമില്‍ അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കാനും ഉള്ള സണ്ണിയുടെ നീക്കം ഫലം കണ്ടു.

ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും

ഉന്നത യോഗ്യതയുള്ള അദ്ധ്യാപകരുടെ ശൃംഖല, അന്താരാഷ്ട്ര നിലവാരം, ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ ജെംസ് സ്‌കൂളിനെ ആഗോള വിദ്യാഭ്യാസ രംഗത്തെ ഒരു വജ്രം ആക്കി മാറ്റി. ജനങ്ങളുടെ സാമ്പത്തിക ശ്രേണി അനുസരിച്ച് ഉള്ള സ്‌കൂളുകളാണ് ജെംസിന്റെ മുഖമുദ്ര. നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുവാനും എന്നാല്‍ ചെലവ് താങ്ങാനാവുന്ന തരത്തില്‍, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുസരിച്ച്, ജെംസ് ഇടത്തരം മുതല്‍ മുന്തിയ സ്‌കൂളുകള്‍ നടത്തുന്നു. 2000 ല്‍ ആഗോള തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സണ്ണി വര്‍ക്കി ഉപദേശകവിദ്യാഭ്യാസ മാനേജ്‌മെന്റ് സ്ഥാപനം ഗ്ലോബല്‍ ഏജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസിന് തുടക്കം കുറിച്ചു.

ഒന്നാമന്‍

അദ്ധ്യാപകരെ സ്‌നേഹിക്കുന്ന സണ്ണി വര്‍ക്കി ജെംസ് എന്ന് ബ്രാന്‍ഡിനെ സ്വകാര്യ രംഗത്ത് ലോകത്തിലെ ഏറ്റവും കൂടുതല്‍ നേഴ്‌സറി മുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ നടത്തുന്ന സ്ഥാപനമായി മാറ്റി. ഏകദേശം 1,42,000 വിദ്യാര്‍ഥികള്‍ ജെംസ്‌ന്റെ 15 രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന 132 സ്‌കൂളുകളില്‍ പഠിക്കുന്നു. യു എസ്, ചൈന, യു കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ജെംസിന് സാന്നിദ്ധ്യം ഉണ്ട്. 13,400 ജീവനക്കാര്‍, അധികവും അദ്ധ്യാപകര്‍, ആണ് ജെംസിന്റെ ശക്തി. ഫിലിപ്പിനെസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സംവിധാനങ്ങള്‍ എങ്ങനെ ഫലപ്രദമായി നടത്തണം എന്ന് ജെംസ് അവിടുത്തെ സര്‍ക്കാരുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു.

വര്‍ക്കിയുടെ അഭിപ്രായത്തില്‍ ഏകദേശം 69 മില്യണ്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സ്‌കൂള്‍ ഇല്ല, 250 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാനോ, എഴുതാനോ പറ്റില്ല. 400 മുതല്‍ 500 മില്യണ്‍ കുട്ടികള്‍ പഠിക്കുന്നത് പരീക്ഷകളില്‍ താണ നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ആണ്. ഈ പരിഭ്രമിപ്പിക്കുന്ന സാഹചര്യം മറികടക്കാന്‍ വേണ്ടി വര്‍ക്കി, നിരവധി ദേശീയ, അന്തര്‍ദേശീയ സംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത്തിനോട് ഒപ്പം പലതരത്തിലുള്ള സാമൂഹിക സേവന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

ഡിസംബര്‍ 2010 ല്‍ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വര്‍ക്കി ഫൌണ്ടേഷന്‍ സ്ഥാപിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍ടെന്‍ ചെയര്‍മാന്‍ ആയ ഫൌണ്ടേഷന്‍ ജെംസ് സ്‌കൂളില്‍ ചേരുന്ന ഓരോ കുട്ടിക്കും അനുപാതമായി നൂറില്‍ അധികം നിര്‍ദ്ധന കുട്ടികള്‍ക്ക് പഠിക്കാനും, നൂതന വിദ്യാഭ്യാസ പദ്ധതികളില്‍ ഭാഗമാകാനും, ആഗോള നിലവാരത്തിലുള്ള അദ്ധ്യാപക പരീശീലന പരിപാടികള്‍, വ്യക്തിത്വ വികസന പദ്ധതികളിലും അവസരം നല്‍കുന്നു.

ജെംസ് ഏജ്യുക്കേഷന്‍ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിന് വേണ്ടി ആവിഷ്‌ക്കരിച്ച ആഗോള സംരംഭമായ വേള്‍ഡ്‌സ് ലാര്‍ജെസ്റ്റ് ലെസ്സണുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ആഗോള പ്രശ്‌നങ്ങളായ കാലാവസ്ഥാ വ്യതിയാനം, ലിംഗ സമത്വം, സമാധാനം, നീതി തുടങ്ങിയവ ഒരു പരിധി വരെ തടയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2012 ല്‍, യുനെസ്‌കോ വിദ്യാഭ്യാസ പങ്കാളിത്തിന് സണ്ണി വര്‍ക്കിയെ ഗുഡ് വില്‍ അംബാസിഡര്‍ പദവി നല്‍കി ആദരിച്ചു. സണ്ണി വര്‍ക്കിയുടെ രണ്ടു മക്കള്‍ ഡിനോയും, ജയ്‌യും ജെംസിന്റെ തലപ്പത്ത് സജീവമാണ്.

'പലപ്പോഴും അദ്ധ്യാപകര്‍ക്ക് നല്ല ശമ്പളം ലഭിക്കാറില്ല, അവരെ മറ്റ് ഉദ്യോഗങ്ങളിലെ പോലെ ആദരിക്കാറില്ല. അദ്ധ്യാപകരെ അവഗണിക്കുന്ന പ്രവണത ആഗോള വിദ്യാഭ്യാസ സമ്പ്രദായത്തെ താറുമാറക്കി കൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരെ അവരുടെ ഉചിതമായ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണം, സമുചിതമായ ബഹുമതികള്‍ നല്‍കണം, അംഗീകരിക്കണം. സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ജോലിയായി അദ്ധ്യാപകവൃത്തി മാറണം,' സണ്ണി വര്‍ക്കി പറയുന്നു.